സാധു സ്ത്രീയുടെ ഏഴു മാസത്തെ വിധവാ പെന്‍ഷന്‍ സഹകരണ ബാങ്ക് ജീവനക്കാരനായ സിപിഎം ലോക്കല്‍ സെക്രട്ടറി അടിച്ചു മാറ്റി; പരാതി പഞ്ചായത്തിലെത്തിയപ്പോള്‍ പണം വീട്ടിലെത്തിച്ചു നല്‍കി കാലു പിടുത്തം; പരാതിക്കാരി പുനര്‍വിവാഹിതയാണെന്ന പ്രചാരണവുമായി ബാങ്ക് അധികൃതരും
അടൂര്‍: സാധു സ്ത്രീയുടെ ഏഴു മാസത്തെ വിധവാ പെന്‍ഷന്‍ സഹകരണ ബാങ്ക് ജീവനക്കാരനായ സിപിഎം ലോക്കല്‍ സെക്രട്ടറി അടിച്ചു മാറ്റി. പെന്‍ഷന്‍ മസ്റ്ററിങിന് ചെന്നപ്പോള്‍ തന്റെ പേരില്‍ ഏഴു മാസമായി പെന്‍ഷന്‍ കൈപ്പറ്റിയിട്ടുണ്ട് എന്ന് മനസിലാക്കിയ വീട്ടമ്മ പഞ്ചായത്തില്‍ പരാതിയുമായെത്തി. നമ്പരിട്ട് പരാതി ഫയലില്‍ സ്വീകരിച്ചതോടെ ഇന്നു രാവിലെ പണം പരാതിക്കാരിയുടെ വീട്ടിലെത്തി കൈമാറി.
സിപിഎം ഭരിക്കുന്ന കടമ്പനാട് പഞ്ചായത്തിലാണ് സംഭവം. 12-ം വാര്‍ഡില്‍ തുവയൂര്‍ തെക്ക് പറങ്കിമാംവിള വീട്ടില്‍ കെ. ചന്ദ്രികയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് തന്റെ പെന്‍ഷന്‍ മറ്റാരോ തട്ടിയെടുത്തുവെന്ന് കാട്ടി കഴിഞ്ഞ 11 ന് പരാതി നല്‍കിയത്. വിധവ പെന്‍ഷന് മസ്റ്ററിങ് നടത്തുന്നതിന് വേണ്ടി പഞ്ചായത്തില്‍ എത്തിയപ്പോള്‍ തന്റെ ഐഡി വഴി അക്കൗണ്ടില്‍ പെന്‍ഷന്‍ പണം വരികയും കഴിഞ്ഞ ഏഴു മാസത്തെ തുക കൈപ്പറ്റിയിട്ടുള്ളതായി അറിഞ്ഞുവെന്നും താന്‍ നേരിട്ടോ അല്ലാതെയോ കഴിഞ്ഞ ഏഴു മാസമായി പെന്‍ഷന്‍ പണം കൈപ്പറ്റിയിട്ടില്ലെന്നുമായിരുന്നു ചന്ദ്രികയുടെ പരാതി.
കടമ്പനാട് സര്‍വീസ് സഹകരണ ബാങ്ക് മുഖേനെയാണ് ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കിയിരുന്നത്. സിപിഎം ലോക്കല്‍ സെക്രട്ടറിയായ രഞ്ജുവാണ് പെന്‍ഷന്‍ വിതരണം ചെയ്തത്. പരാതി പഞ്ചായത്തില്‍ സ്വീകരിച്ച് തുടര്‍ നടപടി ആരംഭിച്ചതോടെ രഞ്ജു ഇന്ന് രാവിലെ ചന്ദ്രികയുടെ വീട്ടിലെത്തി പണം കൈമാറി. തന്നെ സഹായിക്കണമെന്ന് ചന്ദ്രികയോട് പറഞ്ഞതായും അറിയുന്നു.
വിധവയായ സാധുവിന്റെ പെന്‍ഷന്‍ പണം തട്ടിയെടുത്ത ബാങ്ക് ജീവനക്കാരനെതിരേ തുടര്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തു വന്നു. വെള്ളിയാഴ്ച ബാങ്കിന് മുന്നില്‍ സമരപരിപാടി ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ചന്ദ്രിക എന്ന ആളെ തനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണത്രേ രഞ്ജുവിന്റെ് ഭാഷ്യം. ചന്ദ്രികയും രഞ്ജുവും ഒരേ വാര്‍ഡിലാണ് താമസം. ചന്ദ്രികയെ അറിയില്ലെങ്കില്‍ വാര്‍ഡ് മെമ്പറോട് ചോദിച്ച് മനസിലാക്കാന്‍ കഴിയുമായിരുന്നു.
ഇതോടെ രഞ്ജുവിന്റെ ന്യായീകരണം പൊളിയുകയാണ്. ബാങ്ക് അധികൃതര്‍ മറ്റൊരു പ്രചാരണമാണ് നടത്തുന്നത്. ചന്ദ്രിക പുനര്‍വിവാഹിതയാണെന്നാണത്രേ ഇവരുടെ പ്രചരണം. അങ്ങനെയാണെങ്കില്‍ പോലും അവരുടെ പെന്‍ഷന്‍ ഒപ്പിട്ട് കൈപ്പറ്റാന്‍ ജീവനക്കാരന് ആരാണ് അധികാരം കൊടുത്തതെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ചോദിക്കുന്നു.