ഇത്രയധികം ഭാരം ചുമന്ന് ആകാശത്ത് കൂടി മണിക്കൂറുകള്‍ പറക്കുന്ന വിമാനം എങ്ങനെ ഒരു പക്ഷിക്ക് തകര്‍ക്കാനാവും? അങ്ങനെയെങ്കില്‍ ആകാശ യാത്ര എങ്ങനെ സുരക്ഷിതമാവും? പക്ഷികളെ തടയാനൊക്കുമോ? കൊറിയന്‍ വിമാന ദുരന്തം ഉയര്‍ത്തുന്നത് അനേകം ചോദ്യങ്ങള്‍

Update: 2024-12-30 04:40 GMT

സോള്‍: ഇന്നലെ തെക്കന്‍ കൊറിയയില്‍ ജോജു എയര്‍ലൈന്‍സിന്റെ വിമാനം അപകടത്തില്‍ പെട്ട്്് 179 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് കാരണം ലാന്‍ഡിംഗിനിടെ പക്ഷി വന്നിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഈ വിശദീകരണം അംഗീകരിക്കാന്‍ വിദഗ്ധരായ പലരും ഇനിയും തയ്യാറായിട്ടില്ല. ഇത്രയധികം ഭാരം ചുമന്ന് ആകാശത്ത് കൂടി മണിക്കൂറുകള്‍ പറക്കുന്ന വിമാനം എങ്ങനെ ഒരു പക്ഷിക്ക് തകര്‍ക്കാനാവും എന്നതാണ് ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം. മൂവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് കത്തി 179 പേര്‍ മരിച്ചു. വിമാനത്തിലെ രണ്ടു ജീവനക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആകെ 175 യാത്രക്കാരും ആറുജീവനക്കാരുമാണ് ജേജു എയര്‍ കമ്പനിയുടെ വിമാനത്തിലുണ്ടായിരുന്നത്.

അങ്ങനെയെങ്കില്‍ ആകാശ യാത്ര എങ്ങനെ സുരക്ഷിതമാകും എന്നും അവര്‍ ചോദിക്കുന്നു. വ്യോമയാന രംഗത്തെ വിദഗ്ധരായ പലരും പക്ഷി ഇടിച്ചാണ് വിമാനാപകടം ഉണ്ടായതെന്ന വാദം അംഗീകരിക്കുന്നില്ല. മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ അപകടത്തില്‍ പെട്ട വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് പക്ഷിക്കൂട്ടങ്ങള്‍ വിമാനത്താവളത്തിന് ചുറ്റും ഉണ്ടായിരുന്നു എന്നത് വാസ്്തവമാണ്. ഇതിനെ കുറിച്ച് പൈലറ്റിന് നേരത്തേ മുന്നറിയിപ്പ്

നല്‍കിയിരുന്നു എന്നാണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും പറയുന്നത്. വിമാനത്തിന്റെ വലത് വശത്തെ എന്‍ജിനില്‍ നിന്ന്് ശക്തമായി തീജ്വാലകള്‍ ഉയരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇത് പക്ഷികള്‍ വന്ന് ഇടിച്ചതിന്റെ തൊട്ട് പിന്നാലെയാണ് എന്നാണ് കരുതപ്പെടുന്നത്. പക്ഷി വന്നിടിച്ചതിന്റെ ഫലമായി വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ തകരാറിലായി എന്നും ഇത് അപകടത്തിലേക്ക് നയിച്ചു എന്നുമാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ ഓസ്ട്രേലിയയിലെ പ്രമുഖ വ്യോമയാന വിദഗ്ധനായ ജ്യോഫ്രീ ഡെല്‍ പറയുന്നത് പക്ഷികള്‍ വന്നിടിച്ച് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ പ്രവര്‍ത്തിക്കാത്ത സംഭവം താന്‍ ഒരിക്കലും കേട്ടിട്ടില്ല എന്നാണ്. അപകടത്തില്‍ പെട്ട വിമാനം ബെല്ലി ലാന്‍ഡിംഗ് നടത്തി ശ്രമിക്കുന്നതിനിടയിലാണ് അതിവേഗത്തില്‍ എത്തി മതിലില്‍ ഇടിച്ച് തീപിടിക്കുന്നത്. 2800 മീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍വേയിലൂടെ വിമാനം പാഞ്ഞടുക്കുന്നതിന്റെയും മതിലില്‍ ഇടിച്ച് തീപിടിക്കുന്നതിന്റയും ദൃശ്യങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. വിമാനം മതിലില്‍ ഇടിച്ചില്ലായിരുന്നു എങ്കില്‍ വലിയൊരു അപകടം ഒഴിവാക്കാമായിരുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ചാള്‍സ് രാജാവും കാമിലാ രാജ്ഞിയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

