പതിനേഴാം വയസ്സില്‍ ആദ്യ വിവാഹം; പന്ത്രണ്ട് ഭാര്യമാരിലായി പത്തിനും 50നും ഇടയില്‍ പ്രായമുള്ള 102 മക്കള്‍; ഏറ്റവും ഇളയ ഭാര്യയുടെ പ്രായം 35; 578 പേരക്കുട്ടികളും; ഉഗാണ്ടയിലെ മുസ ഹസഹ്യ കസേറയുടെ കുടുംബജീവിതം വാര്‍ത്തകളില്‍ നിറയുമ്പോള്‍

ഉഗാണ്ടയിലെ മുസ ഹസഹ്യ കസേറയുടെ കുടുംബജീവിതം വാര്‍ത്തകളില്‍ നിറയുമ്പോള്‍

Update: 2024-12-26 11:38 GMT

കമ്പാല: ആരെയും അമ്പരപ്പിക്കുന്ന വിശാലമായ കുടുംബജീവിതം കൊണ്ട് വാര്‍ത്തകളില്‍ ശ്രദ്ധനേടുകയാണ് 70കാരനായ ഒരു ഉഗാണ്ട സ്വദേശി. പന്ത്രണ്ട് ഭാര്യമാരും 102 മക്കളും 578 കൊച്ചു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ പേരിലാണ് ഇദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കിഴക്കന്‍ ഉഗാണ്ടയിലെ മുകീസ ഗ്രാമവാസിയായ മൂസ ഹസഹ്യ കാസെറയാണ് ഈ വൈറല്‍ കുടുംബത്തിന്റെ നാഥന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ മക്കളുളള വ്യക്തി എന്ന പേരില്‍ പ്രചരിച്ച മൂസയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇദ്ദേഹത്തിന്റെ കൂടുംബം വൈറലായി മാറിയത്.

1972ല്‍ 17ാം വയസിലായിരുന്നു മൂസയുടെ ആദ്യവിവാഹം. കന്നുകാലിക്കച്ചവടത്തിലും മാംസകച്ചവടത്തിലും പേരെടുത്ത മൂസയില്‍ ആകൃഷ്ടരായ ഗ്രാമവാസികള്‍ തങ്ങളുടെ പെണ്‍മക്കളെ മൂസയ്ക്ക് വിവാഹം ചെയ്ത് നല്‍കാമെന്ന വാഗ്ദാനവുമായി മുന്നോട്ട് വന്നിരുന്നു. ഉഗാണ്ടയിലെ ചില പ്രത്യേക മതവിഭാഗക്കാരില്‍ ബഹുഭാര്യത്വം നിയമപരമായിരുന്നെങ്കിലും 1995ഓടെ ശൈശവവിവാഹം രാജ്യത്ത് നിരോധിക്കപ്പെട്ടിരുന്നു. 18ാം വയസിലാണ് മൂസയ്ക്ക് ആദ്യ കുഞ്ഞ് ജനിക്കുന്നത്. സാഡ്ര നബ്‌വിരേ എന്നാണ് മൂസ മൂത്ത മകള്‍ക്ക് നല്‍കിയ പേര്. ഇന്ന് 10 വയസ് മുതല്‍ 50 വയസ് വരെയുളള മക്കള്‍ മൂസക്ക് ഉണ്ട്.

12 ഭാര്യമാരാണ് നിലവില്‍ 70കാരനായ മൂസയ്ക്കുളളത്. അതില്‍ തന്നെ 35വയസുകാരിയായ ഭാര്യയാണ് ഏറ്റവും അവസാനത്തേത്. 12 ഭാര്യമാരില്‍ നിന്നായി 102 മക്കളാണ് മൂസയ്ക്ക് പിറന്നത്. മക്കളുടെ മക്കള്‍ കൂടിയായപ്പോള്‍ കുടുംബം വീണ്ടും വളര്‍ന്നു. ഇപ്പോള്‍ 578 കൊച്ചുമക്കളുടെ മുത്തശ്ശന്‍ കൂടിയാണ് മൂസ. വളര്‍ന്നുവലുതാകുന്ന കുടുംബം വലിയൊരു അനുഗ്രഹമാണെങ്കിലും ഇടയ്‌ക്കൊക്കെ ബുദ്ധിമുട്ടാകാറുമുണ്ടെന്നാണ് മൂസയുടെ വാദം.

എനിക്ക് ആദ്യത്തെ കുഞ്ഞിന്റെയും അവസാനത്തെ കുഞ്ഞിന്റെയും പിന്നെ മറ്റു ചില കുട്ടികളുടെയും പേരുകള്‍ മാത്രമേ ഓര്‍മയില്‍ നില്‍ക്കാറുളളുവെന്ന് മൂസ പറയുന്നു. 102 മക്കളുടെയും 578 കൊച്ചുമക്കളുടെയും പേരുകള്‍ ഓര്‍ത്തുവയ്ക്കുക വളരെ പ്രയാസമേറിയ കാര്യമാണെന്നും മൂസ പറയുന്നു. മക്കള്‍ ജനിച്ച വര്‍ഷവും അവരുടെ പേരുകളും ഏത് ഭാര്യയില്‍ ജനിച്ച കുഞ്ഞുങ്ങളാണെന്നതടക്കമുളള കാര്യങ്ങള്‍ ഒരു നോട്ട്ബുക്കില്‍ കുറിച്ചുവച്ചിട്ടുണ്ട് മൂസ. പലപ്പോഴും ഈ ബുക്ക് തന്നെ സഹായിക്കാറുണ്ടെന്നും മൂസ പറയുന്നു.


