വലന്‍സിയയിലെ അണ്ടര്‍ഗ്രൗണ്ട് കാര്‍ പാര്‍ക്കിംഗിലെത്തിയ രക്ഷാസൈന്യം കണ്ടത് ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍; വെള്ളമെടുത്ത ആയിരക്കണക്കിന് കാറുകള്‍ക്കിടയില്‍ മനുഷ്യ ജഢങ്ങള്‍; സ്പെയിനിനെ ഭയപ്പെടുത്തുന്ന രൂപത്തില്‍ മരണസംഖ്യ ആയിരം കടന്നേക്കാം
ഓരോ ദിവസം കഴിയുന്തോറും സ്പെയിനിലെ വെള്ളപ്പൊക്കം എത്രമാത്രം ഭീകര ദുരന്തമായിരുന്നു എന്നത് കൂടുതല്‍ കൂടുതല്‍ വെളിപ്പെടുകയാണ്. വലെന്‍സിയയിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററിന്റെ അണ്ടര്‍ഗ്രൗണ്ട് കാര്‍ പാര്‍ക്കിംഗില്‍ വെള്ളത്തില്‍ മുങ്ങിയ ആയിരക്കണക്കിന് കാറുകളാണ് കണ്ടെത്തിയത്.
ഏറ്റവും ഞെട്ടിക്കുന്നത്, കാറുകള്‍ക്കിടയില്‍ മനുഷ്യ ജഢങ്ങളും കണ്ടെത്തിയതാണ്. ഇവിടെ തിരച്ചില്‍ തുടരുന്നതിനിടയില്‍ ഇത് മരണം പൂണ്ടുവിളയാടിയ ഒരു ശവപ്പറമ്പായേക്കാം എന്ന ഭയവും ശക്തമാവുകയാണ്. രണ്ടായിരത്തില്‍ അധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല എന്ന വസ്തുത ഭയം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
പ്രത്യേക പരിശീലനം നേടിയ സ്‌കൂബ ഡൈവര്‍മാരാണ് ഇപ്പോള്‍ ഇവിടെ തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വലെന്‍സിയ നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററായ ബൊണെയര്‍ ഷോപ്പിംഗ് സെന്ററിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. നൂറു കണക്കിന് കാറുകള്‍ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയതോടെയാണ് ഇവിടെ തിരച്ചില്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.
ബോട്ടുകളൂം, റോബോട്ടുകളും ഒക്കെ തിരച്ചിലില്‍ ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഭൂഗര്‍ഭത്തിലുള്ള കാര്‍ പാര്‍ക്കിംഗില്‍ നിന്നും വെള്ളം പമ്പ് ചെയ്തുകളയുന്ന പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളില്‍ പറയുന്ന മരണ സംഖ്യ തീര്‍ത്തും തെറ്റായ ഒന്നാണെന്നാണ് ഒരു രക്ഷാ പ്രവര്‍ത്തകന്‍ പറഞ്ഞത്. ഔദ്യോഗിക കണക്കിലും വളരെ കൂടുതലായിരിക്കും യഥാര്‍ത്ഥ കണക്ക് എന്നാണ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിനിടയില്‍ സ്പെയിനിന്റെ മറ്റു ഭാഗങ്ങളിലേക്കും വെള്ളപ്പൊക്കം പടരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അലികാന്റയില്‍ വെള്ളത്തില്‍ മുങ്ങിയ തെരുവുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കിഴക്കന്‍ സ്പെയിന്‍ ഏതാണ്ട് തകര്‍ന്ന നിലയിലാണ്. അതിനിടെ പ്രളയബാധിത സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ സ്പാനിഷ് രാജാവിനെയും രാജ്ഞിയെയും ക്രൂദ്ധരായ ജനക്കൂട്ടം ചെളി വാരിയെറിഞ്ഞു. കൊലപാതകികള്‍ എന്നലറിക്കൊണ്ടായിരുന്നു ജനക്കൂട്ടം രാജാവിനെയും രാജ്ഞിയെയും അവഹേളിച്ചത്.