ചെസ് ബോര്‍ഡില്‍ ഇന്ത്യന്‍ വിജയഗാഥ! ചരിത്രനേട്ടത്തോടെ ഡി. ഗുകേഷ് ലോക ചെസ് ജേതാവ്; അവസാന ഗെയിമില്‍ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യന്‍ താരം; ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലഞ്ചര്‍; മറികടന്നത്, ഗാരി കാസ്പറോവിനെ
ഗുകേഷ് ലോക ചെസ് ജേതാവ്; ഡിങ് ലിറനെ അട്ടിമറിച്ചു
സിംഗപ്പുര്‍: ചെസ് ബോര്‍ഡില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ ഡി. ഗുകേഷ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കീരീടം സ്വന്തമാക്കി. ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ അവസാന ഗെയിമില്‍ നിലവിലെ ചാമ്പ്യന്‍ കൂടിയായ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചാണ് ഇന്ത്യന്‍ യുവതാരം കിരീടം ചൂടിയത്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലഞ്ചറാണ് ഗുകേഷ്. മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഗുഗേഷ് മറികടന്നത്.
ആകെയുള്ള 14 ഗെയിമുകളില്‍നിന്ന് മൂന്നാം ജയം സ്വന്തമാക്കിയ ഗുകേഷ്, 7.5 - 6.5 എന്ന സ്‌കോറിലാണ് ഡിങ് ലിറനെ വീഴ്ത്തിയത്. 14 ഗെയിമുകളില്‍നിന്ന് ആദ്യം 7.5 പോയിന്റ് സ്വന്തമാക്കുന്നയാളാണ് ലോക ചാംപ്യനാകുക. ഇത്തവണ വാശിയേറിയ പോരാട്ടത്തില്‍ 14ാം ഗെയിമിലേക്ക് എത്തുമ്പോള്‍ 6.5 പോയിന്റ് വീതമായിരുന്നു ഇരുവര്‍ക്കും.
ജയിക്കുന്നവര്‍ക്ക് കിരീടം എന്നതായിരുന്നു ഇന്നത്തെ മത്സരത്തിന്റെ ആകര്‍ഷണം. എന്നാല്‍ ഇരുവരും ഒപ്പത്തിനൊപ്പം പോരാടിയതോടെ മത്സരം സമനിലയിലേക്കാണെന്ന തോന്നലുയര്‍ന്നു. ഇതോടെ ഇത്തവണ ലോക ചാംപ്യനെ കണ്ടെത്താന്‍ ടൈബ്രേക്കര്‍ വേണ്ടിവരുമെന്ന് ഉറപ്പിച്ചിരിക്കെയാണ് അവസാന നിമിഷം ഡിങ് ലിറന് സംഭവിച്ച അസാധാരണ പിഴവു മുതലെടുത്ത് ഗുകേഷ് വിജയം പിടിച്ചെടുത്തത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം മറ്റൊരു ഇന്ത്യക്കാരന്‍ ഇതാദ്യമായാണ് ചെസില്‍ വിശ്വകിരീടം സ്വന്തമാക്കുന്നത്.
13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയന്റുമായി ഒപ്പത്തിനൊപ്പമാണ്. ഇന്നത്തെ മത്സരം ജയിച്ച് ഗുകേഷ് ലോക കിരീടത്തില്‍ മുത്തമിടുകയായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ രണ്ട് വീതം ജയങ്ങളാണ് ഇരു താരങ്ങളും സ്വന്തമാക്കിയത്. ബാക്കി മത്സരങ്ങള്‍ സമനിലയിലാവുകയായിരുന്നു.
11ാം ഗെയിമിലെ തോല്‍വിക്ക് 12ാം ഗെയിമില്‍ തിരിച്ചടി നല്‍കിയാണ് ഡിങ് ലിറന്‍ ചാംപ്യന്‍ഷിപ്പിലേക്കു തിരികെയെത്തിയത്. കഴിഞ്ഞ ദിവസം നടന്ന പതിമൂന്നാം മത്സരത്തിലും ഗുകേഷിന്റെ സമ്പൂര്‍ണമായ ആധിപത്യമായിരുന്നു. 41ാം നീക്കത്തില്‍ ഡിങ് ഗുകേഷിന് ചെക് നല്‍കിയതാണ് കളിയില്‍ ഗുകേഷിന്റെ രാജാവ് നേരിട്ട ആകെയുള്ള വെല്ലുവിളി. അതുവരെ ഡിങ് ലിറന്‍ പൂര്‍ണമായ പ്രതിരോധത്തിലും ഗുകേഷ് മുന്നേറ്റത്തിലുമായിരുന്നു.
2006 മെയ് 29 ന് തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ഗുകേഷ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് രജനികാന്ത് ഡോക്ടറും അമ്മ പത്മ ഒരു മൈക്രോബയോളജിസ്റ്റുമാണ്. ഏഴാം വയസ്സില്‍ ചെസ്സ് പഠിച്ച ഗുകേഷ് ഇപ്പോള്‍ ചെന്നൈയിലെ ?ചെന്നൈയില്‍ വേലമ്മാള്‍ വിദ്യാലയത്തിലാണ് പഠിക്കുന്നത്.
2015 ലെ ഏഷ്യന്‍ സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഒന്‍പതുവയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തിലും 2018 ലെ ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പിലും പന്ത്രണ്ടുവയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തിലും ഗുകേഷ് ജേതാവായി. 2018-ലെ ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍-12 വ്യക്തിഗത റാപ്പിഡ്, ബ്ലിറ്റ്‌സ്, അണ്ടര്‍-12 ടീം റാപ്പിഡ്, ബ്ലിറ്റ്‌സ്, അണ്ടര്‍-12 വ്യക്തിഗത ക്ലാസിക്കല്‍ ഫോര്‍മാറ്റുകള്‍ എന്നിവയിലും അദ്ദേഹം അഞ്ച് സ്വര്‍ണ്ണ മെഡലുകള്‍ നേടി. 2018 മാര്‍ച്ചിലെ 34-ാമത് കാപ്പെല്ലെ-ലാ-ഗ്രാന്‍ഡെ ഓപ്പണില്‍ അദ്ദേഹം ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി സ്വന്തമാക്കി.
2022 ജൂലൈ 16-ന് ബിയല്‍ ചെസ് ഫെസ്റ്റിവല്‍ ഗ്രാന്‍ഡ്മാസ്റ്റേഴ്‌സ് ട്രയാത്ലോണിന്റെ മൂന്നാം റൗണ്ടില്‍ ക്വാങ് ലീമിനെ തോല്‍പ്പിച്ച് റേറ്റിങ്ങില്‍ 2700 പോയിന്റ് മറികടക്കുന്ന താരമായി ഗുകേഷ് മാറി. 2023 സെപ്തംബറില്‍ വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ റാങ്കിങ്ങില്‍ ഗുകേഷ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.