ആരോഗ്യത്തിലൂടെ സന്തോഷമുളള ജനതയെന്ന് ആപ്തവാക്യം; കൊണ്ടോട്ടിക്കാരന്‍ തുടക്കമിട്ട മെക് സെവന്‍ വ്യായാമ കൂട്ടായ്മയെ മതമൗലികവാദികള്‍ ഹൈജാക്ക് ചെയ്‌തോ? പോപ്പുലര്‍ ഫ്രണ്ടും, ജമാഅത്തെഇസ്ലാമിയുമാണ് പുതിയ വ്യായാമ മുറക്ക് പിന്നിലെന്ന് ആരോപിച്ച് സിപിഎമ്മും സമസ്തയും; വിവാദം ഇങ്ങനെ
മെക് സെവന്‍ വിവാദം ഇങ്ങനെ
കോഴിക്കോട്: ആരോഗ്യത്തിലൂടെ സന്തോഷമുള്ള ജനത, അതായിരുന്നു മെക് സെവന്‍ എന്ന വ്യായാമ മുറയ്ക്ക് രൂപം നല്‍കുമ്പോള്‍, വിമുക്ത ഭടനും കൊണ്ടോട്ടി തുറക്കല്‍ സ്വദേശിയുമായ പെരിങ്കടക്കാട് സ്വലാഹുദ്ദീന്റെ മനസ്സില്‍. നാട്ടില്‍ മാത്രല്ല, വിദേശ രാജ്യങ്ങളിലും ഹിറ്റാണ് ഈ വ്യായാമ മുറ. എല്ലാവര്‍ക്കും ഒരേ വേഷം, ഒരേ ചലനം. യോഗയും ധ്യാനവും അക്യുപ്രഷറും ഉള്‍പ്പെട്ട 7 വിഭാഗങ്ങളിലെ 21 തരം വ്യായാമമാണ് ഈ പരിശീലന പദ്ധതിയില്‍ ഉള്ളത്. സ്വലാഹുദ്ദീന്‍ സദുദ്ദേശത്തോടെയാണ് ഇത് തുടങ്ങിയതെങ്കിലും, മതമൗലികവാദികളില്‍ ഒരു വിഭാഗം ഇത് ഹൈജാക്ക് ചെയ്തുവെന്നാണ് ഇപ്പോഴത്തെ ആരോപണം. മെക് സെവന്‍ എന്നപേരില്‍ കേരളത്തിലടക്കം വളരെ പെട്ടെന്ന് പ്രചാരം കിട്ടിയ ഒരു വ്യായാമ മുറക്ക് പിന്നില്‍ മതമൗലികവാദികളുടെ പങ്കിനെക്കുറിച്ച്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് വിശദമായി അന്വേഷണം നടത്തിവരികയാണ്.
എതിര്‍പ്പുമായി സിപിഎമ്മും സമസ്തയും
മെക് 7 നെതിരെ സിപിഎമ്മും സമസ്തയും പരസ്യമായി രംഗത്ത് വന്നിരുന്നു. പോപ്പുലര്‍ ഫ്രണ്ടും, ജമാഅത്തെ ഇസ്ലാമിയുമാണ് പുതിയ വ്യായാമ മുറക്ക് പിന്നിലെന്നും ഇത് ഗൗരവത്തോടെ കാണണമെന്നും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് മാസ്റ്റര്‍ ആരോപണം ഉന്നയിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
വ്യായാമ മുറക്ക് വേണ്ടി രൂപീകരിച്ച വാട്‌സാപ്പ് കൂട്ടായ്മയുടെ അഡ്മിന്‍മാരില്‍ ചിലരെ പറ്റി അന്വേഷിച്ചപ്പോള്‍ അവര്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ് എന്ന വിവരം ലഭിച്ചതായി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.'ഇവിടിപ്പോ ഒരു പുതിയ നീക്കമുണ്ട്. കണ്ണൂരിലുണ്ടോ എന്നറിയില്ല. വ്യായാമ മുറ എന്ന പേരില്‍ ആളുകളെ സംഘടിപ്പിച്ച് പരിശീലനം നടത്തുകയാണ്. ചില സഖാക്കളാണ് ഇത് സംബന്ധിച്ച് പറഞ്ഞത്. ഇതനുസരിച്ച് കക്കോടി, ബാലുശേരി എന്നിവടങ്ങളില്‍ കാര്യമായ അന്വേഷണം നടത്തിയപ്പോഴാണ് അഡ്മിന്‍മാര്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണ് എന്ന വിവരം ലഭിച്ചത്.
