എസ് എഫ് ഐ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മൂന്ന് പേര്‍ കാത്തു നിന്നു; പ്രതിഷേധം ഒഴിവക്കാന്‍ നന്ദന്‍ അടക്കമുള്ളവരെ വളഞ്ഞു നിന്ന പോലീസ്; അവര്‍ക്ക് 'ടാറ്റ' കാണിക്കാന്‍ ആയില്ലെന്ന് പോലീസ്; കുട്ടി സഖാക്കളുടെ ആ അവകാശ വാദം തെറ്റ്; രാജ്ഭവനില്‍ നിന്നും ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങിയത് കണ്ണുകളില്‍ ഈറന്‍ നിറയിച്ച്
തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോരും വിവാദങ്ങളും നിറഞ്ഞ അധ്യായത്തിനൊടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കേരളത്തില്‍ നിന്നും മടങ്ങി. രാജ്ഭവനില്‍ ഗവര്‍ണര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഉദ്യോഗസ്ഥരോടും ജീവനക്കാരോടും നന്ദിപറഞ്ഞു. യാത്രയയപ്പിനുശേഷം മടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. മുഖ്യമന്ത്രിയോ മന്ത്രിമാരോ ആരും യാത്ര അയക്കാന്‍ എത്തിയത്. അതിനിടെ ഗവര്‍ണര്‍ക്ക് ടാറ്റ പറഞ്ഞുവെന്ന എസ് എഫ് ഐ വാദം പോലീസ് തള്ളുകയും ചെയ്തു.
ഇടതുസംഘടനകളുടെ പ്രതിഷേധമുണ്ടാവുമെന്നു കരുതി വിമാനത്താവളത്തിലേക്കു പോവുന്ന വഴി പോലീസ് കാവലായിരുന്നു. പേട്ട-പള്ളിമുക്ക് ജങ്ഷനില്‍ എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് നന്ദന്റെ നേതൃത്വത്തില്‍ മൂന്നുപ്രവര്‍ത്തകര്‍ നിലയുറപ്പിച്ചെങ്കിലും പ്രതിഷേധമുണ്ടായില്ല. ഇവരെ പോലീസ് വളഞ്ഞിരുന്നു. ഗവര്‍ണറെ തങ്ങള്‍ 'ടാറ്റാ' പറഞ്ഞു യാത്രയാക്കിയെന്ന് എസ്.എഫ്.ഐ.ക്കാര്‍ അവകാശപ്പെട്ടെങ്കിലും അങ്ങനെ ഉണ്ടായിട്ടില്ലെന്ന് പോലീസ് വിശദീകരിച്ചുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞായറാഴ്ച രാവിലെയാണ് ഗവര്‍ണര്‍ ഡല്‍ഹിക്കു മടങ്ങിയത്. വ്യാഴാഴ്ച ബിഹാര്‍ ഗവര്‍ണറായി സ്ഥാനമേല്‍ക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മലയാളത്തില്‍ യാത്രാമൊഴി പറഞ്ഞ അദ്ദേഹം, കേരളത്തിലെ ജനങ്ങള്‍തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിപറഞ്ഞു. വിവാദങ്ങളോടൊന്നും പ്രതികരിച്ചു മില്ല. മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചതിനെത്തുടര്‍ന്ന് ദുഃഖാചരണമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക യാത്രയയപ്പ് നല്‍കിയില്ല. യാത്രയാക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചതായും അറിവില്ല. ഇതിനേയും ഗവര്‍ണ്ണര്‍ വിവാദമാക്കിയില്ല.
സര്‍ക്കാരിനെ പ്രതിനിധാന ംചെയ്ത് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ രാജ്ഭവനിലെത്തി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, പോലീസ് മേധാവിയുടെ ചുമതലയുള്ള ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. മനോജ് എബ്രഹാം, ആരോഗ്യ സര്‍വകലാശാലാ വി.സി. ഡോ. മോഹനന്‍ കുന്നുമ്മേല്‍, കാര്‍ഷിക സര്‍വകലാശാലാ വി.സി. ബി. അശോക് എന്നിവരുമെത്തി.