വിമാനാപകടം ഉണ്ടായത നിമിഷത്തില്‍ ഫയര്‍ ഫോഴ്സ് ജീവനക്കാര്‍ കൃത്യമായി അവരുടെ ജോലി ചെയ്തില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. വിമാനത്തില്‍ പക്ഷിയിടിക്കുന്നത് സാധാരണ സംഭവം ആണെന്നും എന്നാല്‍ പക്ഷിയിടിച്ചത് കാരണം വിമാനം തകര്‍ന്നതായി കേട്ടിട്ടില്ലെന്നുമാണ പ്രമുഖ വൈമാനിക വിദഗ്ധനായ ട്രെവര്‍ ജെന്‍സനും പറയുന്നത്. വിമാനം ബെല്ലി ലാന്‍ഡിംഗ് നടത്താന്‍ ഒരുങ്ങുമ്പോള്‍ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ അതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ല എന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിമാനത്തിന്റെ ഹൈഡ്രോളിക്് സംവിധാനം തകരാറിലായാലും ഇത്തരത്തിലുള്ള അപകടം ഉണ്ടാകാം എന്നാണ് ചിലര്‍ പറയുന്നത്. കൂടാതെ അപകടത്തില്‍ പെട്ട ബോയിംഗ് 737-800 ലോകത്തെ പ്രമുഖ വിമാന കമ്പനികള്‍ എല്ലാം തന്നെ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള ഒരു ഇനമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

തായ്ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ത്രിഭുവന്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍നിന്ന് മൂവാനിലേക്കുവന്ന ഇരട്ട എന്‍ജിനുള്ള ബോയിങ് 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശികസമയം ഞായറാഴ്ച രാവിലെ ഒന്‍പതിന് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30-ന്) മൂവാനില്‍ ഇറങ്ങുമ്പോഴായിരുന്നു അപകടമെന്ന് ദക്ഷിണകൊറിയന്‍ ഗതാഗതമന്ത്രാലയം പറഞ്ഞു. വിമാനത്തിന്റെ വാല്‍ഭാഗമൊഴികെയെല്ലാം കത്തിപ്പോയി. വാല്‍ഭാഗത്ത് ഇരുന്ന ക്രൂ അംഗങ്ങളായ സ്ത്രീയും പുരുഷനുമാണ് രക്ഷപ്പെട്ടത്. ഇവര്‍ക്ക് പൊള്ളലുണ്ടെങ്കിലും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അപകടകാരണം പരിശോധിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. നിലത്തിറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ വിമാനത്തിന് തകരാര്‍ നേരിടുന്നുവെന്ന് പൈലറ്റുമാര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ പക്ഷിയിടിച്ചെന്ന അറിയിപ്പ് കണ്‍ട്രോള്‍ ടവറില്‍നിന്നുണ്ടായെന്ന് ഗതാഗതമന്ത്രാലയം പറഞ്ഞു. വിമാനത്തിന്റെ ചിറകില്‍ പക്ഷിയിടിച്ചതായി യാത്രക്കാരിലൊരാള്‍ ബന്ധുവിന് സന്ദേശമയച്ചതായി 'ന്യൂസ് 1' വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

അപകടത്തില്‍ ജേജു എയര്‍ സി.ഇ.ഒ. കിം ഇ-ബേ മാപ്പുപറഞ്ഞു. ചെലവുകുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്ന കമ്പനിയാണ് 2005-ല്‍ സ്ഥാപിതമായ ജെജു എയര്‍. മൂവാനില്‍നിന്ന് ബാങ്കോക്കിലേക്കുള്ള പതിവു വിമാനസര്‍വീസ് ജെജു എയര്‍ ആരംഭിച്ചിട്ട് മൂന്നാഴ്ചയേ ആയിട്ടുള്ളൂ. 32 ഫയര്‍ എന്‍ജിനുകളും ഒട്ടേറെ ഹെലികോപ്റ്ററുകളുമെത്തിയാണ് തീയണച്ചത്. 1560 അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പോലീസുകാരും പട്ടാളക്കാരും യത്‌നത്തില്‍ പങ്കാളികളായി.

Tags:    

Similar News