യുഎഇയുമായുള്ള നല്ല ബന്ധം തുടരാന്‍ വ്യവസ്ഥ ലംഘിച്ചിട്ടും ടീകോമിനെതിരെ ആര്‍ബിട്രെഷന്‍ നടപടിക്ക് ശ്രമിക്കാത്ത പിണറായി; വ്യവസായ സൗഹൃദമല്ലെന്ന ചര്‍ച്ച ഉയരാതിരിക്കാന്‍ നഷ്ടപരിഹാരം! എല്ലാം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് സര്‍ക്കാര്‍; ഏറ്റെടുക്കുന്ന ഭൂമി ഇന്‍ഫോപാര്‍ക്കിന്റെ വിപുലീകരണത്തിനും പുതിയ പങ്കാളികള്‍ക്കും നല്‍കും; കോളടിക്കുക ഇനിയാര്‍ക്ക്?
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ടീ കോം മുടക്കിയ തുക വിലയിരുത്തി തിരിച്ചു കൊടുത്ത് ഒഴിവാക്കാനുള്ള തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് സര്‍ക്കാരിന്റെ വിശദീകരണം. യുഎഇയുമായുള്ള നല്ല ബന്ധം തുടരാന്‍ കൂടിയാണ് വ്യവസ്ഥ ലംഘിച്ചിട്ടും ടീ കോമിനെതിരെ ആര്‍ബിട്രെഷന്‍ നടപടിക്ക് ശ്രമിക്കാത്തതെന്നും വ്യവസായ വകുപ്പ് വിശദീകരിക്കുന്നു. ഒറ്റയടിക്ക് ഒഴിവാക്കിയാല്‍ വ്യവസായ സൗഹൃദമല്ല സംസ്ഥാനം എന്ന സന്ദേശം ചര്‍ച്ചയാകും എന്നത് പരിഗണിച്ചെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഏറ്റെടുക്കുന്ന ഭൂമി ഇന്‍ഫോപാര്‍ക്കിന്റെ വിപുലീകരണത്തിനും പുതിയ പങ്കാളികള്‍ക്കും നല്‍കാനാണ് നീക്കം. അതേസമയം, കരാര്‍ വ്യവസ്ഥയില്‍ ഇല്ലാതെ ടീകോമിന് നഷ്ട പരിഹാരം നല്‍കാനുള്ള നീക്കം വിവാദമായി മാറിയിട്ടുണ്ട്. ഇതോടെ ഇനി ആര്‍ക്കാകും ഈ കണ്ണായ ഭൂമി കിട്ടുകയെന്നതാണ് ഉയരുന്ന ചോദ്യം.
സ്മാര്‍ട്ട്‌സിറ്റി പദ്ധതി നടപ്പാക്കുന്നതില്‍ ദുബായ് കമ്പനിയായ ടീകോം പരാജയപ്പെട്ടിട്ടും വര്‍ഷങ്ങളായി അനങ്ങാതിരുന്ന സര്‍ക്കാര്‍, പാട്ടഭൂമി തിരിച്ചു പിടിക്കുന്നതിന് പിന്നില്‍ കേരളത്തിലെ വമ്പന്‍ കമ്പനിയുടെ പങ്കാളിത്ത വാഗ്ദാനമെന്ന് സൂചന. ഈ ഗ്രൂപ്പ് സ്മാര്‍ട്ട്‌സിറ്റിയില്‍ താത്പര്യം പ്രകടിപ്പിച്ചതായാണ് ഐ.ടി വൃത്തങ്ങള്‍ പറയുന്നത്. ഇവരുമായുള്ള ചര്‍ച്ചകളിലെ പ്രാഥമിക ധാരണ പ്രകാരമാണ് പാട്ടഭൂമി തിരിച്ചു പിടിക്കല്‍ എന്നാണ് സൂചന. ടീകോമിന്റെ ഓഹരിവില നല്‍കി 246 ഏക്കര്‍ പാട്ടഭൂമി തിരിച്ചെടുക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ടെങ്കിലും നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ പാട്ടക്കരാര്‍ റദ്ദാക്കുമെന്നും, ടീകോമിന് ഓഹരിവില നല്‍കി ഭൂമി തിരിച്ചെടുക്കുമെന്നുമാണ് കരാറിലുള്ളത്. എന്നിട്ടും നഷ്ടപരിഹാര നീക്കം. അതാണ് വിവാദമാകുന്നത്.
2005ല്‍ യു.ഡി.എഫ് മന്ത്രിസഭയുടെ സമയത്താണ് കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി എന്ന ആശയം നാമ്പിടുന്നത്. അന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ദുബായ് അധികൃതരുമായി നടത്തിയ ചര്‍ച്ചയോടെയാണ് തുടക്കം. ദുബൈയില്‍ ഇന്റര്‍നെറ്റ് സിറ്റിയുടെ ലോകം അന്ന് കുഞ്ഞാലിക്കുട്ടിയും ഉദ്യോഗസ്ഥ സംഘവും നടന്നുകണ്ടു. സമാന മാതൃകയില്‍ ഒന്ന് കേരളത്തിലും വരണം എന്ന ആഗ്രഹത്തിനു പുറത്താണ് സ്മാര്‍ട്ട് സിറ്റിയിലേക്കുള്ള യാത്ര. അന്ന് ടീകോമില്‍ ഉന്നത പദവിയില്‍ ഉണ്ടായിരുന്നവരില്‍ പ്രധാനിയാണ് ബാജു ജോര്‍ജ്. എന്നാല്‍, കേരളത്തില്‍ ചര്‍ച്ച വഴിമുട്ടിയ ഘട്ടത്തില്‍ മാള്‍ട്ടയില്‍ ടീകോം സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമായി.
