കാര്‍ഗോ ഷിപ്പില്‍ നിന്ന് കാല്‍ വഴുതി വീണയാളെ മീന്‍പിടിക്കാന്‍ എത്തിയവര്‍ രക്ഷിച്ചത് 19 മണിക്കൂറിനു ശേഷം; ഒരു രാവും പകലും കടലില്‍ നീന്തി നടന്ന് 20-കാരന്‍ അവിശ്വസനീയമായി ജീവിതത്തിലേക്ക് മടങ്ങുമ്പോള്‍

Update: 2024-11-10 07:25 GMT

മെല്‍ബണ്‍: ചരക്ക് കപ്പലില്‍ നിന്ന് കടലില്‍ വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടത് 19 മണിക്കൂറിന് ശേഷം. ഒരു രാത്രിയും പകലും കടലില്‍ നീന്തിയ 20 കാരന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് അവിശ്വസനീയമായ രീതിയിലാണ്. ഓസ്ട്രലിയന്‍ തീരത്ത് നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്. ഡബിള്‍ ഡിലൈറ്റ് എന്ന കപ്പലിലെ ജീവനക്കാരനായിരുന്ന യുവാവ് കഴിഞ്ഞ വ്യാഴാഴ്ചയാണ് കടലില്‍ വീണത്. രാത്രി പതിന്നൊരയോടെയാണ് സംഭവം നടന്നത്. അന്ന് രാത്രിയും പിറ്റേന്ന് പകലും നീന്തി നടക്കുകയായിരുന്നു ഇയാള്‍. വെള്ളിയാഴ്ച ഉച്ചയോടെ മീന്‍പിടിക്കാനിറങ്ങിയ രണ്ടേ് പേരാണ് ഇയാളെ കണ്ടത്.

തുടര്‍ന്ന് മീന്‍പിടുത്തക്കാര്‍ അവരുടെ ചെറുബോട്ടിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു. അപ്പോഴെക്കും യുവാവ് ജോലി ചെയ്തിരുന്ന കപ്പല്‍ ഏറെ ദൂരം പിന്നിട്ടിരുന്നു. രക്ഷപ്പെടുത്തിയവരില്‍ ഒരാള്‍ ഡോക്ടര്‍ ആയിരുന്നത് കൊണ്ട് തന്നെ യുവാവിന് പ്രാഥമിക ശുശ്രൂഷ നല്‍കാനും കഴിഞ്ഞു. നാവികന്റെ നാഡി മിടിപ്പ് വളരെ കുറവായിരുന്നു എന്നും ശരീരം വല്ലാതെ തണുത്തിരുന്നതായും രക്ഷപ്പെടുത്തിയ ബോട്ടില്‍ ഉണ്ടായിരുന്ന ഡോക്ടറായ വലയര്‍ വ്യക്തമാക്കി.

പിന്നീട് ബ്ലാക്ക് സ്മിത്ത് ബീച്ചിലേക്ക് എത്തിച്ച യുവാവിന് അടിയന്തര വൈദ്യ സഹായം നല്‍കുകയും ചെയ്തു. യുവാവിന്റെ കൈവശം ഐ.ഡി കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നതായി തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അധികൃതര്‍ വ്യക്തമാക്കി. രക്ഷപ്പെട്ട യുവാവ് വിയറ്റ്നാം പൗരനാണ്. ഇയാള്‍ അബദ്ധവശാല്‍ വെള്ളത്തില്‍ വീണു പോയതാണോ അതോ മനപൂര്‍വം കടലില്‍ ചാടിയതാണോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

കപ്പലില്‍ നിന്ന് ഒരാളെ കാണാതായതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയിരുന്നു. യുവാവിന് പ്രായം കുറവായത് കൊണ്ടാണ് കടല്‍ വെള്ളത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞതെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളത്തില്‍ വീഴുന്ന സമയത്ത് യുവാവ് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതും ഇക്കാര്യത്തില്‍ സഹായകരമായി മാറി. ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ശനിയാഴ്ച ആശുപത്രി വിട്ടു.

Similar News