ക്രിസ്മസ് ദിനത്തിലെ പ്രസംഗത്തിലും വിമര്‍ശനം; ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യം; മാര്‍പാപ്പയുടെ പ്രതികരണത്തിനെതിരെ ഇസ്രായേല്‍; പ്രതിഷേധം അറിയിക്കാന്‍ വത്തിക്കാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി
മാര്‍പാപ്പയുടെ വിമര്‍ശനം, വത്തിക്കാന്‍ സ്ഥാനപതിയെ വിളിപ്പിച്ച് ഇസ്രയേല്‍
ടെല്‍ അവീവ്: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ ശക്തമായ ഭാഷയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചതിന് പിന്നാലെ വത്തിക്കാന്‍ സ്ഥാനപതിയെ ഇസ്രയേല്‍ വിളിപ്പിച്ചതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് കുട്ടികളടക്കം ഒരു കുടുംബത്തിലെ 12 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് മാര്‍പാപ്പ നടത്തിയത്. എന്നാല്‍ മാര്‍പാപ്പയുടെ വിമര്‍ശനം ഇസ്രയേലിന് ഉള്‍ക്കൊള്ളാനായിട്ടില്ല. ഇതിന് പിന്നാലെ കടുത്ത നടപടിയിലേക്ക് കടന്നിരിക്കുകയാണ് ഇസ്രയേല്‍. മാര്‍പാപ്പയുടെ വിമര്‍ശനങ്ങളോടുള്ള പ്രതിഷേധം അറിയിക്കാനായാണ് വത്തിക്കാന്‍ സ്ഥാനപതിയെ ഇസ്രയേല്‍ വിളിപ്പിച്ചത്.
ജറൂസലേമിലെ വത്തിക്കാന്‍ സ്ഥാനപതി നൂണ്‍സിയോ അഡോള്‍ഫോ ടിറ്റോ യല്ലാനയെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ഡയറക്ടര്‍ ജനറലാണ് വിളിപ്പിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പോലും മാര്‍പാപ്പ, ഇസ്രയേലിന് വിമര്‍ശിച്ചിരുന്നു. ഗാസയില്‍ നടത്തുന്ന കൂട്ടക്കുരുതി ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയില്‍ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കാനും ലോകരാജ്യങ്ങള്‍ ഇടപെടണമെന്ന ആഹ്വാനവും മാര്‍പാപ്പ നടത്തിയിരുന്നു. ലോകരാജ്യങ്ങള്‍ ഇടപെട്ട് ബന്ദികളെ മോചിപ്പിക്കണമെന്നും പട്ടിണിയും യുദ്ധവും മൂലം തളര്‍ന്നിരിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കണമെന്നും കഴിഞ്ഞ ദിവസം മാര്‍പാപ്പ പറഞ്ഞിരുന്നു.
ഗാസയുടെ കാര്യം മാത്രമല്ല, യുക്രൈനിലെയും സുഡാനിലെയും സാഹചര്യം സമാധാനപരമാകണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്ന ശേഷം നടത്തിയ ക്രിസ്മസ് സന്ദേശം പ്രസംഗത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തെ യുദ്ധ സാഹര്യത്തെ വിമര്‍ശിച്ചത്. യുദ്ധവും അക്രമവും കാരണം തകര്‍ക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാന്‍ ക്രിസ്മസിനാകട്ടേയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു.
ക്രിസ്മസ് ദിനത്തില്‍ റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടത്തിയ പ്രസംഗത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വാര്‍ഷിക പ്രഭാഷണങ്ങളിലുമാണ് മാര്‍പാപ്പ ഇസ്രായേലിനെതിരെ രംഗത്തുവന്നത്. ഗാസയില്‍ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. 'ഇസ്രായേലിലെയും പലസ്തീനിലെയും, പ്രത്യേകിച്ച് മനുഷ്യ ജീവിതം അതീവ ദുസ്സഹമായ ഗാസയിലെയും ക്രിസ്ത്യന്‍ സമൂഹങ്ങളെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. വെടിനിര്‍ത്തല്‍ ഉണ്ടാകട്ടെ. ബന്ദികളെ മോചിപ്പിക്കുകയും പട്ടിണിയും യുദ്ധവും മൂലം തളര്‍ന്നിരിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്യട്ടെ... ' -അദ്ദേഹം പറഞ്ഞു.
യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്‌നില്‍ ആയുധങ്ങളുടെ ശബ്ദം നിലക്കട്ടെയെന്നും മാര്‍പാപ്പ പ്രത്യാശിച്ചു. 'ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും നീതിയും ശാശ്വതവുമായ സമാധാനം കൈവരിക്കാന്‍ കഴിയട്ടെ' -എന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയില്‍ കഴിയുന്ന ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനിലും സമാധാനം കൈവരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ മാര്‍പാപ്പ കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. ''ഗസ്സയില്‍ നടത്തുന്ന ക്രൂരതകളെ കുറിച്ച് ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു... കുട്ടികളെ യന്ത്രത്തോക്കുകളാല്‍ കൊല്ലുന്നു. സ്‌കൂളുകളിലും ആശുപത്രികളിലും ബോംബാക്രമണം നടത്തുന്നു. എന്തൊരു ക്രൂരതയാണിത്...'' -എന്നായിരുന്നു പ്രതിവാര പ്രാര്‍ത്ഥനക്ക് ശേഷം മാര്‍പാപ്പ പറഞ്ഞത്. ഇസ്രായേല്‍ ഗാസയില്‍ നടത്തുന്നത് യുദ്ധമല്ലെന്നും ക്രൂരതയാണെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു. തന്റെ വാര്‍ഷിക ക്രിസ്മസ് പ്രസംഗത്തിലായിരുന്നു മാര്‍പാപ്പയുടെ പരാമര്‍ശങ്ങള്‍. 'കുട്ടികള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്. ഇത് യുദ്ധമല്ല, ക്രൂരതയാണ്. എന്റെ ഹൃദയത്തെ സ്പര്‍ശിച്ചതിനാലാണ് ഞാനിത് തുറന്നുപറയാന്‍ ആഗ്രഹിച്ചത്'- വത്തിക്കാനിലെ വിവിധ വകുപ്പുകളെ നയിക്കുന്ന കത്തോലിക്കാ കര്‍ദിനാള്‍മാരോട് സംസാരിക്കവെ മാര്‍പാപ്പ പറഞ്ഞു. ഗാസയില്‍ ഇസ്രായേല്‍ വംശഹത്യയാണോ നടത്തുന്നതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പ നേരത്തെയും രംഗത്തെത്തിയിരുന്നു.