വിശ്വവിജയത്തിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ഗുകേഷ്; പിതാവിനെ കെട്ടിപ്പിടിച്ച് വിജയമാഘോഷം; മകന്റെ മുതുകില്‍ തട്ടിയും മുടിയില്‍ തലോടിയും അഭിനന്ദനം; ജീവിതത്തിലെ ഏറ്റവും സവിശേഷമൂഹൂര്‍ത്തമെന്ന് പ്രതികരണം

വിശ്വവിജയത്തിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ഗുകേഷ്

Update: 2024-12-12 15:22 GMT

സാന്റോസ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ കിരീടവിജയത്തിനു പിന്നാലെ ചെസ് ബോര്‍ഡിനു മുന്നില്‍ ആനന്ദക്കണ്ണീരൊഴുക്കി ഇന്ത്യയുടെ അഭിമാന താരം ഡി. ഗുകേഷ്. വിജയമുറപ്പിച്ചതോടെ രണ്ടു കൈകള്‍കൊണ്ടും മുഖം അമര്‍ത്തിപ്പിടിച്ചാണ് ഗുകേഷ് കരഞ്ഞത്. 'ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷ'മെന്നാണ് ലോക ചെസ് കിരീടവിജയത്തെ പതിനെട്ടുകാരന്‍ ഡി. ഗുകേഷ് വിശേഷിപ്പിച്ചത്. മത്സരശേഷം ഒഫീഷ്യല്‍സ് ഷെയ്ക് ഹാന്‍ഡ് നല്‍കുന്നതിനിടെയും ഗുകേഷിന് വിജയം നല്‍കിയ വൈകാരിക നിമിഷങ്ങള്‍ നിയന്ത്രിക്കാനായില്ല. ഡി ഗുകേഷിനെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു.

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനായി പുതുചരിത്രമെഴുതിയ ഗുകേഷ് തന്റെ വിജയനിമിഷത്തില്‍ വികാരാധീനനായി വിതുമ്പി. പിന്നീട് ഈശ്വരന് നന്ദി പറഞ്ഞു. മത്സര വേദിയില്‍നിന്നു പുറത്തിറങ്ങിയ ഗുകേഷ് നേരെ പോയത് പിതാവ് ഡോ. രജനീകാന്തിന്റെ അടുത്തേക്കാണ്. പിതാവിനെ കെട്ടിപ്പിടിച്ച് വിജയമാഘോഷിക്കുന്ന ഗുകേഷിനെ മാധ്യമസംഘവും പൊതിഞ്ഞു. മകന്റെ മുതുകില്‍ തട്ടിയും മുടിയില്‍ തലോടിയുമാണ് പിതാവ് അഭിനന്ദിച്ചത്. പിന്നീട് പരിശീലകരെ കെട്ടിപ്പിടിച്ചപ്പോഴും ഗുകേഷ് പൊട്ടിക്കരഞ്ഞു.

വാശിയേറിയ 14ാം ഗെയിമില്‍ ചൈനയുടെ ഡിങ് ലിറനെ തോല്‍പിച്ചാണ് ഗുകേഷ് കിരീടമുറപ്പിച്ചത്. സമനിലയിലേക്കു പോകുമെന്ന തോന്നിച്ച മത്സരത്തില്‍ ചൈനീസ് താരത്തിനു സംഭവിച്ച പിഴവു മുതലെടുത്തായിരുന്നു ഗുകേഷിന്റെ വിജയം. ഗുകേഷിന്റെ പിതാവ് രജനീകാന്ത് ഇഎന്‍ടി സര്‍ജനാണ്. മാതാവ് ഡോ. പത്മ മൈക്രോ ബയോളജിസ്റ്റായും പ്രവര്‍ത്തിക്കുന്നു.

സമനിലയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന മത്സരം ഡിങ് ലിറെന്റെ നീക്കത്തോടെയാണ് ഗുകേഷിന് അനുകൂലമായത്. ആ അവസരം ബുദ്ധിപരമായി കൈകാര്യം ചെയ്യാനായത് ഗുകേഷ് എന്ന ജീനിയസിന്റെ ബൗദ്ധികനിലവാരം വ്യക്തമാക്കുന്നു. തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഗുകേഷിന്റെ പ്രതികരണം.

ചെസിലെ ഇതിഹാസതാരം സാക്ഷാല്‍ ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡ് മറികടന്ന് ചെസില്‍ ലോക ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് 18-ാം വയസില്‍ ഇന്ത്യയുടെ ഗുകേഷ് സ്വന്തമാക്കിയത്. 22-ാം വസയിലാണ് കാസ്പറോവ് ലോക ചാമ്പ്യനായത്. അവസാന മത്സരത്തില്‍ കറുത്ത കരുക്കളുമായി കളിച്ച ഗുകേഷിനെക്കാള്‍ മുന്‍തൂക്കം നിലവിലെ ചാമ്പ്യനായിരുന്ന ഡിംഗ് ലിറനായിരുന്നു.എന്നാല്‍ നാടകീയമായ അവസാന മത്സരത്തില്‍ ജയവുമായി ഗുകേഷ് ഇന്ത്യയുടെ പുതിയ 'വിശ്വ'നാഥനായിരിക്കുന്നു.

2023ല്‍ ലോക ചാമ്പ്യനായെങ്കിലും ക്ലാസിക്കല്‍ ചെസില്‍ ഡിംഗ് ലിറന്റെ സമീപകാലഫോം അത്ര മികച്ചതായിരുന്നില്ല. ജനുവരിക്ക് ശേഷം ക്ലാസിക്കല്‍ ടൂര്‍ണമെന്റുകളില്‍ നിന്നെല്ലാം ലിറന്‍ വിട്ടുനിന്നപ്പോള്‍ ഗുകേഷ് ഏപ്രിലിലെ കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റില്‍ ജയിച്ചാണ് ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത ഉറപ്പാക്കി. എന്നാല്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഗെയിം ജയിച്ച് ആത്മവിശ്വാസം വീണ്ടെടുത്ത ലിറന്‍ പിന്നീട് രണ്ട് മത്സരങ്ങള്‍ കൂടി ജയിച്ചതോടെ ഗുകേഷിനും സമ്മര്‍ദ്ദമായി.എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ജയവുമായി ഗുകേഷ് തന്റെ ക്ലാസ് തെളിയിച്ചു. ഈ ഒരു നിമിഷത്തിനായി കഴിഞ്ഞ 10 വര്‍ഷമായി കാത്തിരിക്കുകായിരുന്നുവെന്നായിരുന്നു വിജയനിമിഷത്തില്‍ ഗുകേഷ് പറഞ്ഞത്. 2013 മുതല്‍ 2022 വരെ ലോക ചാമ്പ്യനായിരുന്ന മാഗ്‌നസ് കാള്‍സണ്‍ പ്രദോചനമില്ലെന്ന കാരണത്താല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയതോടെയാണ് 2023ല്‍ ഡിംഗ് ലിറന്‍ ലോക ചാമ്പ്യനായത്.

Tags:    

Similar News