ഓണാഘോഷ രാത്രിയില്‍ കാസര്‍കോട് ബൈക്കില്‍ കാണാന്‍ പോയ സുഹൃത്തുക്കള്‍; മഴയില്‍ കുറച്ചു നേരം ഒതുങ്ങിയപ്പോള്‍ തിരികെ എത്താന്‍ വൈകി; ഇതര മതസ്ഥരുടെ യാത്രയില്‍ 'വര്‍ഗ്ഗീയം' കണ്ട കാട്ടാളന്മാര്‍; ആര്‍ക്കും പരാതിയില്ലാഞ്ഞിട്ടും ലക്ഷദ്വീപുകാരനെ പ്രതിയാക്കിയ പോലീസ്; ഒടുവില്‍ നിതി പീഠം കനിഞ്ഞു; ഇത് കാസര്‍കോട്ടെ അസാധാരണ കേസ്
കാസര്‍കോട്: 'ഒരു വ്യക്തിയെ എവിടേക്കെങ്കിലും കൊണ്ടുപോകുന്നത് ഒരു കുറ്റകൃത്യമല്ല. അത് ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയാണ് ചെയ്തതെങ്കില്‍ മാത്രമേ അത് കുറ്റകരമാകൂ. ഈ കേസില്‍, ഇരുവരും പുറത്തുപോയപ്പോള്‍ മറ്റൊരു കുറ്റവും ചെയ്തിട്ടില്ല'- പൊലീസ് സ്വമേധയ രജിസ്റ്റര്‍ ചെയ്ത 17 കാരിയെ തട്ടിക്കൊണ്ട് പോയെന്ന കേസില്‍ ലക്ഷ്വദീപ് സ്വദേശിയായ 23 കാരന് കാസര്‍കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു നടത്തിയ വാക്കാല്‍ നിരീക്ഷണമാണ് ഇത്. കള്ളകേസുകള്‍ക്കെതിരായ താക്കീത്. കാസര്‍കോട്ടെ ഈ കേസ് പൊതു സമൂഹത്തില്‍ ചര്‍ച്ചയാവുകയാണ്. ബാഹ്യ ഇടപെടലുകളില്‍ പോലീസ് പെടുന്നതിന് നേര്‍സാക്ഷ്യം.
സെപ്റ്റംബര്‍ 13ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍കോട്ടെ ഒരു പ്രമുഖ ആശുപത്രിയില്‍ സര്‍ജറി വിഭാഗത്തില്‍ ജോലി ചെയ്യുന്ന യുവാവും, ഇതേ ആശുപത്രിയില്‍ നഴ്‌സിങ് കോളജില്‍ അഡ്മിഷന്‍ ലഭിച്ചതിന് ശേഷം നഴ്‌സിങിനെ കുറിച്ച് പഠിക്കാന്‍ രണ്ട് മാസം ട്രെയിനിയായി നിന്ന 17 കാരിയും ബൈകില്‍ രാത്രി കറങ്ങിയതിന്റെ പേരിലാണ് കാസര്‍കോട് വനിതാ പൊലീസ് സ്വമേധയാ കേസെടുത്തത്. ഇതേ ദിവസം ആശുപത്രിയില്‍ ഓണാഘോഷം നടന്നിരുന്നു. അന്ന് രാത്രിയോടെ എല്ലാവരും പിരിഞ്ഞുപോയ ശേഷം രാത്രി ഡ്യൂട്ടിയുള്ളവര്‍ മാത്രം ഉള്ള സമയത്താണ് ജീവനക്കാരുടെയെല്ലാം മുന്നില്‍ വെച്ച് പെണ്‍കുട്ടി യുവാവിനോട് തനിക്ക് ബൈകില്‍ കാസര്‍കോട് നഗരം ചുറ്റിക്കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് രാത്രി 12.45 മണിയോടെ ആശുപത്രിയില്‍ നിന്നും യുവാവും പെണ്‍കുട്ടിയും ബൈകില്‍ നഗരം കാണാന്‍ പുറപ്പെട്ടു. ഇടയ്ക്ക് മഴ വന്നതിനാല്‍ ഇവര്‍ കടവരാന്തയില്‍ കയറി നിന്നിരുന്നു. മഴ നിന്ന് രണ്ട് മണിക്കൂറിന് ശേഷം പുലര്‍ച്ചെ 2.45 മണിയോടെയാണ് ഇവര്‍ ആശുപത്രിയില്‍ തിരിച്ചെത്തിയത്. വൈകി വന്നതിന്റെ പേരില്‍ ഇരുവരെയും ബന്ധപ്പെട്ടവര്‍ ശാസിച്ചിരുന്നു. എന്നാല്‍ ഇവര്‍ കാര്യങ്ങള്‍ വിശദീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ അവിടെ പറഞ്ഞുതീര്‍ത്തിരുന്നു.
