ആന്റണി ബ്ലിങ്കന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് മുന്‍പ് ഹിസ്ബുള്ള ആക്രമണം; സിന്‍വാര്‍ കൊല്ലപ്പെട്ടതോടെ താല്‍ക്കാലിക വെടിനിര്‍ത്തലോ? ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം വെടിനിര്‍ത്തലാകാമെന്ന് ഇസ്രായേല്‍; പ്രതികരിക്കാതെ ഹമാസ്; ജോര്‍ദാനിലും ഖത്തറിലും ബ്ലിങ്കനെത്തും

ഗാസയില്‍നിന്ന് ലെബനനിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ച പശ്ചാത്തലത്തില്‍ ബ്ലിങ്കന്റെ വരവ്

Update: 2024-10-22 11:12 GMT

ടെല്‍ അവീവ്: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മുന്‍പ് ടെല്‍ അവീവും തുറമുഖ നഗരമായ ഹൈഫയും ആക്രമിച്ച് ഹിസ്ബുള്ള. ലെബനനിലെ ഹിസ്ബുള്ളയുടെ ധനകാര്യ സ്ഥാപനമായ അല്‍-ഖര്‍ദ് അല്‍-ഹസനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു മധ്യ ഇസ്രയേല്‍ ലക്ഷ്യമാക്കി ഹിസ്ബുള്ള ആക്രമണം നടത്തിയത്. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ജനസാന്ദ്രമായ ടെല്‍ അവീവില്‍ ആകമാനം മുന്‍കരുതല്‍ സൈറണുകള്‍ മുഴങ്ങിയിരുന്നു.

ടെല്‍ അവീവിന്റെ പ്രാന്തപ്രദേശത്തുള്ള മിലിട്ടറി ഇന്റലിജന്‍സ് യൂണിറ്റ് 8200ന്റെ ഗ്ലിലോട്ട് ബേസ് ലക്ഷ്യമിട്ടതായി ഹിസ്ബുള്ള അറിയിച്ചിരുന്നു. വടക്കന്‍ ഇസ്രയേലിലെ തീരദേശ നഗരമായ ഹൈഫയുടെ വടക്കുപടിഞ്ഞാറുള്ള സ്റ്റെല്ല മാരിസ് നാവിക താവളം ലക്ഷ്യമിട്ട് റോക്കറ്റുകള്‍ വിക്ഷേപിച്ചതായും ഹിസ്ബുള്ള അവകാശപ്പെട്ടു.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഗാസ ആക്രമണത്തിന് പിന്നാലെ, ബ്ലിങ്കന്‍ നടത്തുന്ന പതിനൊന്നാമത്തെ പശ്ചിമേഷ്യന്‍ സന്ദര്‍ശനമാണിത്. ഹമാസിന്റെ പ്രധാന നേതാവ് യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടതോടെ ഗാസയിലെയും ലെബനനിലെയും വെടിനിര്‍ത്തല്‍ സംബന്ധിച്ച് പുതിയ സാഹചര്യങ്ങള്‍ ഉടലെടുത്തുവെന്നായിരുന്നു അമേരിക്ക പ്രതികരിച്ചത്. അതിനുള്ള ശ്രമമായിട്ടാണ് ബ്ലിങ്കന്റെ ഇസ്രയേല്‍ സന്ദര്‍ശനവും. ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തിന്റെ തീവ്രത കുറക്കുകയെന്ന ലക്ഷ്യവും അദ്ദേഹത്തിന്റെ യാത്രക്കുണ്ട്. ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിന്റെ മരണത്തിന് ശേഷമാണ് വീണ്ടും ചര്‍ച്ചകള്‍ക്കായി ബിങ്കന്‍ വരുന്നത്.

ഒരുവര്‍ഷം പിന്നിടുന്ന ഇസ്രയേലി ആക്രമണങ്ങള്‍ക്ക് തടയിടാന്‍ ഇതുവരെയുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കൊന്നും ആയിട്ടില്ല. ഒപ്പം ഗാസയില്‍നിന്ന് ലെബനനിലേക്കും ഇസ്രയേല്‍ വലിയതോതില്‍ ആക്രമണം വ്യാപിപ്പിച്ച പശ്ചാത്തലത്തിലാണ് ബ്ലിങ്കന്റെ വരവ്. ചൊവ്വാഴ്ച ഇസ്രയേലിലെത്തിയ ബ്ലിങ്കന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്.

ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിനുള്ള ഇസ്രയേല്‍ തിരിച്ചടിയെ സംബന്ധിച്ചും ചര്‍ച്ചകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ജോര്‍ദാനിലും ഖത്തറിലും ബ്ലിങ്കനെത്തും.

ഇസ്രയേലിന്റെ തിരിച്ചടി എണ്ണ വിപണിയെ തടസ്സപ്പെടുത്തുമെന്നും ബദ്ധശത്രുക്കള്‍ക്കിടയില്‍ പൂര്‍ണമായ യുദ്ധത്തിന് കാരണമാകുമെന്ന ആശങ്ക സജീവമാണ്. കൂടാതെ, തങ്ങളുടെ ആണവോര്‍ജ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്ന ഇസ്രയേല്‍ ഭീഷണിയെക്കുറിച്ച് യുഎന്‍ ആണവ നിരീക്ഷണ സംഘത്തിന് പരാതിയും നല്‍കിയിരുന്നു.

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 12 ലക്ഷം പേര്‍ ഇതുവരെ പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ നാലിലൊന്ന് പ്രദേശങ്ങളിലും ഇസ്രയേല്‍ ഒഴിഞ്ഞുപോകാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

അതേ സമയം മധ്യസ്ഥര്‍ക്ക് മുമ്പാകെ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ അവതരിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസ്സയില്‍നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കാത്ത രീതിയിലുള്ള നിര്‍ദേശമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി താല്‍ക്കാലികമായി വെടിനിര്‍ത്തലാകാമെന്നാണ് ഇസ്രായേല്‍ നിര്‍ദേശം.

പുതിയ നിര്‍ദേശം ഈജിപ്തുമായി ചര്‍ച്ച ചെയ്യാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആഭ്യന്തര സുരക്ഷാ സംവിധാനമായ ഷിന്‍ബെതിന്റെ തലവന്‍ റൊനേന്‍ ബാറിനെ കെയ്‌റോയിലേക്ക് അയച്ചതായാണ് വിവരം. നിര്‍ദേശങ്ങള്‍ അദ്ദേഹം ഈജിപ്ത് ജനറല്‍ ഇന്റലിജന്‍സ് സര്‍വീസ് തവലന്‍ ഹസ്സന്‍ മഹ്‌മൂദുമായി പങ്കുവെച്ചതായാണ് വിവരം. എന്നാല്‍ ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് ഈജിപ്‌തോ ഹമാസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈജിപ്ത്, ഖത്തര്‍, യുഎസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നേരത്തേ പരാജയപ്പെടുകയായിരുന്നു.

2023 ഒക്ടോബര്‍ ഏഴിന് ശേഷം ഇതുവരെ 11 തവണയാണ് ആന്റണി ബ്ലിങ്കന്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചിട്ടുള്ളത്. ബ്ലിങ്കനെ കൂടാതെ ലെബനാനിലെ അമേരിക്കയുടെ പ്രത്യേക ദൂതന്‍ അമോസ് ഹോഷ്സ്റ്റീന്‍ ബെയ്‌റൂട്ടിലെത്തിയിട്ടുണ്ട്. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നയിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായുള്ള ഇസ്രായേലിന്റെ ആവശ്യങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച അമേരിക്കക്ക് കൈമാറിയിരുന്നു.

2006ലെ രണ്ടാം ലെബനാന്‍ യുദ്ധം അവസാനിപ്പിച്ച യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ 1701 പ്രമേയത്തിലുള്ളതിനേക്കാള്‍ കാര്‍ക്കശ്യമായ നിബന്ധനകളാണ് പുതിയ റിപ്പോര്‍ട്ടില്‍ ഇസ്രായേല്‍ വെച്ചിട്ടുള്ളത്. ലെബനാനില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിലനിര്‍ത്തുക, ഹിസ്ബുല്ലയുടെ ആയുധക്കടത്ത് തടയുക എന്നീ ആവശ്യങ്ങളും ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News