കയ്യില്‍ നിന്ന് കാശിട്ട് എസ് പി സി നടത്തുന്ന അധ്യാപകര്‍; ക്യാമ്പില്‍ പിരിച്ച് ഭക്ഷണം എത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍; പരിശീലിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷമായി പ്രതിഫലമില്ല; വിരമിച്ച പൊലീസുകാരും സേവനം മതിയാക്കി; സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ സ്റ്റുഡന്റ് പൊലീസ് പദ്ധതി പെരുവഴിയില്‍

സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ സ്റ്റുഡന്റ് പൊലീസ് പദ്ധതി പെരുവഴിയില്‍

Update: 2024-12-29 06:55 GMT

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ പരിശീലിപ്പിക്കുന്ന അധ്യാപകര്‍ക്കും പൊലീസുകാര്‍ക്കും രണ്ട് വര്‍ഷമായി പ്രതിഫലമില്ല. പണമില്ലാത്തതിനാല്‍ കുട്ടിപ്പൊലീസുകാരെ പരിശീലിപ്പിക്കുന്ന പരിശീലകര്‍ പലരും സ്‌കൂളുകളിലേക്ക് പോകാറില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ പദ്ധതി വഴിമുട്ടുമ്പോഴും രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം 70 സ്‌കൂളുകളില്‍ കൂടി സര്‍ക്കാര്‍ എസ് പി സി അനുവദിച്ചിരുന്നു. എന്നാല്‍ പ്രതിഫലം മുടങ്ങിയതോടെ സ്റ്റുഡന്‍സിനെ പരിശീലിപ്പിച്ചിരുന്ന വിരമിച്ച പൊലീസുകാരടക്കം പിന്‍വാങ്ങിയിരിക്കുകയാണ്.

ഫണ്ട് നല്‍കാത്തതിനാല്‍ കയ്യില്‍ നിന്ന് കാശിട്ട് എസ് പി സി നടത്തുന്ന അധ്യാപകര്‍, ക്യാമ്പില്‍ പിരിച്ച് ഭക്ഷണം എത്തിക്കുന്ന കുട്ടികള്‍ അങ്ങനെയുള്ള നിരവധി പ്രശ്‌നങ്ങള്‍ക്കിടെയാണ് കുട്ടിപ്പൊലീസുകാരെ പരിശീലിപ്പിക്കുന്ന അധ്യാപകരും പ്രതിഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായത്. പരിശീലനത്തിനായി അധ്യാപകര്‍ക്ക് പ്രതിവര്‍ഷം 7500 രൂപയാണ് നല്‍കാറുള്ളത്. പ്രതിഫലം മുടങ്ങിയതോടെ പരിശീലനം നല്‍കിയിരുന്ന വിരമിച്ച പൊലീസുകാര്‍ സേവനം അവസാനിപ്പിച്ചു. പണമില്ലാത്തതിനാല്‍ കുട്ടിപ്പൊലീസുകാര്‍ നേരിടുന്ന ദുരവസ്ഥ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

പരിശീലനത്തിനായി വിരമിച്ച പൊലിസുദ്യോഗസ്ഥരെ സേവനവും പ്രയോജനപ്പെടുത്താറുണ്ട്. രണ്ടു വര്‍ഷമായി അധ്യാപകര്‍ക്കും പൊലിസുകാര്‍ക്കും പണവും നല്‍കുന്നില്ല. ഇതോടെ വിരമിച്ച പൊലിസുകാര്‍ പല സ്‌കൂളിലേക്കും വരുന്നില്ല. മൂന്നു ലക്ഷം രൂപ കെട്ടിവച്ചാല്‍ മാത്രമാണ് എയ്ഡഡ് സ്‌കൂളുകള്‍ക്ക് പദ്ധതി ലഭിക്കുകയുള്ളു. പണം കെട്ടിവച്ച് പദ്ധതി നേടിയിട്ടും കുട്ടികളുടെ ചെലവിന് മാനേജുമെന്റുകള്‍ക്ക് ഇപ്പോഴും പണം ചെലവാക്കേണ്ടിവരുന്നുവെന്നാണ് പരാതി.

പണമില്ലാതെ വഴിമുട്ടിനില്‍ക്കുമ്പോഴും എസ് പി സിക്കായി പിടിവലിയും രാഷ്ട്രീയസമ്മര്‍ദ്ദവും തുടരുന്നു. 70 പുതിയ സ്‌കൂളുകളില്‍ പുതുതായി പദ്ധതിക്ക് അനുമതി നല്‍കി. ഒരു പഞ്ചായത്തിലെ തന്നെ നിരവധി സ്‌കൂളുകളിലും പദ്ധതിയുണ്ട്. ഉള്ളവ നടത്താന്‍ കാശ് കൊടുക്കാതെ എന്തിന് വീണ്ടും പദ്ധതി എന്ന ചോദ്യമാണ് ബാക്കിയാണ്.

സ്‌കൂളിന് ഒരു വര്‍ഷത്തേക്ക് 60,000 രൂപ റിഫ്രഷ്മെന്റ് അലവന്‍സായി ലഭിക്കേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം സൗജന്യമാണ്. കമ്യൂണിറ്റി പൊലീസ് ഓഫിസര്‍മാരായി സ്‌കൂളില്‍ ഒരു അധ്യാപകനും വനിതാ അധ്യാപികയും ആണ് ചുമതലക്കാര്‍. ഇതിന് പുറമേ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും. ഇവരുടെ നേതൃത്വത്തിലാണ് ആക്റ്റിവിറ്റി കലണ്ടര്‍ പ്രകാരം എല്ലാ ബുധന്‍, ശനി ദിവസങ്ങളില്‍ പരേഡും പരിശീലനവും നടക്കുക. വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ വ്യക്തി വികാസത്തിന് ഊന്നല്‍ നല്‍കുന്ന വിവിധ പരിപാടികളാണ് കുട്ടിപ്പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ ഉള്ളത്. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കും ലഭിക്കും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ വഴിമുട്ടിയതോടെ സ്റ്റുഡന്റ് പൊലീസ് പദ്ധതി പെരുവഴിയിലായിരിക്കുകയാണ്.

Tags:    

Similar News