'ഞാനെന്റെ അവസാന വാക്കുകള്‍ പറയട്ടെ?' ഒരു പക്ഷി ചിറകില്‍ ഇടിച്ചിട്ടുണ്ട്; ഞങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനാകുന്നില്ലെന്ന് യാത്രക്കാരന്റെ സന്ദേശം; വിമാനം റണ്‍വേയില്‍ മുട്ടുന്നതുമാത്രം ഓര്‍മയുണ്ടെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ലീ; ആശുപത്രിയില്‍ എത്തിച്ചപ്പോഴും എന്താണു സംഭവിച്ചതെന്ന് ലീയുടെ ചോദ്യം
വിമാനം റണ്‍വേയില്‍ മുട്ടുന്നതുമാത്രം ഓര്‍മയുണ്ടെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ലീ
സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലില്‍ ഇടിച്ച് അപകടത്തില്‍പ്പെടുന്നതിനു മിനിറ്റുകള്‍ക്കുമുന്‍പുതന്നെ അവസാന നിമിഷങ്ങള്‍ അടുത്തുവെന്നു യാത്രക്കാര്‍ക്കു വ്യക്തമായിരുന്നതായി റിപ്പോര്‍ട്ടുകള്‍. യാത്രക്കാരെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പ്രിയപ്പെട്ടവര്‍ക്ക് അവസാന സന്ദേശം പലരും അയച്ചിരുന്നുവെന്നാണു വിവരം. വിമാനത്തിലെ 181 പേരില്‍ രണ്ട് പേരെ മാത്രമാണു രക്ഷിക്കാനായത്.
വിമാനത്തില്‍ യാത്ര ചെയ്ത ഒരാള്‍, സ്വീകരിക്കാനെത്തിയ ആള്‍ക്ക് അയച്ച അവസാന സന്ദേശത്തില്‍ 'ഞാനെന്റെ അവസാന വാക്കുകള്‍ പറയട്ടെ?' എന്നാണുള്ളത്. ഒരു പക്ഷി ചിറകില്‍ ഇടിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനാകുന്നില്ലെന്ന് ഒരാള്‍ ദക്ഷിണ കൊറിയയിലെ ഇന്‍സ്റ്റന്റ് മെസഞ്ചര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ കകാവു ടോക്കില്‍ കുറിച്ചതായി ദ് കൊറിയ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അപകടത്തിന്റെ തൊട്ടുമുമ്പ് വിമാനത്തിലെ ഒരു യാത്രക്കാരന്‍ ബന്ധുവിന് അയച്ച സന്ദേശം പുറത്തുവന്നിരിക്കുകയാണ്.
വിമാനത്തിന്റെ ചിറകില്‍ ഒരു പക്ഷി കുടുങ്ങിയിട്ടുണ്ടെന്ന് ഒരു യാത്രക്കാരന്‍ ബന്ധുവിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസ് 1 ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 'അവസാനമായി ഞാനൊന്നു പറയട്ടെ ?' എന്ന് യാത്രക്കാരന്‍ സന്ദേശമയച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു.
സന്ദേശമയച്ചതിന് തൊട്ടുപിന്നാലെ വിമാന അപകടമുണ്ടായി. യാത്രക്കാരുടെ കുടുംബങ്ങള്‍ ഉറ്റവരെ തേടി വിമാനത്താവളത്തിലേക്ക് ഓടിയെത്തിയെങ്കിലും നെഞ്ച് കലങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്. 181 പേരുമായി പറന്ന ഒരു വിമാനം തകര്‍ന്ന് തീപിടിക്കുകയും 179 പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്തു. വിമാനത്തിന്റെ ചിറകില്‍ പക്ഷി കുടുങ്ങിയതായി അപകടത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് വിമാനത്തിലുണ്ടായിരുന്ന വ്യക്തിയില്‍ നിന്ന് ഒരു സന്ദേശം ലഭിച്ചതായി യാത്രക്കാരന്റെ കുടുംബം പറഞ്ഞു.