എന്നാല്‍ പിന്നീട് ഈ വിഷയം ആളികത്തി. ചില സംഘടനയുടെ ആളുകള്‍ ഇടപെട്ടു. അവര്‍ യുവാവിനെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടിയിലും അമ്മയിലും ആശുപത്രി ഉടമയിലും ശക്തമായ സമ്മര്‍ദം ചെലുത്തുകയുമായിരുന്നു. എന്നാല്‍ പരാതി നല്‍കാന്‍ പെണ്‍കുട്ടിയോ അമ്മയോ വഴങ്ങിയില്ല. സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് ആശുപത്രി ഉടമ പൊലീസിനോട് ഇതുമായി ബന്ധപ്പെട്ട് രഹസ്യമായി അന്വേഷണം നടത്തി കാര്യങ്ങളുടെ സത്യാവസ്ഥ അറിയണമെന്നും യുവാവും പെണ്‍കുട്ടിയും അന്യമതത്തില്‍ പെട്ടവരായതിനാല്‍ വര്‍ഗീയപരമായ രീതിയിലേക്ക് കാര്യങ്ങള്‍ എത്താനിടയുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു. പിന്നാലെ മണിക്കൂറുകള്‍ക്കകം ബിഎന്‍എസ് സെക്ഷന്‍ 137 (2) പ്രകാരം തട്ടിക്കൊണ്ടലിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അമ്മയും മകളും പരാതിയില്ലെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയും നടത്തി. എന്നാല്‍ പരിശോധനയിലും സംശയങ്ങളൊന്നും തെളിഞ്ഞില്ല.
പരാതി നല്‍കാന്‍ പെണ്‍കുട്ടിയോ അമ്മയോ തയ്യാറാകാത്തതിനാലാണ് പൊലീസ് സെപ്റ്റംബര്‍ 20ന് സ്വമേധയാ കേസെടുത്തത്. പെണ്‍കുട്ടിയുടെ അമ്മയില്‍ നിന്നും പലതവണ പൊലീസ് മൊഴിയെടുത്തുവെങ്കിലും അവര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകാന്‍ ഒരു മാസം ബാക്കിയിരിക്കെയാണ് കേസുണ്ടായത്. ഇതോടെ യുവാവ് അഡ്വ. സാജിദ് കമ്മാടം വഴി കാസര്‍കോട് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. നവംബര്‍ 27ന് കേസ് പരിഗണിച്ചപ്പോള്‍ യുവാവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍, ഇരുവരും വ്യത്യസ്ത മതത്തില്‍ പെട്ടവരായതിനാല്‍ ജില്ലയില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാകുമെന്ന് പ്രോസിക്യൂഷന്‍ നിലപാട് എടുത്തിരുന്നു. എന്നാല്‍ കേസിലൊരു വ്യക്തതയില്ലെന്ന സൂചനകള്‍ കോടതി നല്‍കി. വിശദമായ വാദം കേള്‍ക്കുന്നതിനായി മാറ്റിവെച്ചു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സാമുദായിക സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വാദം പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചെങ്കിലും അമ്മയും മകളും പരാതിയില്ലെന്നു പറഞ്ഞതിനാല്‍ ജാമ്യത്തെ എതിര്‍ത്തില്ല.
ഇതിനിടയില്‍ പ്രതിഭാഗം അഭിഭാഷകന്‍ സംഭവത്തില്‍ നിജസ്ഥിതി വ്യക്തമാക്കുന്നതിനായി പെണ്‍കുട്ടിയെയും മാതാവിനെയും അന്ന് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സിനെയും കോടതിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അവരുടെ ഭാഗങ്ങള്‍ കേള്‍ക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി കോടതി യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി യുവാവിനെ രണ്ട് ദിവസങ്ങളിലായി ഓരോ മണിക്കൂര്‍ മാത്രം ചോദ്യം ചെയ്താല്‍ മതിയെന്നും അത് വൈകീട്ട് അഞ്ച് മണിക്കും ആറ് മണിക്കും ഇടയിലായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പൊലീസിന് മാത്രം പരാതിയുള്ള കേസില്‍ കോടതിയുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലാണ് ഉണ്ടായത്. കേസിന്റെ തുടര്‍ നടപടികള്‍ മുന്നോട്ട് പോകുന്നതിനിടെ പെണ്‍കുട്ടി നഴ്‌സിങ് കോളജില്‍ അഡ്മിഷന്‍ ലഭിച്ച് പഠനം തുടങ്ങിയിട്ടുണ്ട്. കോടതി വിധിയോടെ, പൊലീസ് ഇനി യുവാവിനെ ബുദ്ധിമുട്ടിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. തന്നെയും പല തവണ സ്റ്റേഷനില്‍ വിളിപ്പിച്ചിട്ടുണ്ടെന്നും ഇനി അവര്‍ തങ്ങളെ സമാധാനത്തോടെ വിടുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുവാവ് എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈകോടതിയെ സമീപിക്കും.
