അവിടെ മെത്രാന്മാരെ ആദരിക്കുന്നു പുല്‍ക്കൂട് വന്ദിക്കുന്നു; ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു; ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ! എല്ലാം നാടകം: മോദിയുടെ ക്രിസ്മസ് ആഘോഷത്തിലെ സാന്നിധ്യത്തെ വിമര്‍ശിച്ച് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്; പാലക്കാട്ടെ പുല്‍കൂട് തകര്‍ക്കലിന് പിന്നില്‍ ഗൂഡാലോചനയോ?

Update: 2024-12-24 04:53 GMT

തൃശൂര്‍: ക്രിസ്മസ് ആഘോഷങ്ങളിലെ ആക്രമണങ്ങളില്‍ ബിജെപിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ''അവിടെ മെത്രാന്മാരെ ആദരിക്കുന്നു പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു'' എന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ''ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ!'' എന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ ദിവസം കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വിമര്‍ശനം.

പാലക്കാട് ചിറ്റൂര്‍ നല്ലേപ്പിള്ളി ഗവ. യു.പി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനിടെ, വിശ്വഹിന്ദുപരിഷത്ത് ജില്ലാനേതാവടക്കം അധ്യാപകരെയും വിദ്യാര്‍ഥികളെയും ഭീഷണിപ്പെടുത്തുകയും തത്തമംഗലം ചെന്താമരനഗര്‍ ജി.ബി.യു.പി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനുണ്ടാക്കിയ പുല്‍ക്കൂട് അജ്ഞാതര്‍ തകര്‍ക്കുകയും ചെയ്തത് വിവാദമായിരുന്നു. ഈ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്.

ഒരിടത്ത് പ്രധാനമന്ത്രി പുല്‍ക്കൂട് വണങ്ങുന്നു, പാലക്കാട് പുല്‍ക്കൂട് നശിപ്പിക്കുന്നു. ഒരേ രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുകള്‍ തന്നെയാണ് ഇത് ചെയ്യുന്നതെന്ന്. ഇതിനെ ഒരു നാടകമായിട്ടാണ് കാണുന്നതെന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. ഊതിക്കൊണ്ട് കഴുത്തറക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം പരിഹസിച്ചു. അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടു, ഒരു തെരഞ്ഞെടുപ്പിനായി നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിക്കുന്നു, ബിജെപിയുടെ നാടകം തന്നെയാണ് മണിപ്പൂരിലും നടക്കുന്നതെന്നും മെത്രാപ്പൊലീത്ത വിമര്‍ശിച്ചു. ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ കോടതിയില്‍ പോവുന്നതും അതിന് വേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നത്. ഇതെല്ലാം മറച്ചു പിടിക്കാനുള്ള തലോടലാണ് ബാക്കിയെല്ലാമെന്നും മെത്രാപ്പൊലീത്ത പരിഹസിച്ചു.

ജുഗുത്സാവഹമായ ഇരട്ടത്താപ്പിന്റെ പ്രകടനമാണ് ഇതെല്ലാം. അതാണ് തൃശൂര്‍ ഒരു ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കാന്‍ ഇടയായത്. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസ്സിലാക്കേണ്ടതാണ്. സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി എന്ന സവര്‍ക്കറുടെ ചിന്തയെ നിലനില്‍ക്കുന്ന സാഹചര്യത്തിനനുസരിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്ന അവസ്ഥയാണിത്. പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യം പ്രധാനമന്ത്രിയോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് കൂട്ടിച്ചേര്‍ത്തു. നല്ലേപ്പിള്ളി ഗവ. യു.പി. സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിനെതിരേ വി.എച്ച്.പി. നേതാക്കളെത്തി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് തത്തമംഗലം ചെന്താമരനഗര്‍ ജി.ബി.യു.പി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനുണ്ടാക്കിയ പുല്‍ക്കൂട് തകര്‍ത്തനിലയില്‍ കണ്ടെത്തിയെന്നാണ് ആരോപണം. എന്നാല്‍ സംഭവത്തില്‍ ഗൂഡാലോചന ബിജെപി ആരോപിച്ചിട്ടുണ്ട്.

രണ്ടുസംഭവങ്ങളും അന്വേഷിക്കുന്നതിനായി ചിറ്റൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സ്‌കൂളുകള്‍ സന്ദര്‍ശിച്ചശേഷം മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സമീപത്തെ കടകളിലും വീടുകളിലുമുള്ള സി.സി.ടി.വി.കള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളിലെ പ്രധാനാധ്യാപകരോടും പി ടി എ ഭാരവാഹികളോടും പൊലീസ് ഇന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയും. നല്ലേപ്പിള്ളി സ്‌കൂളിലെ സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം പൊലീസ് വി എച്ച്പി പ്രവര്‍ത്തകരായ പ്രതികളെ പിടികൂടിയിരുന്നു. അധ്യാപകര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

14 ദിവസത്തെ റിമാന്‍ഡില്‍ ചിറ്റൂര്‍ ജയിലില്‍ കഴിയുകയാണ് ഇവര്‍. നല്ലേപിള്ളിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയുള്ള തത്തമംഗലത്ത് നടന്നതും സമാന സ്വഭാവമുള്ള സംഭവമാണെന്നാണ് പൊലിസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇത് കണക്കിലെടുത്ത് റിമാന്‍ഡിലുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. വിശ്വഹിന്ദുപരിഷതിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് നടത്തിയ സ്‌കൂളുകളില്‍ ആസൂത്രിതമായി അക്രമം നടത്താന്‍ പദ്ധതിയുണ്ടായിരുന്നോ, ഇതിന് പിന്നില്‍ മറ്റ് ഇടപെടലുകളുണ്ടോയെന്നും അറിയാനായിരിക്കും പ്രതികളെ ചോദ്യം ചെയ്യുന്നത്. ശാസ്ത്രീയ പരിശോധനഫലം, സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്. ഇതിനിടയിലാണ് വി എച്ച് പി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താനും തീരുമാനിച്ചത്.

നല്ലേപ്പിള്ളിയില്‍ വിഎച്ച് പിയുമായും സംഘ്പരിവാര്‍ സംഘടനകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും നിരീക്ഷിക്കുകയാണെന്നും അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി പറഞ്ഞു. തത്തമംഗലം ജി.ബി. യു പി സ്‌കൂളിലെ ക്ലാസ് മുറിയോട് ചേര്‍ന്ന് സൂക്ഷിച്ചിരുന്ന രൂപങ്ങളാണ് തകര്‍ത്തത്. പ്രധാനാധ്യാപകന്റെ പരാതിയില്‍ ചിറ്റൂര്‍ പൊലീസ് കേസെടുത്തു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണമെന്ന് പോലീസ് എഫ് ഐ ആര്‍.

Tags:    

Similar News