കല്ലടിക്കോട്ട് പൊലിഞ്ഞത് നാലുവിദ്യാര്‍ഥിനികളുടെ ജീവന്‍; കുട്ടികള്‍ക്ക് നേരേ പാഞ്ഞുകയറിയത് മണ്ണാര്‍ക്കാട്ടേക്ക് പോയ സിമന്റ് ലോറി; അപകടത്തില്‍ പെട്ടത് പരീക്ഷ കഴിഞ്ഞുമടങ്ങിയ കരിമ്പ സ്‌കൂളിലെ കുട്ടികള്‍; കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ പനയംപാടം വളവ് സ്ഥിരം അപകടമേഖലയെന്ന് നാട്ടുകാര്‍; പ്രതിഷേധം

കല്ലടിക്കോട്ട് പൊലിഞ്ഞത് നാലുവിദ്യാര്‍ഥിനികളുടെ ജീവന്‍

Update: 2024-12-12 11:55 GMT

പാലക്കാട്: പാലക്കാട് കല്ലടിക്കോട്ട് ലോറി പാഞ്ഞുകയറി അപകടത്തില്‍ പെട്ടത് അഞ്ചുസ്‌കൂള്‍ കുട്ടികള്‍. ലോറിക്കടിയില്‍ പെട്ട നാലുവിദ്യാര്‍ഥിനികളാണ് മരിച്ചത്. കുട്ടികള്‍ക്ക് നേരേ പാഞ്ഞുകയറിയത് സിമന്റ് കയറ്റി വന്ന ലോറിയാണ്. മരിച്ചവര്‍ എല്ലാം എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ്. ഇര്‍ഫാന, മിദ, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.

കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. പരീക്ഷ കഴിഞ്ഞുമടങ്ങുകയായിരുന്ന കുട്ടികളാണ് ലോറിക്കടിയില്‍ പെട്ടത്. മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ പനയംപാടം വളവിലാണ് അപകടം ഉണ്ടായത്. ലോറി പാലക്കാട് നിന്നും മണ്ണാര്‍ക്കാട്ടേക്ക് വരികയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയതോടെ അഞ്ചുവിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടതെന്ന് സ്ഥിരീകരിച്ചു. തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്നു കുട്ടികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഒരുകുട്ടിയുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍കെയര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

മഴയില്‍ നനഞ്ഞ റോഡില്‍ ലോറിക്ക് നിയന്ത്രണം നഷ്ടമായി എന്നാണ് പ്രാഥമിക നിഗമനം. വൈകുന്നേരം നാലുമണിയോടെ കുട്ടികള്‍ സ്‌കൂള്‍വിട്ട് വരുന്ന സമയത്താണ് അപകടം. എന്നാല്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ലോറി നിയന്ത്രണം വിട്ട് വീടിനോട് ചേര്‍ന്നുള്ള മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മഴയത്ത് വാഹനം തെന്നിയുള്ള അപകടം ഇവിടെ സ്ഥിരമാണെന്ന് നാട്ടുകാര്‍ പറയുന്നു. പനയമ്പാടം വളവ് സ്ഥിരം അപകടമേഖലയാണെന്നും റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നും ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.


മുഖ്യമന്ത്രിയുടെ അനുശോചനം

പാലക്കാട് കല്ലടിക്കോട്ട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണ്. പരിക്കേറ്റ എല്ലാ കുട്ടികള്‍ക്കും അടിയന്തിര ചികിത്സ നല്‍കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കും. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.

മരണപ്പെട്ട കുട്ടികളുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുന്നു.


Tags:    

Similar News