നടുക്കലിലൂടെ സമാധാനമായി യാത്ര ചെയ്തുകൊണ്ടിരുന്ന ആളുകൾ; കാഴ്ചകൾ ആസ്വദിച്ച് പോകവേ ഒരു ഇരമ്പൽ ശബ്ദം; കലിതുള്ളി എത്തിയ തിരമാലയിൽ ആടിയുലഞ്ഞ് ആ ഫെറി; എല്ലാവരെയും കൃത്യ സമയത്ത് രക്ഷപ്പെടുത്തിയെങ്കിലും നടന്നത് മറ്റൊന്ന്
ബാങ്കോക്ക്: തായ്ലൻഡിലെ പ്രശസ്തമായ കോ ടാവോ, കോ സമുയി ദ്വീപുകൾക്കിടയിലുള്ള ഫെറിയിലുണ്ടായ അപകടത്തെത്തുടർന്ന് യാത്രക്കാരുടെ ലഗേജുകൾ നടുക്കടലിൽ ഒഴുകി നടക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഈ അപകടത്തിൽ ഫെറി യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, അവരുടെ വിലപിടിപ്പുള്ള വസ്തുക്കളും സ്യൂട്ട്കേസുകളും ഉൾപ്പെടെയുള്ള ലഗേജുകൾ കടലിൽ നഷ്ടപ്പെട്ടത് യാത്രക്കാർക്ക് വലിയ ദുരന്തമായി മാറി.
തായ്ലൻഡിലെ തിരക്കേറിയ ടൂറിസം റൂട്ടുകളിലൊന്നായ കോ ടാവോയ്ക്കും കോ സമുയിക്കും ഇടയിലുള്ള ഫെറി യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. കടൽക്ഷോഭം രൂക്ഷമായതിനെത്തുടർന്ന് ഫെറിക്ക് ശക്തമായ കുലുക്കം അനുഭവപ്പെട്ടു. ഇതിൻ്റെ ആഘാതത്തിൽ, ഫെറിയുടെ മുകൾത്തട്ടിൽ വെച്ചിരുന്ന യാത്രക്കാരുടെ ലഗേജുകൾ നനഞ്ഞ ഡെക്കിലൂടെ തെന്നിമാറി ഒന്നൊന്നായി കടലിലേക്ക് പതിക്കുകയായിരുന്നു.
കടലിൽ ഒഴുകി നടക്കുന്ന നിരവധി സ്യൂട്ട്‌കേസുകളും ബാക്ക്‌പാക്കുകളും ബാഗുകളും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരു ഓസ്‌ട്രേലിയൻ ടൂറിസ്റ്റാണ് തൻ്റെ സമൂഹ മാധ്യമ പേജിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. തിരമാലകളിൽ ലഗേജുകൾ ഒഴുകി നടക്കുന്നത് കാണുമ്പോൾ തന്നെ അവ തിരിച്ചെടുക്കാൻ ജീവനക്കാർ പാടുപെടുന്നുണ്ടെങ്കിലും മിക്കവാറും സാധനങ്ങൾ നഷ്ടപ്പെട്ട നിലയിലായിരുന്നു.
നഷ്ടപ്പെട്ട ലഗേജുകളിൽ വസ്ത്രങ്ങൾ മാത്രമല്ല, ഇലക്ട്രോണിക് ഉപകരണങ്ങൾ, പാസ്‌പോർട്ടുകൾ, ഇൻഷുറൻസ് പേപ്പറുകൾ, യാത്രാ രേഖകൾ തുടങ്ങി യാത്രക്കാരുടെ അത്യന്താപേക്ഷിതമായ വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്നു.
അപകടത്തിൽ തൻ്റെ സാധനങ്ങൾ നഷ്ടപ്പെട്ട പെർത്തിൽ നിന്നുള്ള ഒരു ടൂറിസ്റ്റിന് 50,000 ബാത്ത് (ഏകദേശം 1,39,024 രൂപ) നഷ്ടപരിഹാരമായി ലഭിച്ചു. എന്നാൽ തൻ്റെ സാധനങ്ങളുടെ യഥാർത്ഥ മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ ഈ നഷ്ടപരിഹാരം ഒട്ടും മതിയാകില്ലെന്ന് അദ്ദേഹം ആരോപിച്ചു. മറ്റു യാത്രക്കാർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കാൻ പോലും ബുദ്ധിമുട്ടുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങൾ കടലിൽ നഷ്ടപ്പെട്ടതിൻ്റെ ദുരിതവും നിസ്സഹായതയും യാത്രക്കാർ പങ്കുവെച്ചു.
കടൽക്ഷോഭത്തിന് സാധ്യതയുള്ള റൂട്ടുകളിൽ പ്രവർത്തിക്കുന്ന തായ്ലൻഡിലെ ഫെറി സർവീസുകളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഈ സംഭവം വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തിയിട്ടുണ്ട്. യാത്രക്കാരുടെ ലഗേജുകൾ സുരക്ഷിതമാക്കുന്നതിൽ ഫെറി ജീവനക്കാർക്ക് തീരെ ഉത്തരവാദിത്വമില്ലെന്ന് മുൻപ് യാത്ര ചെയ്തിട്ടുള്ളവരും ഇപ്പോൾ ആരോപണം ഉയർത്തുന്നുണ്ട്.
