സമനില ഉറപ്പിക്കവെ 55-ാമത്തെ നീക്കത്തില്‍ ലിറന് അസാധാരണമായ പിഴവ്; ഗുകേഷ് ലോക കിരീടം ഉറപ്പിച്ചത് 58-ാം നീക്കത്തിലൂടെ; ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായത് ടൈബ്രേക്കറെന്ന കുരുക്കിലെത്തും മുമ്പെ

ഗുകേഷ് ലോക കിരീടം ഉറപ്പിച്ചത് 58-ാം നീക്കത്തിലൂടെ

Update: 2024-12-12 14:35 GMT

സിംഗപ്പൂര്‍: ചെസ് പണ്ഡിതന്‍മാര്‍ സമനിലയിലേക്കെന്ന് വിലയിരുത്തിയ മത്സരത്തില്‍ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ചൈനീസ് താരം ഡിങ് ലിറനെതിരെ ഇന്ത്യന്‍ താരം ഡി. ഗുകേഷ് അട്ടിമറി വിജയം നേടുന്നത്. നിര്‍ണായകമായ പതിനാലാമത്തെ ഗെയിമില്‍ നിലവിലെ ലോക ചാമ്പ്യനായ ഡിങ് ലിറനെ തോല്‍പിച്ചാണ് ചാംപ്യന്‍ഷിപ് സ്വന്തമാക്കാന്‍ വേണ്ട 7.5 പോയിന്റിലേക്ക് ഇന്ത്യന്‍ താരമെത്തിയത്. വ്യാഴാഴ്ച സമനില വഴങ്ങിയിരുന്നെങ്കില്‍ ടൈബ്രേക്കറെന്ന കുരുക്കിലേക്ക് ഗുകേഷിന് ഇറങ്ങേണ്ടി വരുമായിരുന്നു.

ഡിങ് ലിറന് മുന്‍തൂക്കം ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്ന ടൈബ്രേക്കറിലേക്ക് പോരാട്ടം നീളേണ്ടതില്ലെന്ന് ഇന്ത്യന്‍ താരത്തിന്റെ നിശ്ചയദാര്‍ഢ്യം നിര്‍ണായകമായി. അതു തന്നെ മത്സര ഫലത്തെയും നിര്‍ണയിച്ചു. അട്ടിമറി വിജയത്തോടെ ലോക ചെസ് ചാംപ്യന്‍ഷിപ്പ് വിജയിക്കുന്ന പ്രായം കുറഞ്ഞ താരമായി ഗുകേഷ് മാറുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായിരിക്കുകയാണ് ഗുകേഷ്.

സമനിലയിലേക്കു പോകുമെന്ന് തോന്നിച്ച നിര്‍ണായക മത്സരത്തില്‍ ലിറനു പിണഞ്ഞ അബദ്ധമാണ് ഗുകേഷിനു തുണയായത്. 55-ാമത്തെ നീക്കത്തിലായിരുന്നു ചൈനീസ് താരത്തിന് അസാധാരണമായ പിഴവു സംഭവിച്ചത്. ലിറന് ആ സമയത്ത് വെറും പത്ത് മിനിറ്റ് മാത്രമാണ് കൈയിലുണ്ടായിരുന്നത്. ഗുകേഷിന് ഒരു മണിക്കൂറും ബാക്കിയുണ്ടായിരുന്നു. എതിരാളിയുടെ വീഴ്ച മുതലെടുത്ത ഗുകേഷ് 58-ാം നീക്കത്തിലൂടെ വിജയകിരീടമണിയുകയും ചെയ്തു. വാശിയേറിയ പോരാട്ടത്തില്‍ 7.5-6.5 സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.

വിശ്വനാഥന്‍ ആനന്ദിനുശേഷം ലോക കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ഡി. ഗുകേഷ്. റഷ്യന്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് ഗുകേഷ് പ്രായം കുറഞ്ഞ താരമായത്. 1985ല്‍ റഷ്യയുടെ തന്നെ അനാറ്റോളി കാര്‍പോവിനെ തറപറ്റിച്ചാണ് 22-ാം വയസില്‍ ഗാരി കാസ്പറോവ് ചരിത്രം കുറിച്ചത്.

സിംഗപ്പൂരില്‍ നടന്ന ചാംപ്യന്‍ഷിപ്പിലെ ആദ്യ റൗണ്ടില്‍ ഡിങ് ലിറനാണു വിജയം കണ്ടത്. മൂന്നാം ഗെയിമില്‍ ഗുകേഷും വിജയം കണ്ടു. പിന്നീട് തുടര്‍ച്ചയായി ഏഴ് ഗെയിമുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. ഒടുവില്‍ 12-ാം ഗെയിമില്‍ വിജയം കണ്ട് ചൈനീസ് താരം മുന്നിലെത്തി. കഴിഞ്ഞ ദിവസം നടന്ന 13-ാം ഗെയിമും സമനിലയില്‍ പിരിഞ്ഞതോടെ ഇന്ന് അതിനിര്‍ണായകമായിരുന്നു. 14-ാം ഗെയിമിലെ വിജയി ലോകജേതാവ് കൂടിയാകുമെന്നുറപ്പായിരുന്നു.