 



ഇത്രയും വലിയ കുടുംബം സ്വന്തമായിട്ടുണ്ടെങ്കിലും കാണുന്ന പോലെ അത്ര സുഖകരമല്ല മൂസയുടെ ജീവിതം. തുരുമ്പെടുത്ത മേല്‍ക്കൂരയുളള കൊച്ചുവീട്ടിലാണ് മൂസയും കുടുംബവും കഴിയുന്നത്. ഇത്രയും അംഗങ്ങള്‍ക്ക് ഒരുമിച്ച് കഴിയാന്‍ സാധിക്കാത്തതിലാല്‍ തൊട്ടടുത്തായി പുല്ല് മേഞ്ഞ മണ്‍കുടിലുകളിലായാണ് മക്കളും കൊച്ചുമക്കളുമെല്ലാം കഴിയുന്നത്. മൂസയുടെ രണ്ടേക്കര്‍ ഭൂമിയിലായി അടുത്തടുത്തായാണ് ഈ കുടുംബം കഴിയുന്നത്. തങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് കഴിഞ്ഞുകൂടുന്നതെന്ന് മൂസയുടെ മൂന്നാമത്തെ ഭാര്യ സബിന പറയുന്നു. 'ഭക്ഷണം കഷ്ടിച്ചാണ് ലഭിക്കുന്നത്. കുട്ടികള്‍ക്ക് ദിവസവും ഒരു നേരമാണ് നല്ല ഭക്ഷണം കൊടുക്കാനാകുന്നത്. ചില ദിവസങ്ങളില്‍ രണ്ടുനേരവും കൊടുക്കാന്‍ സാധിക്കുമെന്നും' സബിന പറഞ്ഞു.

പട്ടിണിയാണ് മൂസയുടെ കുടുംബം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. അയല്‍വാസികള്‍ക്ക് വേണ്ടി വെളളവും വിറകും കൊണ്ടുവന്നുകൊടുക്കുന്ന ജോലിയാണ് കുട്ടികള്‍ക്ക്. മറ്റുളളവരും ചെറിയ ജോലികളില്‍ ഏര്‍പ്പെട്ടാണ് വരുമാനം കണ്ടെത്തുന്നത്. തുടക്കത്തില്‍ വീണ്ടും വീണ്ടും വിവാഹം കഴിക്കുന്നത് തനിക്കൊരു തമാശയായിരുന്നെന്നും എന്നാല്‍ ഇപ്പോഴാണ് അതിന്റെ ഗൗരവം താന്‍ മനസിലാക്കുന്നതെന്നും മൂസ പറയുന്നു.

''ആദ്യമൊക്കെ തമാശയായിരുന്നു. ഇപ്പോള്‍ അതൊരു പ്രശ്‌നമായിട്ടുണ്ട്. എന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. വലിയ കുടുംബത്തിന്റെ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍പോലും പൂര്‍ത്തീകരിക്കാന്‍ എന്നെക്കൊണ്ട് പറ്റുന്നില്ല'' -മകാസെറ പറയുന്നു. മുതിര്‍ന്ന മക്കള്‍ സഹായിക്കുന്നുണ്ടെങ്കിലും അത് പോരാതെ വരുന്നു. രണ്ടു ഭാര്യമാര്‍ അദ്ദേഹത്തെ വിട്ടുപോയി. മറ്റു മൂന്നുപേരും മക്കളും വീട്ടില്‍ സ്ഥലമില്ലാത്തതിനാല്‍ രണ്ടു കിലോമീറ്റര്‍ അകലെ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.

കൂടുതല്‍ കുട്ടികള്‍ ഉണ്ടാകാതിരിക്കാന്‍ ഭാര്യമാര്‍ പ്രസവം നിര്‍ത്തി. രണ്ടേക്കറോളം വരുന്ന സ്ഥലത്ത് കാലികളെ വളര്‍ത്തിയും വിനോദസഞ്ചാരികള്‍ക്ക് സേവനം ചെയ്തുമായിരുന്നു അദ്ദേഹം കുടുംബം പോറ്റിയിരുന്നത്. അംഗസംഖ്യ വര്‍ധിച്ചതോടെ കാര്യങ്ങള്‍ കൈപ്പിടിയിലൊതുങ്ങാതായി.

കുടുംബത്തിന്റെ പൈതൃകം കാക്കാന്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകാന്‍ ഇനിയും വിവാഹം കഴിക്കണമെന്ന് ഉപദേശിച്ചത് സഹോദരനും സുഹൃത്തുക്കളുമാണ്. ഭാര്യമാരും മക്കളും തമ്മില്‍ തര്‍ക്കവും പ്രശ്‌നങ്ങളുമൊന്നുമില്ല. മാസത്തില്‍ നടത്തുന്ന കുടുംബ യോഗമാണ് ഈ ഐക്യത്തിന് ബലംനല്‍കുന്നത്. ''പ്രയാസങ്ങള്‍ ഉണ്ടെങ്കിലും അവരെല്ലാം എന്നെ സ്‌നേഹിക്കുന്നു. നോക്കൂ, അവരെല്ലാം സന്തോഷത്തിലാണ്. വേണ്ടവിധം നോക്കാന്‍ കഴിയുന്നില്ലെന്ന സങ്കടം എനിക്കാണ്'' -കാസെറ പറയുന്നു.

Similar News