തന്റേത് കോളിളക്കം സൃഷ്ടിച്ച കാലമാണെന്ന മാധ്യമവിശേഷണവും ആരിഫ് മുഹമ്മദ് ഖാന്‍ നിഷേധിച്ചു. ''ചാന്‍സലറെന്ന നിലയില്‍ നിക്ഷിപ്തമായ ചുമതലയാണ് സര്‍വകലാശാലകളില്‍ നിര്‍വഹിച്ചത്. മറ്റു കാര്യങ്ങളില്‍ ഒരു തര്‍ക്കവുമില്ല. മറ്റു ഗവര്‍ണര്‍മാരുമായി എന്നെ താരതമ്യംചെയ്യരുത്. ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് ആശംസകള്‍ നേരുന്നു'' -അദ്ദേഹം പറഞ്ഞു.
രാജ്ഭവനിലെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം ഓരോ ജീവനക്കാരോടും പ്രത്യേകം യാത്ര പറഞ്ഞാണ് അദ്ദേഹം കാറില്‍ കയറിയത്. വിടവാങ്ങല്‍ വേളയില്‍ സര്‍ക്കാരിനോ മന്ത്രിസഭയ്‌ക്കോ എതിരെ ഒന്നും മിണ്ടാതിരിക്കാന്‍ ശ്രദ്ധിച്ച ആരിഫ് മുഹമ്മദ് ഖാന്‍, കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരുമെന്നും കേരളത്തിന് ഹൃദയത്തില്‍ പ്രത്യേക സ്ഥാനം ഉണ്ടാകുമെന്നും വിമാനത്താവളത്തില്‍വച്ചു പറഞ്ഞു. മലയാളത്തിലായിരുന്നു അദ്ദേഹത്തിന്റെ നന്ദിവാക്കുകള്‍.സര്‍വകലാശാല വിഷയത്തിലൊഴികെ സര്‍ക്കാരുമായി ഒരുപ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും ജസ്റ്റിസ് സദാശിവവുമായി തന്നെ താരതമ്യപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുപേര്‍ക്കും രണ്ടു പ്രവര്‍ത്തന ശൈലിയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയയപ്പിന് എത്താതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ദുഃഖാചരണമായതിനാലാണ് ഔദ്യോഗിക യാത്രയയപ്പ് ഇല്ലാത്തതെന്ന് മറുപടി നല്‍കി.
അനൗപചാരികമായിപ്പോലും എത്താത്ത കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ സമയത്ത് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന് സര്‍ക്കാര്‍ ഹൃദ്യമായ യാത്രയയപ്പാണു നല്‍കിയത്.രാജ്ഭവനിലെ യാത്രയയപ്പ് സമ്മേളനത്തിനു പുറമേ മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും യാത്രയയപ്പ് നല്‍കിയിരുന്നു. ഇതിനു പുറമേ മുഖ്യമന്ത്രി വിമാനത്താവളത്തില്‍ നേരിട്ടെത്തി യാത്രയാക്കുകയും ചെയ്തിരുന്നു. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ജനുവരി 2ന് ചുമതലയേല്‍ക്കും.
5 വര്‍ഷവും 4 മാസവും കേരളത്തിലെ ജനങ്ങളെ സേവിക്കാന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വിടവാങ്ങല്‍ സന്ദേശത്തില്‍ പറഞ്ഞു. സാക്ഷരത, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളില്‍ സംസ്ഥാനത്തിന്റെ മുന്നേറ്റം ഇവിടത്തെ ജനങ്ങളുടെ സമര്‍പ്പണത്തിന്റെയും ഒരുമയുടെയും തെളിവാണ്.ഗവര്‍ണര്‍ എന്ന നിലയില്‍ കേരളത്തിലെ ജനങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരാന്‍ സാധിച്ചു. അതിന്റെ ഹൃദ്യമായ ഓര്‍മയും ചാരിതാര്‍ഥ്യവും മനസ്സില്‍ പേറിയാണു യാത്ര പറയുന്നതെന്നും അദ്ദേഹം കുറിച്ചു.