18 വയസ്സുകാരനായ ഗുകേഷ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ഉറപ്പിച്ചതോടെ റഷ്യന്‍ ചെസ് ഇതിഹാസ താരം ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുകേഷ്. 18 വയസും എട്ട് മാസവും 14 ദിവസവുമാണ് ഗുകേഷിന്റെ പ്രായം. 1985ല്‍ 22ാം വയസ്സിലാണ് കാസ്പറോവ് ലോക ചാംപ്യനാകുന്നത്. ലോക ചാംപ്യന്‍ഷിപ്പ് മത്സരത്തിലെ ഒന്നാം പോരാട്ടം ഡിങ് വിജയിച്ചപ്പോള്‍ മൂന്നാം ഗെയിം ജയിച്ചായിരുന്നു ഗുകേഷ് ആദ്യം തിരിച്ചടി നല്‍കിയത്. പിന്നീട് പത്താം ഗെയിം വരെ എല്ലാം സമനില മാത്രം.

എന്നാല്‍ 11ാം ഗെയിമില്‍ ഗുകേഷ് വീണ്ടും അദ്ഭുതം കാണിച്ചു. ചൈനീസ് താരത്തെ പിന്നിലാക്കി ഗുകേഷ് മുന്നിലെത്തി. 12ാം ഗെയിമില്‍ ഇന്ത്യന്‍ താരം പിന്നിലായതോടെ പോയിന്റ് നില 6 - 6. ഇതോടെയാണ് 13, 14 ഗെയിമുകളിലേക്കായി എല്ലാ കണ്ണുകളും. 13ാം ഗെയിം സമനിലയിലായപ്പോള്‍ ഡിങ് ലിറന് മുന്‍തൂക്കം പ്രവചിച്ചവര്‍ ഏറെയാണ്. എന്നാല്‍ പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തുന്ന ശീലം ഗുകേഷ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചപ്പോള്‍ സിംഗപ്പൂരില്‍ ചരിത്രം പിറന്നു.

ആനന്ദിന്റെ നാട്ടുകാരന്‍, വാകയുടെ സന്തതി അതേ പാതയില്‍...

നേരത്തെ ആവേശം അവസാനറൗണ്ടുവരെ നീണ്ട കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ ജേതാവായാണ് ദൊമ്മരാജു ഗുകേഷ് ലോകചാമ്പ്യനെ നേരിടാന്‍ യോഗ്യതനേടിയത്. ഇതോടെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടുന്ന, കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ ജേതാവാകുന്ന പ്രായംകുറഞ്ഞ താരമായി ഗുകേഷ് മാറിയിരുന്നു. ഏഴാം വയസ്സില്‍ കരുനീക്കംതുടങ്ങിയ ഗുകേഷ് ലോകറാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള അഞ്ചുപേരെ പിന്തള്ളിയാണ് ലോകചാമ്പ്യനെ നേരിടാന്‍ യോഗ്യതനേടിയത്. വിശ്വനാഥന്‍ ആനന്ദിനുശേഷം കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ് വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനുമായിരുന്നു ഗുകേഷ്.

വേരുകള്‍ ആന്ധ്രാപ്രദേശിലാണെങ്കിലും ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്റെ ദേശമായ ചെന്നൈയില്‍നിന്നുതന്നെയാണ് ഗുകേഷിന്റെ വരവ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള വിശ്വനാഥന്‍ ആനന്ദ് വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമി(വാക)യുടെ സന്തതിയാണ്. 2020 മുതല്‍ ഇവിടെ പരിശീലിക്കുന്നു. ചെന്നൈയിലെ വേലമ്മാള്‍ വിദ്യാലയ സ്‌കൂളില്‍ പഠിക്കവേ ഏഴാം വയസ്സില്‍ ചെസ് കളി തുടങ്ങി. 12 വയസ്സും ഏഴുമാസവും 17 ദിവസവുമായപ്പോള്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തി. 2750 എലോ റേറ്റിങ് നേടുന്ന പ്രായംകുറഞ്ഞയാളും കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ പ്രായംകുറഞ്ഞ താരവുമായി. ഈ വിജയത്തിലൂടെ, 40 വര്‍ഷം പഴക്കമുള്ള ഗാരി കാസ്പറോവിന്റെ റെക്കോഡും ഗുകേഷ് മറികടന്നു.

2015-ല്‍ അണ്ടര്‍-9 ഏഷ്യന്‍ സ്‌കൂള്‍ ചെസ് വിജയം നേടിയ ഗുകേഷ് 2018-ല്‍ വേള്‍ഡ് യൂത്ത് ചാമ്പ്യന്‍ഷിപ്പ് വിജയം. (അണ്ടര്‍-12) നേടി. ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം. 2019-ല്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ലഭിച്ചു. 2021-ല്‍ ജൂലിയസ് ബെയര്‍ ചലഞ്ചേഴ്‌സ് വിജയം. 2022 ഏഷ്യന്‍ ഗെയിംസില്‍ ടീം ഇനത്തില്‍ വെള്ളി, ചെസ് ഒളിമ്പ്യാഡില്‍ ഒന്നാം ബോര്‍ഡില്‍ സ്വര്‍ണമെഡല്‍, 2700 എലോ റേറ്റിങ് മറികടന്നു, ലോകചാമ്പ്യനായശേഷം മാഗ്നസ് കാള്‍സണെ തോല്‍പ്പിക്കുന്ന പ്രായംകുറഞ്ഞ താരമായി. 2023-ല്‍ 2750 എലോ റേറ്റിങ് പോയിന്റ് മറികടന്നു, വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് ഫിഡേ റേറ്റിങ്ങില്‍ മുന്നിലുള്ള ഇന്ത്യക്കാരനായി. കാന്‍ഡിഡേറ്റ്‌സ് ചെസ്സിന് യോഗ്യത നേടി. ഒപ്പം ഏഷ്യന്‍ ചെസ് ഫെഡറേഷന്‍ വര്‍ഷത്തെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ഒടുവില്‍ ലോകചാമ്പ്യനും.

Tags:    

Similar News