ഹൈദരാബാദിലും ബംഗളൂരുവിലും സന്ദര്‍ശനം നടത്തി ബദല്‍ സാധ്യതകളും ആരാഞ്ഞ ടീകോം സംഘം കൊച്ചിതന്നെയാണ് മികച്ച കേന്ദ്രമെന്ന നിര്‍ദേശമാണ് കൈമാറിയത്. അങ്ങനെയാണ് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ മുതല്‍മുടക്കാന്‍ ടീകോം തീരുമാനമെടുക്കുന്നത്. പ്രത്യേക സാമ്പത്തിക സോണ്‍ പദവി ലഭിച്ചില്ലെങ്കില്‍ പദ്ധതി പ്രായോഗികമായി വിജയിക്കില്ലെന്ന് ടീകോം തീര്‍ത്തുപറഞ്ഞു. 2006ല്‍ വി.എസ് മന്ത്രിസഭ അധികാരത്തില്‍ വന്നതോടെ പദ്ധതി സംബന്ധിച്ച അവ്യക്തത ഉണ്ടായി. തുടക്കത്തില്‍ നിഷേധാത്മകം ആയിരുന്നു സര്‍ക്കാര്‍ നിലപാട്. ഒടുവില്‍ 2007 മേയിലാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി കരാര്‍ പിറക്കുന്നത്. 240 ഏക്കര്‍ സ്ഥലത്ത് ലോകോത്തര ഐ.ടി കെട്ടിടങ്ങളും ആദ്യഘട്ടത്തില്‍ 90,000 തൊഴിലവസരങ്ങളുമെന്ന വലിയ സ്വപ്നം ഗള്‍ഫ് മേഖലയിലെ പ്രവാസി മധ്യവര്‍ഗത്തില്‍ വലിയ പ്രതീക്ഷ പകര്‍ന്നു.
ഐ.ടി രംഗത്ത് നാട്ടില്‍തന്നെ ഏറ്റവും മികച്ച തൊഴിലവസരം ലഭ്യമാകും എന്നുവന്നതോടെ പദ്ധതിയോടുള്ള പ്രവാസി താല്‍പര്യവും വര്‍ധിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനു കീഴില്‍ സ്മാര്‍ട്ട് സിറ്റിക്ക് വീണ്ടും ജീവന്‍വെച്ചു. 2016ല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി പേരിനെങ്കിലും യാഥാര്‍ഥ്യമായി. അപ്പോഴും പ്രതീക്ഷയിലായിരുന്നു പ്രവാസലോകം. ചുരുങ്ങിയ സമയംകൊണ്ട് കൂടുതല്‍ ഐ.ടി കമ്പനികളെ കൊണ്ടുവരാനും പദ്ധതി ലക്ഷ്യത്തിലേക്ക് അടുപ്പിക്കാനും കഴിയും എന്നായിരുന്നു ഉദ്ഘാടനവേളയില്‍ സര്‍ക്കാറും ഉദ്യോഗസഥരും പറഞ്ഞത്. പക്ഷേ ഇതൊന്നും യഥാര്‍ത്ഥ്യമായില്ല.
2003 ല്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാറാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. അന്ന് കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായി രൂപരേഖ തയ്യാറാക്കുകയും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പദ്ധതി പഠനത്തിനു ക്ഷണിക്കാന്‍ തിരുമാനിക്കുകയും ചെയ്തു. പിന്നീട് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പദ്ധതിയെ പറ്റി പഠനം നടത്താന്‍ കേരളത്തിലേക്ക് ക്ഷണിച്ചു. ദുബായ് ഹോള്‍ഡിംഗ്‌സ് എന്ന വന്‍കിട സ്ഥാപന പ്രതി നിധികളുമായി 2005 ല്‍ ധാരണാപത്രം ഒപ്പിട്ടു. 2013 ജൂലൈയില്‍ സ്മാര്‍ട്ട് സിറ്റിക്കു പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ നിര്‍മ്മാണ ഘട്ടത്തിനു തുടക്കം കുറിച്ചു.
എന്നാല്‍ പതിവുപോലെ തുടക്കം മുതല്‍തന്നെ ഉടക്കുമായാണ് ഇടതുപക്ഷം രംഗത്തെത്തിയത് പ്രതിപക്ഷത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി കരാര്‍ ഒപ്പിടാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞില്ല. പിന്നീടു വന്ന ഇടതു സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പുവെച്ചു. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനവും രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും 2016 ഫെബ്രുവരി 20 ന് യു.ഡി എഫ്. സര്‍ക്കാറിന്റെ കാലത്ത് നടന്നു.