കൈക്കൂലി ആരോപണത്തില്‍ കള്ളക്കഥ പൊളിയുന്നു; എ.ഡി.എം നവീന്‍ ബാബുവിനെതിരെ പെട്രോള്‍ പമ്പ് വ്യവസായ സംരഭകന്‍ പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; ടിവി പ്രശാന്തന്റെ പരാതി വ്യാജം

കൈക്കൂലി ആരോപണത്തില്‍ കള്ളക്കഥ പൊളിയുന്നു

Update: 2024-12-28 09:30 GMT

കണ്ണൂര്‍: കൈക്കൂലി ആരോപണം ഉന്നയിച്ച് കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെതിരെ പെട്രോള്‍ പമ്പ് വ്യവസായ സംരഭകള്‍ ടിവി പ്രശാന്തന്‍ പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് രേഖാമൂലം അറിയിച്ചു. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലില്‍ ടിവി പ്രശാന്തന്റെ പരാതി കിട്ടിയിട്ടില്ലെന്നാണ് വിശദീകരണം.

വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലൂടെയാണ് ഓഫീസിന്റെ വിശദീകരണം. ഇരിക്കൂര്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി എന്‍ എ ഖാദര്‍ നല്‍കിയ അപേക്ഷക്കാണ് മറുപടി നല്‍കിയിരിക്കുന്നത്. മുന്‍പ് നല്‍കിയ അപേക്ഷയില്‍ കൃത്യമായ കാലയളവ് രേഖപ്പെടുത്തിയിട്ടില്ലാത്ത കാരണം പറഞ്ഞ് നിരസിച്ചിരുന്നു.

പ്രശാന്തന്റേത് വ്യാജ പരാതിയാണെന്ന ആരോപണം തുടക്കത്തിലെ ചില മാധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നു. എഡിഎമ്മിനെതിരെ പ്രശാന്ത് നല്‍കിയതെന്ന പേരില്‍ പ്രചരിച്ച പരാതി വ്യാജമെന്ന് തെളിയിക്കുന്ന സുപ്രധാന രേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ മന്ത്രി കെ.രാജന്‍ ഉള്‍പ്പെടെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിനായി രൂപീകരിച്ച വെബ്‌സൈറ്റു മുഖേനെയല്ലാതെ രണ്ട് കടലാസുകള്‍ മാത്രമാണ് ടി.വി പ്രശാന്തന്‍മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നത്.


 



ഇതിലാകട്ടെ പേരും ഒപ്പും വ്യത്യാസമായിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി വ്യാജമാണെന്ന ആരോപണം ഉയര്‍ന്നത്. കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ഔദ്യോഗിക വസതിക്ക് സമീപം വെച്ച് ചെങ്ങളായിയിലെ പെട്രോള്‍ പമ്പ് അനുവദിക്കുന്നതിനായി നിരാക്ഷേപപത്രം ലഭിക്കുന്നതിനായി താന്‍ 98,500 രൂപ എ.ഡി. എമ്മിന് സ്വര്‍ണ പണയ വായ്പയായെടുത്ത് കൈക്കൂലി നല്‍കിയെന്നായിരുന്നു ടി.വി പ്രശാന്തന്റെ ആരോപണം.

എന്നാല്‍ ഇതേ പരാതി വിജിലന്‍സിനും നല്‍കിയിരുന്നുവെങ്കിലും വിജിലന്‍സ് നടത്തിയ അന്വേഷണത്തിലും നവീന്‍ ബാബു കൈക്കുലി വാങ്ങിയതായി തെളിഞ്ഞിട്ടില്ല. ടി.വി പ്രശാന്തില്‍ നിന്നും കൈകൂലി വാങ്ങിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ ഒക്ടോബര്‍ 14 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തിനിടെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നവീന്‍ ബാബുവിനെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

ഇതിന്റെ മനോവിഷമത്താലാണ് നവീന്‍ ബാബു തന്റെ ഔദ്യോഗിക വസതിയില്‍ ജീവനൊടുക്കിയതെന്നാണ് പൊലിസ് അന്വേഷണ റിപ്പോര്‍ട്ട് 'ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റു ചെയ്ത പി.പി ദിവ്യ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

അതേ സമയം തെളിവുകള്‍ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പുമായി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി. കുടുംബം ആവശ്യപ്പെട്ടതെല്ലാം പ്രോസിക്യൂഷന്‍ പരിഗണിക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തീര്‍പ്പാക്കിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിച്ചു വരികയാണെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയെന്ന് കോടതി അറിയിച്ചു.

Tags:    

Similar News