ശബരി റെയില്‍ പദ്ധതിക്ക് വേണ്ടത് 475 ഹെക്ടര്‍ സ്ഥലം; കേരളം ഇതുവരെ ഏറ്റെടുത്തത് 64 ഹെക്ടര്‍ മാത്രം; പദ്ധതി വൈകുന്നത് സ്ഥലം ഏറ്റെടുക്കാന്‍ വൈകുന്നതുകൊണ്ടെന്ന് റെയില്‍വേ മന്ത്രി; ഒറ്റവരി പാതയുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍

ശബരി റെയില്‍ പദ്ധതി വൈകുന്നത് സ്ഥലം ഏറ്റെടുക്കാന്‍ വൈകുന്നതിനാല്‍

Update: 2024-12-18 18:11 GMT

ന്യൂഡല്‍ഹി: ശബരി റെയില്‍ പദ്ധതി വൈകുന്നതിന്റെ യഥാര്‍ത്ഥ കാരണം വിശദീകരിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതു കൊണ്ടാണ് പദ്ധതി നീണ്ടുപോകുന്നതെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ശബരി റെയില്‍ പദ്ധതി നടപ്പാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനം എടുത്തുവോ എന്ന ആന്റോ ആന്റണി എം.പി.യുടെ ചോദ്യത്തിന് ലോക്സഭയില്‍ മറുപടി പറയുകയായിരുന്നു റെയില്‍വേ മന്ത്രി.

റെയില്‍വേയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനായി 2111.83 കോടി രൂപ കേന്ദ്രം കേരളത്തിന് നല്‍കിയിട്ടുണ്ട്. പദ്ധതിക്കായി മൊത്തം 475 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. എന്നാല്‍ കേരള സര്‍ക്കാര്‍ ഇതുവരെ ഏറ്റെടുത്തത് 64 ഹെക്ടര്‍ സ്ഥലം മാത്രമാണ്. ഇനി ഏറ്റെടുക്കാനുള്ളത് 411 ഹെക്ടറും. സ്ഥലം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്. പദ്ധതി നടപ്പാക്കുന്നതിന്റെ വേഗം കേരള സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളിലായി കേരളത്തിന് ധനസഹായം നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ പലമടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്. 2009 മുതല്‍ 2014 വരെയുള്ള കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 372 കോടി രൂപയാണ്. മാത്രമല്ല, 2024-'25 കാലയളവില്‍ 3011 കോടി രൂപയാണ് മുഴുവനായോ ഭാഗീകമായോ വിവിധ പദ്ധതികളുടെ നടത്തിപ്പിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയതെന്നും കേന്ദ്രമന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി.

ശബരി പദ്ധതി ഇരട്ട ലൈനില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ശബരി റെയില്‍ പദ്ധതി നിര്‍ദിഷ്ട ഡി.പി.ആര്‍ പ്രകാരം ഒറ്റവരി പാതയുമായി മുന്നോട്ടു പോകാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണയായത്. വികസനഘട്ടത്തില്‍ പാത ഇരട്ടിപ്പിക്കല്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കും. ഇതിന് അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടാനും ധാരണയായി. ആദ്യഘട്ടത്തില്‍ അങ്കമാലി-എരുമേലി-നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. നിര്‍മാണ ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും. ഈ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചുകിട്ടാന്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെടും. ആര്‍.ബി.ഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്നാണ് നിലപാട്.

അങ്കമാലി മുതല്‍ എരുമേലി വരെ 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശബരി റെയില്‍വേ ലൈന്‍ 1997-98ലെ റെയില്‍വേ ബജറ്റിലെ നിര്‍ദേശമാണ്. ഈ പദ്ധതിക്കായി എട്ടു കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂര്‍ത്തിയായി. അങ്കമാലിക്കും കാലടിക്കും ഇടയിലുള്ള ഏഴ് കിലോമീറ്റര്‍ പാതയുടെ നിര്‍മാണം മുമ്പുതന്നെ പൂര്‍ത്തീകരിച്ചതാണ്. അടുത്ത 70 കിലോമീറ്റര്‍ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 2019 ലാണ് പദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചത്. അതോടെയാണ് തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചത്.

