'നിര്‍ഭാഗ്യകരമായ സംഭവത്തില്‍ തലതാഴ്ത്തി നില്‍ക്കുന്നു; സാധ്യമായതെന്തും ചെയ്യും; വെബ്‌സൈറ്റില്‍ ക്ഷമാപണ നോട്ടിസ് പ്രസിദ്ധീകരിച്ച് ജെജു എയര്‍ കമ്പനി; സൈന്യവുമായി സഹകരിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം; ദക്ഷിണ കൊറിയയില്‍ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞു വിമാന കമ്പനി

ദക്ഷിണ കൊറിയയില്‍ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞു വിമാന കമ്പനി

Update: 2024-12-29 09:31 GMT

സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ചു അപകടത്തില്‍പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞു വിമാനകമ്പനിയായ ജെജു എയര്‍. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ തലതാഴ്ത്തി നില്‍ക്കുകയാണെന്നു ജെജു എയര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അപകടത്തിനു പിന്നാലെ ജെജു എയര്‍ വെബ്‌സൈറ്റില്‍ ക്ഷമാപണ നോട്ടിസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധ്യമായതെന്തും ചെയ്യുമെന്നും ദാരുണമായ സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.

ദുഃഖസൂചകമായി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റ് മിനിമല്‍ ഡിസൈനിലേക്കു മാറി. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സൈന്യവുമായി സഹകരിച്ചുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനം മാത്രമാണ് ജെജു എയര്‍ നടത്തുന്നതെന്നും കമ്പനി അറിയിച്ചു. പ്രാദേശിക സമയം രാവിലെ 9നാണ് അപകടം ഉണ്ടായത്. പക്ഷി ഇടിച്ചതാകാം അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.

അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 179 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടു പേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 09.07-ഓടെയായിരുന്നു അപകടം. ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടമാകാന്‍ സാധ്യതയുള്ള അപകടമാണിത്.

തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്‌ലന്‍ഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു.

ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി നിരങ്ങി നീങ്ങിയ വിമാനം സുരക്ഷാ മതിലില്‍ ഇടിച്ച് കത്തിച്ചാമ്പലാകുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ വിമാനം ലാന്‍ഡിങ് ഗിയറില്ലാതെ റണ്‍വേയിലൂടെ തെന്നി നീങ്ങുന്നതും മതിലില്‍ ഇടിച്ച് പൊട്ടിത്തെറിച്ച് തീഗോളമാകുന്നതും കാണാം. അപകടത്തിനു പിന്നാലെ മുവാന്‍ വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലുണ്ടായ തകരാര്‍ കാരണം വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് വിവരം. ലാന്‍ഡ് ചെയ്യാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ട ശേഷം ബെല്ലി ലാന്‍ഡിങ്ങിനുള്ള ശ്രമത്തിലാണ് വിമാനം അപകടത്തില്‍പ്പെടുന്നത്. ഈ ലാന്‍ഡിങ് ശ്രമത്തില്‍ വിമാനത്തിന്റെ വേഗത കുറയ്ക്കുന്നതില്‍ പൈലറ്റ് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് റണ്‍വേയുടെ അറ്റംവരെ വിമാനം സഞ്ചരിക്കുകയും മതിലില്‍ ഇടിക്കുകയും ചെയ്തത്.

ലാന്‍ഡിങ്ങിനിടെ പക്ഷി വന്നിടിച്ചതാകാം ലാന്‍ഡിങ് ഗിയര്‍ തകരാറിലാകാന്‍ കാരണമെന്നും വിലയിരുത്തലുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരേണ്ടതുണ്ട്. പ്രതികൂല കാലാവസ്ഥയും കാരണമായി പറയപ്പെടുന്നു. മുവാന്‍ ഫയര്‍ സ്റ്റേഷന്‍ മേധാവി ലീ ജിയോങ്-ഹ്യുന്‍ അറിയിച്ചതാണിത്.

Tags:    

Similar News