കൊല്ലപ്പെട്ടവരില്‍ അഞ്ച് കുട്ടികളും; രക്ഷപ്പെട്ടവര്‍ രണ്ടും വിമാന ജീവനക്കാര്‍; ആകാശത്ത് വച്ച് പക്ഷി പിടിച്ചതോടെ വിമാനത്തിന്റെ എന്‍ജിന്‍ കേടായി; ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തക്കിതായതോടെ ബെല്ലി ലാന്‍ഡിങ് നടത്തി മരണം ഏറ്റുവാങ്ങി പൈലറ്റ്; മുവാനില്‍ തീ ഗോളം ഉണ്ടായത് എങ്ങനെ?
സോള്‍: തെക്കന്‍ കൊറിയയുടെ ജെജു എയര്‍ലൈന്‍ വിമാനം തകര്‍ന്നു വീണ സംഭവത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ച് കുട്ടികളും. തായ്ലന്‍ഡില്‍ നിന്ന് മടങ്ങിയെത്തിയ വിമാനമാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മുവാന്‍ വിമാനത്താവളത്തില്‍ തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 181 യാത്രക്കാരില്‍ 179 പേരും മരിച്ചു. രണ്ട് വിമാന ജീവനക്കാര്‍ മാത്രമാണ് രക്ഷപ്പെട്ടത്. പതിനഞ്ച് വര്‍ഷം പഴക്കമുള്ള ബോയിങ്ങ് 737 ഇനത്തില്‍ പെട്ട വിമാനമാണ് അപകടത്തില്‍ പെട്ടത്. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.
ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലുണ്ടായ തകരാര്‍ കാരണം വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് വിവരം. ലാന്‍ഡ് ചെയ്യാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ട ശേഷം ബെല്ലി ലാന്‍ഡിങ്ങിനുള്ള ശ്രമത്തിലാണ് വിമാനം അപകടത്തില്‍പ്പെടുന്നത്. ഈ ലാന്‍ഡിങ് ശ്രമത്തില്‍ വിമാനത്തിന്റെ വേഗത കുറയ്ക്കുന്നതില്‍ പൈലറ്റ് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് റണ്‍വേയുടെ അറ്റംവരെ വിമാനം സഞ്ചരിക്കുകയും മതിലില്‍ ഇടിക്കുകയും ചെയ്തത്. പക്ഷി വന്നിടിച്ചതാകാം ലാന്‍ഡിങ് ഗിയര്‍ തകരാറിലാകാന്‍ കാരണമെന്നും വിലയിരുത്തലുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരേണ്ടതുണ്ട്.
റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 181 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്‌ലന്‍ഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ വിമാനം ലാന്‍ഡിങ് ഗിയറില്ലാതെ റണ്‍വേയിലൂടെ തെന്നി നീങ്ങുന്നതും മതിലില്‍ ഇടിച്ച് പൊട്ടിത്തെറിച്ച് തീഗോളമാകുന്നതും കാണാം. അപകടത്തിനു പിന്നാലെ മുവാന്‍ വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥയും അപകട കാരണമായതായി പറയുന്നുണ്ട്. ഫയര്‍ എന്‍ജിനുകളുടെ മണിക്കൂറുകള്‍ നീണ്ട കഠിനപരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. ഇതിനുശേഷമാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിച്ചത്. അപ്പോഴേക്കും ഒട്ടുമിക്കവരും മരിച്ചിരുന്നു.അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. തകര്‍ന്ന വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് വീണ്ടെടുക്കുന്നതോടെ അന്വേഷണം കൂടുതല്‍ വേഗത കൈവരിക്കും. അട്ടിമറി സാദ്ധ്യതയുണ്ടോ എന്നും പരിശോധിക്കും. ഈ മാസം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ വിമാനാപകടമാണ് ഇന്നലെയുണ്ടായത്.
കഴിഞ്ഞയാഴ്ച കസാഖിസ്ഥാനില്‍ അസര്‍ബൈജാന്‍ വിമാനം തകര്‍ന്നുവീണ് 38 പേര്‍ മരിച്ചിരുന്നു. ഈ അപകടത്തിന് പിന്നില്‍ റഷ്യയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തെക്കന്‍ കൊറിയയില്‍ 1997 ന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ വിമാനാപകടമാണ് ഇത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് വയസുള്ള കുട്ടി മുതല്‍ 78 വയസുള്ള വൃദ്ധന്‍ വരെ ഉള്‍പ്പെടുന്നു. മരിച്ച അഞ്ച് കുട്ടികളും 10 വയസില്‍ താഴെ പ്രായമുള്ളവരാണ്. കൊല്ലപ്പെട്ട പലരുടേയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനാപകടത്തില്‍ മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അറിയിച്ചു.