ദുബായിലേക്കുള്ള എമിരേറ്റ്‌സ് വിമാനത്തില്‍ ഈ രണ്ട് സാധനങ്ങള്‍ക്ക് കൂടി നിരോധനം; പേജറുകളോ വാക്കി ടോക്കികളോ യാത്രക്കാര്‍ കൊണ്ടു പോകരുത്; ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രയേല്‍ ആക്രമണ പ്രതിഫലനം വിമാന യാത്രയിലും

Update: 2024-10-11 03:07 GMT

ലണ്ടന്‍: ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് ഇസ്രയേല്‍ നല്‍കിയ പ്രഹരം ലോകത്തെ തന്നെ ഭീതിയിലാഴ്ത്തുന്നതാണ് എന്ന് അന്നേ പല നിരീക്ഷകരും പറഞ്ഞിരുന്നതാണ്. അതിന്റെ പ്രതിഫലനം കാണുവാന്‍ തുടങ്ങിയിരിക്കുന്നു. ദുബായുടെ എമിരേറ്റ്‌സ് എയര്‍ലൈന്‍സിലെ യാത്രക്കാര്‍ പേജറുകളോ വാക്കി- ടോക്കികളോ കൊണ്ടു പോകുന്നത് ഇപ്പോള്‍ തടഞ്ഞിരിക്കുകയാണ്. ലെബനനിലും സിറിയയിലും കഴിഞ്ഞമാസം ഉണ്ടായ സ്‌ഫോടന പരമ്പരകളാണ് ഇപ്പോള്‍ എമിരേറ്റ്‌സിനെ കൊണ്ട് ഇത്തരത്തിലൊരു നടപടിക്ക് പ്രേരിപ്പിച്ചത്. ദുബായില്‍ നിന്നുള്ളതും, ദുബായിലേക്കുള്ളതും അതുപോലെ ദുബായിയെ കണക്ട് ചെയ്യുന്നതുമായ വിമാനങ്ങളിലാണ് അത് നിരോധിച്ചിരിക്കുന്നത്.

ദുബായിലേക്കോ, ദുബായില്‍ നിന്നുള്ളതോ, ദുബായ് വഴി പോകുന്നതോ ആയ യാത്രക്കാര്‍, പേജര്‍, വാക്കി - ടോക്കി എന്നിവ ചെക്ക്ഡ് ഇന്‍ ബാഗേജിലോ ക്യാബില്‍ ബാഗേജിലോ കരുതുന്നത് നിരോധിച്ചിരിക്കുന്നു എന്നാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. അത്തരം വസ്തുക്കള്‍ യാത്രക്കാരുടെ ചെക്ക്ഡ് ഇന്‍ ലഗേജിലോ ക്യാബിന്‍ ലഗേജിലോ കണ്ടെത്തിയാല്‍ അത് ദുബായ് പോലീസ് പിടിച്ചെടുക്കുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.

നേരത്തെ, പേജര്‍ സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് പേജറുകളോ വാക്കി - ടോക്കികളോ ബെയ്‌റൂട്ടില്‍ നിന്നുള്ള വിമാനങ്ങളില്‍ കൊണ്ടു പോകുന്നത് ലെബനന്‍ നിരോധിച്ചിരുന്നു.

Tags:    

Similar News