ജമാഅത്തെ ഇസ്ലാമിക്കാരാണ് ഇവരെ എഴുന്നെള്ളിച്ച് കൊണ്ടുവരുന്നത്.പത്തു പൈസ ഫീസില്ല. ആദ്യം ഒന്നുരണ്ടുപേര്‍ പരിശീലനം നല്‍കാനായി വരും. പിന്നീട് കൂട്ടത്തിലുള്ള ആരെങ്കിലും ചെയ്താല്‍ മതി. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദത്തിന്മറയിടാനുള്ള പരിവേഷമുണ്ടാക്കുകയാണ് ചെയ്യുന്നത്''- മോഹനന്‍ മാസ്റ്റര്‍ ആരോപിച്ചു.
സമസ്ത നേതാക്കളും മെക് 7 നെ ഗൗരവത്തോടെയാണ് കാണുന്നത്. മെക് സെവന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയെന്നും ഇവരുടെ ചതിയില്‍ സുന്നി വിശ്വാസികള്‍ ഇതില്‍ പെട്ടുപോകരുതെന്നും മുന്നറിയിപ്പാണ് പോരോട് അബ്ദുള്‍ ഗഫാര്‍ സഖാഫി നല്‍കുന്നത്. മെക് 7 ദുരൂഹമെന്നാണ് സുന്നിയുവജന സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ ആരോപിച്ചത്. സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണ് ഈ വ്യായാമ മുറയെന്ന വ്യാഖ്യാനമാണ് കാന്തപുരം സുന്നി വിഭാഗം നല്‍കുന്നത്. വ്യായാമത്തിന്റെ പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് സത്രീകളെ വീടിനുള്ളില്‍ നിന്നും പുറത്തേക്ക് വലിച്ചിഴയ്ക്കുകയാണെന്നാണ് എസ് വൈ എസ് ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹക്കിം അഷാരി വിമര്‍ശിക്കുന്നത്.
കോഴിക്കോടും പരിസര പ്രദേശങ്ങളിലും കേന്ദ്രീകരിച്ച് ആരംഭിച്ച മെക് 7ന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. സാധാരണക്കാരായ ആളുകളെയാണ് ഇവര്‍ പ്രധാനമായും നോട്ടമിട്ടിരുന്നത്. വ്യായാമ ക്യാമ്പകളും മറ്റ് സംഘടിപ്പിച്ചാണ് ആളുകളെ ആകര്‍ഷിച്ചിരുന്നത്. മെക് 7 കേരളത്തില്‍ മാത്രമല്ല ജിസിസി രാജ്യങ്ങളിലും വേരുറപ്പിച്ച് കഴിഞ്ഞു. വാട്‌സ്അപ്പ് ഗ്രൂപ്പ് വഴിയാണ് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്.
എന്‍ഡിഎഫിന്റെ ആദ്യകാലഘട്ടത്തില്‍ ഇതുപോലെ കളരിയും വ്യായാമവും ഉപാധിയാക്കിയാണ് യുവാക്കളെ ആകര്‍ഷിച്ചിരുന്നതെന്ന് മുഹമ്മദലി കിനാലൂര്‍ ആരോപിച്ചു. എന്നാല്‍ മെക് 7 ന്റെ സംഘാടകര്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. ' ഞങ്ങളുടെ അംഗങ്ങളില്‍ സൈന്യത്തില്‍ നിന്നും പൊലീസില്‍ നിന്നും ജുഡീഷ്യല്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടുന്നു. തുറസായ സ്ഥാലങ്ങളില്‍ സുതാര്യതയോടെ നടത്തുന്നതാണ് ഞങ്ങളുടെ വ്യായാമ മുറകള്‍', മെക് 7 ന്റെ അംബാസിഡര്‍ ബാവ അറയ്ക്കല്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കൂടുതല്‍ അംഗങ്ങളും 50 വയസിന് മീതേയുള്ളവരാണ്. എന്തെങ്കിലും ഗൂഢോദ്ദേശ്യം ഉണ്ടെങ്കില്‍ ഈ പ്രായപരിധിയില്‍ ഉള്ളവരെ തിരഞ്ഞെടുക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു.
