വന്‍ മരങ്ങളെല്ലാം പിഴുതു വീണു; തകര്‍ന്ന കെട്ടിടങ്ങളും വിജനമായ റോഡുകളും നിറയുന്ന ദൃശ്യങ്ങള്‍; ഏഴു ലക്ഷത്തില്‍ അധികം പേര്‍ക്ക് വൈദ്യതി ഇല്ലാ അവസ്ഥ; മില്‍ട്ടണ്‍ കര തൊട്ടത് ഫ്‌ളോറിഡയുടെ നെഞ്ചു പിളര്‍ന്ന്; എങ്ങും നടുക്കും കാഴ്ചകള്‍

Update: 2024-10-10 04:24 GMT

ന്യുയോര്‍ക്ക്: അമേരിക്കയെ ഭീതിയിലാഴ്ത്തിയ മില്‍ട്ടന്‍ ചുഴലിക്കാറ്റ് ഇന്നലെ കര തൊട്ടു. കാറ്റഗറി മൂന്ന് ചുഴലിക്കാറ്റായിട്ടാണ് മില്‍ട്ടന്‍ കര തൊട്ടത്. ഫ്ളോറിഡയുടെ പടിഞ്ഞാറന്‍ തീരദേശ മേഖലയിലാണ് കാറ്റ് ആഞ്ഞടിച്ചത്. ഇന്നലെ മാത്രം 125 ലധികം വീടുകളാണ് തകര്‍ന്ന് വീണത്. ജനങ്ങള്‍ വീടുകളില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് അധികൃതര്‍ നേരത്തേ തന്നനെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

28 അടിയോളം ഉയരത്തിലുള്ള തിരമാലകളാണ് കൊടുങ്കാറ്റിനെ തുടര്‍ന്ന് ആഞ്ഞടിച്ചത്. വന്‍ തോതില്‍ വെള്ളപ്പൊക്കം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലാണ് മില്‍ട്ടന്‍ ചുഴിക്കാറ്റ് വീശിയടിച്ചത്. വലറെ വലിയ ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് നേരത്തേ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വന്‍ മരങ്ങള്‍ പലതും വേരോടെ പിഴുതു വീണ കിടക്കുന്ന കാഴ്ചകളാണ് എങ്ങും കാണുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തകര്‍ന്ന കെട്ടിടങ്ങളുടേയും വിജനമായ റോഡുകളുടേയും ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.

ജലനിരപ്പ് 12 അടി വരെ ഉയരാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ വിശേഷിപ്പിച്ചത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് ഫ്ളോറിഡയില്‍ വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്. ഏഴ് ലക്ഷത്തി എഴുപതിനായിരത്തോളം പേരാണ് വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നത്. നേപ്പിള്‍സിലും വെള്ളപ്പൊക്കം വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഫ്ളോറിഡയിലേക്കുള്ള വിമാന സര്‍വ്വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്. ഫ്ളോറിഡയുടെ തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ കനത്ത കാറ്റും മഴയും തുടരുകയാണ്.

അമേരിക്കയിലെ സിയെസ്റ്റകി എന്ന നഗരത്തില്‍ കൊടുങ്കാറ്റ് കര തൊട്ടുവെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന വിവരം. ഇതോടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ അടയ്ക്കുകയും രണ്ടായിരത്തോളം വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. കൊടുങ്കാറ്റിനെ തുടര്‍ന്ന് വെളളപ്പൊക്കത്തിനും മിന്നല്‍പ്രളയത്തിനും സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ്.160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കര തൊട്ടത്. 205 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ട്. മില്‍ട്ടണെ നേരിടുന്നതിന്റെ ഭാഗമായി ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മില്‍ട്ടണ്‍ കാറ്റിന്റെ രൗദ്ര ഭാവങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം കഴിഞ്ഞ ദിവസം പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവച്ചതോടെ ലോകം ഏറെ ഭയത്തോടെയാണ് കാറ്റിനെ കാണുന്നത്.

2005ലെ റീത്ത എന്ന ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്‍ട്ടണ്‍ എന്നാണ് പ്രവചനം. ഫ്േളാറിഡയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശം വിതച്ച ഹെലീന്‍ കൊടുങ്കാറ്റിന് പിന്നാലെയാണ് മില്‍ട്ടണ്‍ എത്തിയത്. അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച ഹെലീന്‍ കൊടുങ്കാറ്റില്‍ നിരവധി പേരാണ് മരിച്ചത്. നോര്‍ത്ത് കരോലിനയില്‍ മാത്രം 73 പേരാണ് മരിച്ചത്.

Tags:    

Similar News