മാന്‍ഹാട്ടന്‍ ഹോട്ടലിലേക്ക് നടന്നു പോകുമ്പോള്‍ മുഖംമൂടി അണിഞ്ഞയാള്‍ പിറകില്‍ നിന്ന് സൈലന്‍സര്‍ ഘടിപ്പിച്ച തോക്കില്‍ നിന്ന് വെടിയുതിര്‍ത്തു അമേരിക്കയിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ കമ്പനി ഉടമ വെടിയേറ്റ് മരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Update: 2024-12-05 03:55 GMT

ന്യുയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ കമ്പനി ഉടമ വെടിയേറ്റ് മരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍ സി.ഇ.ഒ ബ്രിയാന്‍ തോംസണ്‍ ആണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ഹില്‍ട്ടനിലെ മാന്‍ഹട്ടന്‍ ഹോട്ടലിലേക്ക് തോംസണ്‍ നടന്ന് പോകുമ്പോള്‍ മുഖംമൂടി അണിഞ്ഞയാള്‍ പിറകില്‍ നിന്ന് സൈലന്‍സര്‍ ഘടിപ്പിച്ച തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത്. തോംസണ് 50 വയസായിരുന്നു പ്രായം.

ഇന്നലെ രാവിലെ അമേരിക്കന്‍ സമയം രാവിലെ 6.45 നാണ് സംഭവം നടന്നത്. നടന്ന് പോകുകയായിരുന്ന അദ്ദേഹത്തെ പിന്നില്‍ നിന്നാണ് വെടിവെച്ചത്. സൈലന്‍സര്‍ ഘടിപ്പിച്ച തോക്കാണ് കൃത്യം നടത്തുന്നതിനായി കൊലയാളി ഉപയോഗിച്ചതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. തോക്കുധാരി തോസണ് നേരേ തുരുതുരെ വെടിവെയ്ക്കുകയായിരുന്നു. വെടിയേറ്റ തോംസണ്‍ നിലത്ത് വീഴുകയായിരുന്നു.

കൊലയാളിക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഇയാള്‍ ഒരു ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. കൊലയാളിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലീസ് പതിനായിരം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് പുറത്ത് വിട്ട ഇയാളുടെ ചിത്രത്തില്‍ കറുത്ത വസ്ത്രം ധരിച്ച് മുഖംമൂടി ധരിച്ച നിലയിലാണ് ഇയാള്‍ കാണപ്പെടുന്നത്. യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ സി.ഇ.ഒ ആയി 2021 ലാണ് തോംസണ്‍ ചുമതലയേറ്റത്. പ്രതിവര്‍ഷം 10 മില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന് ശമ്പളമായി ലഭിച്ചിരുന്നത്. ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ഒരു സംരംഭക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് തോംസണ്‍ എത്തിയത്.

അടുത്ത സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ പ്രതീക്ഷിക്കുന്ന വിറ്റുവരവും ലാഭവും എല്ലാം യോഗത്തില്‍ അവതരിപ്പിക്കാനാണ് അദ്ദേഹം അവിടെ എത്തിയത്. നിരവധി പേര്‍ കണ്ടു നില്‍ക്കുമ്പോഴാണ് ആക്രമണം നടന്നത്. ഒരു സ്ത്രീ അക്രമിയുടെ തൊട്ടടുത്ത് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തോംസണ്‍ ഹോട്ടലിലേക്ക് വരുന്നതും കാത്ത് അക്രമി കുറേ നേരമായി അവിടെ നിലയുറപ്പിച്ചിരുന്നതായിട്ടാണ് മനസിലാക്കാന്‍ കഴിയുന്നത്. തോംസണ്‍ ഭാര്യയും മക്കളുമൊത്ത് മിനസോട്ടയിലാണ് താമസിക്കുന്നത്.

ഏത് വാതിലിലൂടെയാണ് തോംസണ്‍ കടന്ന് വരാന്‍ സാധ്യതയുള്ളതെന്ന് മനസിലാക്കിയാണ് ഇയാള്‍ തയ്യാറെടുപ്പ് നടത്തിയിരുന്നത് എന്ന് വേണം

കരുതാന്‍. ആക്രമണത്തിന് ശേഷം ബൈക്കില്‍ കയറിയ അക്രമി സെന്‍ട്രല്‍ പാര്‍ക്ക് ഭാഗത്തേക്കാണ് പോയതെന്നാണ് കരുതപ്പെടുന്നത്. ന്യൂയോര്‍ക്കിലേക്ക്

പുറപ്പെടുന്നതിന് മുമ്പ് തോംസണ്് ഫോണില്‍ നിരവധി ഭീഷണി കോളുകള്‍ വന്നിരുന്നതായി ഭാര്യ വെളിപ്പെടുത്തി.

ചിലയാളുകള്‍ നേരത്തേയും തന്നെ ഭീഷണിപ്പെടുത്തുന്നതായി തോംസണ്‍ ഭാര്യയോട് പറഞ്ഞിരുന്നു എങ്കിലും അതിന് പിന്നില്‍ ആരൊക്കെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. അമേരിക്കയിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ കമ്പനിയാണ് യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍. എന്നാല്‍ കമ്പനിയുടെ ചില നിലപാടുകള്‍ക്ക് എതിരെ സന്നദ്ധസ സംഘടനകള്‍ പലതും നേരത്തേ രംഗത്ത് എത്തിയിരുന്നു. തോംസണേയും നേരത്തേ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു.

Similar News