ലാത്തി കൊണ്ട് അടിച്ചു; സ്റ്റേഷനിലെത്തിച്ച് മോശമായി പെരുമാറി; പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പരാതിക്കാരന്‍; ദൃശ്യങ്ങള്‍ കൈമാറാന്‍ ഉത്തരവിട്ട് വിവരാവകാശ കമ്മിഷന്‍

പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറാന്‍ ഉത്തരവ്

Update: 2024-12-12 13:14 GMT

മലപ്പുറം: വിവരാവകാശ അപേക്ഷയില്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരാതിക്കാരന് കൈമാറണമെന്ന അപൂര്‍വ ഉത്തരവിട്ട് വിവരാവകാശ കമ്മിഷണര്‍. താനൂര്‍ പൊലീസ് സ്റ്റേഷനിലെ ഇക്കഴിഞ്ഞ ഏപ്രില്‍ 3ന് രാത്രി 8 മുതല്‍ 11 വരെയുള്ള സമയത്തെ ദൃശ്യങ്ങളുടെയും സംഭാഷണങ്ങളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൈമാറാനാണ് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.സോണിച്ചന്‍ പി.ജോസഫിന്റെ ഉത്തരവ്. കസ്റ്റഡി മരണങ്ങളിലടക്കം നിര്‍ണായകമാകുന്ന ഉത്തരവാണ് വിവരാവകാശ കമ്മീഷണര്‍ പുറത്തിറക്കിയത്.

മലപ്പുറത്തെ വിവരാവകാശ കമ്മിഷന്‍ ഹിയറിങ്ങില്‍ ദേശീയ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ ഷിഹാബുദ്ദീന്‍ പള്ളിക്കലകത്ത് നല്‍കിയ പരാതി പരിഗണിച്ച കമ്മിഷണര്‍ താനൂര്‍ ഡിവൈഎസ്പിയോടാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്.

സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ തന്നെ ദേവധാര്‍ മേല്‍പാലത്തിനു സമീപത്തെ പാടത്തുവച്ച് തന്നെ അകാരണമായി ലാത്തി കൊണ്ട് അടിച്ചുവെന്നും തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് സഭ്യമല്ലാത്ത ഭാഷയില്‍ പെരുമാറിയെന്നുമുള്ള ഷിഹാബുദ്ദീന്റെ പരാതിയില്‍ കേസ് നിലവിലുണ്ട്. ഇതിന്റെ ആവശ്യത്തിനാണ് താന്‍ സ്റ്റേഷനിലുണ്ടായിരുന്ന 3 മണിക്കൂര്‍ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അന്നത്തെ ഇന്‍സ്‌പെക്ടര്‍ക്ക് വിവരാവകാശ അപേക്ഷ നല്‍കിയത്. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് ഇന്‍സ്‌പെക്ടറും അപ്പല്ലേറ്റ് അതോറിറ്റിയും മറുപടി നല്‍കിയതോടെയാണ് ഷിഹാബുദ്ദീന്‍ കമ്മിഷനെ സമീപിച്ചത്.

ഈ പരാതി പരിഗണിച്ചപ്പോള്‍ സ്വകാര്യത മാനിച്ചാണ് ദൃശ്യങ്ങള്‍ നല്‍കാതിരുന്നതെന്നായിരുന്നു പൊലീസ് നിലപാട്. ഇതു തള്ളിയാണ് കമ്മിഷണറുടെ ഉത്തരവ്. ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ കൈമാറാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഡിവൈഎസ്പിയോട് നിര്‍ദേശിച്ചത്. അതേസമയം നിര്‍ദിഷ്ട 3 മണിക്കൂറിനിടെ സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതൊഴിവാക്കിയേ കൈമാറാവൂ എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തേ ഈ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് അപേക്ഷകന് മറുപടി നല്‍കിയ അന്നത്തെ ഇന്‍സ്‌പെക്ടറെ കമ്മിഷണര്‍ താക്കീത് ചെയ്തിരുന്നു. 'സംസ്ഥാനത്ത് തിരുവനന്തപുരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിവരാവകാശ അപേക്ഷകളും പരാതികളും മലപ്പുറത്തുനിന്നാണ്. ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന്നുണ്ടെങ്കിലും പലതും കൃത്യമല്ല. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധ നല്‍കണം. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളിലെ വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വിവരാവകാശ കമ്മിഷന്‍ പ്രത്യേക പരിശീലനം നല്‍കും.'

അതേ സമയം വിവരാവകാശ അപേക്ഷയ്ക്ക് കൃത്യമായ മറുപടി നല്‍കാത്തതിന് നടപടിയെടുത്തിരുന്നു. മഞ്ചേരി സ്വദേശിനി ഹസീന ജാസ്മിന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് കൃത്യമായ മറുപടി നല്‍കിയില്ലെന്ന പരാതിയില്‍ പെരിന്തല്‍മണ്ണ ആര്‍ഡിഒ ഓഫിസിലെ വിവരാവകാശ ഉദ്യോഗസ്ഥനായ സീനിയര്‍ സൂപ്രണ്ടിനെതിരെ നടപടിയെടുക്കുമെന്ന് വിവരാവകാശ കമ്മിഷണര്‍ അറിയിച്ചു.

റോഡ് നിര്‍മാണത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ മണ്ണെടുത്തപ്പോള്‍ തന്റെ വീട് അപകടത്തിലായതു സംബന്ധിച്ച് നവകേരള സദസ്സില്‍ നല്‍കിയ പരാതിയുടെ സ്ഥിതി അന്വേഷിച്ചാണ് ആര്‍ഡിഒ ഓഫിസിലേക്ക് ഇവര്‍ വിവരാവകാശ അപേക്ഷ നല്‍കിയത്.

എന്നാല്‍ വില്ലേജ് ഓഫിസര്‍ക്ക് ഈ പരാതി കൈമാറി കൃത്യമായ മറുപടി നല്‍കുന്നതിലാണ് വീഴ്ചയുണ്ടായത്. പിഴ ശിക്ഷ നല്‍കുന്നതിനായി നടപടിയെടുക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞു. എയ്ഡഡ് സ്‌കൂളിന്റെ ആധാരത്തിന്റെ പകര്‍പ്പ് നല്‍കാന്‍ മറ്റൊരു പരാതിയില്‍ കമ്മിഷണര്‍ ഉത്തരവിട്ടു. രണ്ട് ദിവസങ്ങളിലായി 63 പരാതികളാണ് ഹിയറിങ്ങില്‍ തീര്‍പ്പാക്കിയത്.

Similar News