ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുണ്ടെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി കണക്കിലെടുത്തില്ല; പ്രഥമദൃഷ്ട്യ എസ്റ്റേറ്റുടമകളാണ് ഭൂമിയുടെ ഉടമസ്ഥരെന്ന് വിലയിരുത്തിയ ഉത്തരവ്; ചൂരമല വിധിയില്‍ അപ്പീല്‍ ചിന്തയില്‍ സര്‍ക്കാര്‍; പുനരധിവാസം നീളുമോ? വിശദ നിയമോപദേശം തേടാന്‍ തീരുമാനം
തിരുവനന്തപുരം: ചൂരല്‍മല മോഡല്‍ ടൗണ്‍ഷിപ്പിനുള്ള ഭൂമി ഏറ്റെടുക്കലിലെ ഹൈക്കോടതി വിധി സര്‍ക്കാര്‍ അംഗീകരിക്കില്ല. തര്‍ക്കം ഉന്നയിച്ച എസ്റ്റേറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൂര്‍ പണം നല്‍കണമെന്ന വ്യവസ്ഥയെ പിണറായി സര്‍ക്കാര്‍ അംഗീകരിക്കില്ല. സമാന കേസുകളില്‍ ഭാവിയില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന അഭിപ്രായം ശക്തമാണ്. പുനരധിവാസ നടപടികള്‍ തുടങ്ങിയ ശേഷം അപ്പീല്‍ നല്‍കുന്നതും ആലോചനയിലുണ്ട്. എന്നാല്‍ അപ്പീല്‍ പോയാല്‍ തുടര്‍ നടപടികള്‍ തടസ്സമാകുമെന്ന വാദവും ഉയരുന്നുണ്ട്.
വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗണ്‍ഷിപ്പുകളുടെ നിര്‍മ്മാണത്തിന് നെടുമ്പാല എസ്റ്റേറ്റില്‍ 65.41 ഹെക്ടറും കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിന്ന് 78.73 ഹെക്ടറും ആണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഹൈക്കോടതി വിധിപ്രകാരം 2013 ലെ ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ നിയമപ്രകാരം ഏറ്റെടുക്കലുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം. നിയമപ്രകാരം ഉള്ള നഷ്ടപരിഹാരം സര്‍ക്കാരിന് തീരുമാനിച്ച് തുക എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണം. തര്‍ക്കമുണ്ടെങ്കില്‍ തോട്ടം ഉടമകള്‍ക്ക് നിയമവഴി തേടാം. കാലതാമസം ഒഴിവാക്കി ടൗണ്‍ഷിപ്പ് നിര്‍മ്മാണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നതാണ് അവസ്ഥ.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുണ്ടെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി കണക്കിലെടുത്തില്ല. സര്‍ക്കാര്‍ മുന്‍കൂര്‍ പണം നല്‍കണമെന്ന് ഭൂമി കൈവശം വെച്ചവര്‍ ഉന്നയിച്ച ആവശ്യം അംഗീകരിക്കുകയും ചെയ്തു. കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിലടക്കം ഹാരിസണ്‍ അടക്കം വന്‍കിട എസ്റ്റേറ്റുകളുടെ തോട്ട ഭൂമി തിരിച്ചുപിടിക്കലില്‍ സര്‍ക്കാര്‍ നിയമപോരാട്ടങ്ങളിലാണ്. എരുമേലിയിലെ ചെറുവള്ളി എസ്‌റ്റേറ്റിലും തര്‍ക്കമുണ്ട്. ശബരിമല വിമാനത്താവളത്തിന് കണ്ടു വച്ചിരിക്കുന്ന ഭൂമിയാണ് ഇത്.
അതുകൊണ്ടാണ് വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന അഭിപ്രായം സജീവമാകുന്നത്. ആപ്പീല്‍ പോയാല്‍ വയനാട്ടിലെ ടൗണ്‍ഷിപ്പ് നീളും. ഇത് മറ്റ് വിവാദങ്ങള്‍ക്കും വകവയ്ക്കും. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ കാലതാമസം കൂടാതെ നിര്‍വഹിക്കുന്നതിന് സ്പെഷല്‍ ഓഫിസറായി (വയനാട് ടൗണ്‍ഷിപ്പ് - പ്രിലിമിനറി വര്‍ക്ക്സ്) ഡോ. ജെ.ഒ.അരുണിന് അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.
നിലവില്‍ മലപ്പുറം എന്‍എച്ച്966 (ഗ്രീന്‍ഫീല്‍ഡ്) എല്‍എ ഡെപ്യൂട്ടി കലക്ടറാണ്. ദുരന്തബാധിതരുടെ പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ് നിര്‍മിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുള്ള നെടുമ്പാല എസ്റ്റേറ്റിലെയും എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെയും സ്ഥലം പൊസഷന്‍ ഏറ്റെടുക്കുന്നതിനും മോഡല്‍ ടൗണ്‍ഷിപ് നിര്‍മിക്കാനും ഒക്ടോബര്‍ 10ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനിടെയാണ് അപ്പീല്‍ നല്‍കണമെന്ന അഭിപ്രായം ഉയരുന്നത്.
വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയത്. എസ്റ്റേറ്റുടമകള്‍ക്ക് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്നും പറയുന്നു. ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി ഭൂമിയളന്ന് തിരിക്കുന്ന നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവില്‍ പറയുന്നു. പ്രഥമദൃഷ്ട്യ എസ്റ്റേറ്റുടമകളാണ് ഭൂമിയുടെ ഉടമസ്ഥരെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
2013-ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഭൂമി സംബന്ധമായ കേസ് സിവില്‍ കോടതിയിലുള്ളതിനാല്‍ നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെക്കാം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.