എഞ്ചിനില്‍ തീ പടരുകയും ഒന്നിലധികം സ്‌ഫോടനങ്ങള്‍ കേള്‍ക്കുകയും ചെയ്തതായി പ്രദേശവാസികള്‍ പറഞ്ഞെന്ന് ദക്ഷിണ കൊറിയയുടെ യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന് അഞ്ച് മിനിറ്റ് മുമ്പ് രണ്ട് തവണ മെറ്റല്‍ സ്‌ക്രാപ്പിംഗ് ശബ്ദം കേട്ടതായി മറ്റൊരു സാക്ഷി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജെജു എയര്‍ എന്ന ബോയിംഗ് 737-800 വിമാനമാണ് ബാങ്കോക്കില്‍ നിന്ന് മുവാനിലേക്ക് പറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.
അതേ സമയം അപകടത്തില്‍നിന്നു രക്ഷപ്പെട്ട രണ്ട് പേരിലൊരാള്‍ വിമാന ജീവനക്കാരനായ 33കാരന്‍ ലീ മോ ആണെന്നു സ്ഥിരീകരിച്ചു. വിമാനത്തിന്റെ പിന്നിലായിരുന്നു അപകടസമയം ലീ ഉണ്ടായിരുന്നത്. വിമാനം റണ്‍വേയില്‍ മുട്ടുന്നതുമാത്രം ഓര്‍മയുണ്ടെന്നാണു ലീ പറഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴും എന്താണു സംഭവിച്ചതെന്ന് ലീ ചോദിക്കുന്നുണ്ടായിരുന്നു.
'ഞാനെന്റെ അവസാന വാക്കുകള്‍ പറയട്ടെ?' ഒരു പക്ഷി ചിറകില്‍ ഇടിച്ചിട്ടുണ്ട്; ഞങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനാകുന്നില്ലെന്ന് യാത്രക്കാരന്റെ സന്ദേശം; വിമാനം റണ്‍വേയില്‍ മുട്ടുന്നതുമാത്രം ഓര്‍മയുണ്ടെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ലീ; ആശുപത്രിയില്‍ എത്തിച്ചപ്പോഴും എന്താണു സംഭവിച്ചതെന്ന് ലീയുടെ ചോദ്യം
അതേസമയം മരിച്ചവരെ തിരിച്ചറിയുകയെന്നത് പ്രയാസമാണെന്നാണ് അഗ്‌നിരക്ഷാസേനാ അധികൃതര്‍ പറയുന്നത്. വിമാനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയുക എന്നത് പ്രയാസകരമാണ്. ശരീരഭാഗങ്ങള്‍ കണ്ടെത്തുന്ന നടപടി പുരോഗമിക്കുകയാണെന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
സംഭവത്തില്‍ വിമാനകമ്പനിയായ ജെജു മാപ്പ് പറഞ്ഞിട്ടുണ്ട്. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ തങ്ങള്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ദാരുണമായ സംഭവത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സാധ്യമായതെന്തും ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും ജെജു എയര്‍വേസ് സമൂഹമാധ്യമങ്ങളിലൂടെയും വെബ്സൈറ്റിലൂടെയും അറിയിച്ചു.
ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു.
പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ വിമാനം ലാന്‍ഡിങ് ഗിയറില്ലാതെ റണ്‍വേയിലൂടെ തെന്നി നീങ്ങുന്നതും മതിലില്‍ ഇടിച്ച് പൊട്ടിത്തെറിച്ച് തീഗോളമാകുന്നതും കാണാം. അപകടത്തിനു പിന്നാലെ മുവാന്‍ വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലുണ്ടായ തകരാര്‍ കാരണം വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് വിവരം.
ലാന്‍ഡ് ചെയ്യാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ട ശേഷം ബെല്ലി ലാന്‍ഡിങ്ങിനുള്ള ശ്രമത്തിലാണ് വിമാനം അപകടത്തില്‍പ്പെടുന്നത്. ഈ ലാന്‍ഡിങ് ശ്രമത്തില്‍ വിമാനത്തിന്റെ വേഗത കുറയ്ക്കുന്നതില്‍ പൈലറ്റ് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് റണ്‍വേയുടെ അറ്റംവരെ വിമാനം സഞ്ചരിക്കുകയും മതിലില്‍ ഇടിക്കുകയും ചെയ്തത്.