ഈ ഭാഗത്ത് രണ്ട് മേല്‍പാലങ്ങളുടെയും രണ്ട് അടിപ്പാതകളുടെയും നിര്‍മാണം വിഭാവനം ചെയ്തിരുന്നു. അടുത്ത 70 കിലോമീറ്റര്‍ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 26.09.2019ലെ റെയില്‍വേ ബോര്‍ഡിന്റെ കത്ത് മുഖാന്തരം പദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു.

അതോടെ മേല്‍പ്പാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിര്‍ത്തിവച്ചു. അങ്കമാലി സംസ്ഥാന ശബരി പദ്ധതിയുടെ 50 ശതമാനം തുക സര്‍ക്കാര്‍ വഹിക്കണമെന്ന് റെയില്‍വേ ആവശ്യപ്പെട്ടു. പൂര്‍ണമായും റെയില്‍വേ ഫണ്ടില്‍ തുടങ്ങിയ പദ്ധതിയാണെങ്കിലും 2,815 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതിയുടെ 50 ശതമാനം ചെലവ് കിഫ്ബി വഴി വഹിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാണെന്ന് 07.01.2021ന് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നു.

പുതുക്കിയ എസ്റ്റിമേറ്റ് 3800 കോടി

ശബരി പദ്ധതിയുടെ 50 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് റെയില്‍വേ ആവശ്യപ്പെട്ടിരുന്നു. പൂര്‍ണമായും റെയില്‍വേ ഫണ്ടില്‍ തുടങ്ങിയ പദ്ധതിയാണെങ്കിലും 2815 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതിയുടെ 50 ശതമാനം ചെലവ് കിഫ്ബി വഴി വഹിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാണെന്ന് 2021 ജനുവരി ഏഴിന് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നു.

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നിര്‍മാണ ചെലവ് 3800.93 കോടി രൂപയായി. റെയില്‍വേ ബോര്‍ഡിന്റെ ആവശ്യപ്രകാരം പുതുക്കിയ എസ്റ്റിമേറ്റിന് അനുസൃതമായി 50 ശതമാനം തുക പങ്കിടുന്നതിനുള്ള സന്നദ്ധത സംസ്ഥാന സര്‍ക്കാര്‍ നല്‍കിയെങ്കിലും പദ്ധതി റെയില്‍വേ പുനരുജ്ജീവിപ്പിച്ചിട്ടില്ല.

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നിര്‍മാണ ചെലവ് 3,800.93 കോടി രൂപയായി വര്‍ധിച്ചു. റെയില്‍വേ ബോര്‍ഡിന്റെ ആവശ്യപ്രകാരം പുതുക്കിയ എസ്റ്റിമേറ്റിനനുസൃതമായി 50 ശതമാനം തുക പങ്കിടുന്നതിനുള്ള സന്നദ്ധതക്കുള്ള സ്ഥിരീകരണം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയെങ്കിലും പദ്ധതി റെയില്‍വേ പുനരുജ്ജീവിപ്പിച്ചിട്ടില്ല. കേരള വികസനത്തിന് വലിയ കുതിപ്പേകുംവിധം ശബരി റെയില്‍ പദ്ധതി വിപുലീകരിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുള്ള ചെങ്ങന്നൂര്‍-പമ്പ പദ്ധതിക്ക് പകരം വിഴിഞ്ഞത്തെ ബന്ധിപ്പിക്കാവുന്ന പദ്ധതിയായി ഭാവിയില്‍ ഇത് വികസിപ്പിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രി വി. അബ്ദുറഹ്‌മാന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, എറണാകുളം ജില്ല കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഇടുക്കി കലക്ടര്‍ വി. വിഗ്‌നേശ്വരി, കോട്ടയം കലക്ടര്‍ ജോണ്‍ വി. സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News