എന്താണ് മെക് സെവന്‍?
അതിവേഗം പ്രചാരം നേടുന്ന വ്യായാമ മുറയാണ് മെക് സെവന്‍. യോഗയും ധ്യാനവും അക്യുപ്രഷറും ഉള്‍പ്പെട്ട എഴ് വിഭാഗങ്ങളിലെ 21 തരം വ്യായാമ മുറയാണിത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കല്‍ സ്വദേശിയും വിമുക്ത ഭടനുമായ പെരിങ്കടക്കാട് സ്വലാഹുദ്ദീനാണ് ഇതിന് രൂപം നല്‍കിയത്. ഇരുപത് വര്‍ഷത്തോളം സൈന്യത്തില്‍ സേവനം ചെയ്ത ശേഷമാണ് സ്വലാഹുദ്ദീന്‍ നാട്ടിലെത്തിയത്.
2012 ജൂലൈയില്‍ തുറക്കലിലാണ് ഇതിന് തുടക്കം കുറിച്ചത്. മള്‍ട്ടി എക്‌സര്‍സൈസ് കോംപിനേഷന്‍ എന്നാണ് മെക് സെവനെ വിളിക്കുന്നത്. എയ്‌റോബിക്, ലളിത വ്യായാമം, യോഗ, ആഴത്തിലുള്ള ശ്വസനം, അക്യുപ്രഷര്‍, ധ്യാനം, ഫെയ്‌സ് മസാജ് എന്നീ 7 ഇനങ്ങളെയാണു പേര് സൂചിപ്പിക്കുന്നത്. ഈ ഏഴ് വിഭാഗങ്ങളിലുള്ള 21 തരം വ്യായാമ മുറകളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. സൈനിക സേവനത്തിനിടെയാണ് ഇക്കാര്യം സ്വായത്തമാക്കിയത് എന്നാണ് സ്വലാഹുദ്ദീന്‍ പറയുന്നത്. ഏതു പ്രായക്കാര്‍ക്കും ലളിതമായി ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.
പക്ഷേ സ്വലാഹുദ്ദീന്‍ സദുദ്ദേശത്തോടെയാണ് ഇത് തുടങ്ങിയതെങ്കിലും, ഇസ്ലാമിക മതമൗലികവാദികളില്‍ ഒരു വിഭാഗം ഇത് ഹൈജാക്ക് ചെയ്തുവെന്നാണ് പറയുന്നത്. മെക് സെവന്‍ കൂട്ടായ്മകളുടെ മറവിലാണ് അവര്‍ തങ്ങളുടെ നെറ്റ്വര്‍ക്ക് ഉണ്ടാക്കുന്നത് എന്നാണ് വിമര്‍ശനം.വ്യായാമം പരിശീലിക്കയാണെന്ന് പറഞ്ഞാണ് ഇവര്‍ യുവാക്കളെ അടക്കം കൂട്ടുന്നത്. പുറമെനിന്ന് നോക്കുമ്പോള്‍ കുഴപ്പം ഒന്നും തോന്നില്ലെങ്കിലും, പതുക്കെ, പതുക്കെ ഈ കായിക പരിശീലനം ആയുധ പരിശീലനമായി മാറുമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
നേരത്തെ കേരളത്തില്‍ ആദ്യമായി തുടങ്ങിയ മതമൗലികവാദ സംഘടന എന്ന് പേരുള്ള നാദാപുരം ഡിഫന്‍സ് ഫോഴ്‌സൊക്കെ തുടക്കം ഈ രീതിയിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കയാണ്.