ബിജെപിക്കാരനായ ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനം; എഫ് ബിയില്‍ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു; ദുരിതം കേട്ട് സഹതാപം തോന്നി; യുവതിയുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മത ബന്ധം; ആ ഗര്‍ഭം തന്റേതല്ല; സ്വയം മരുന്ന് കഴിച്ച യുവതി; പരാതിക്ക് പിന്നില്‍ യുവതിയ്ക്ക് ശമ്പളം നല്‍കുന്ന സ്ഥാപനം; സിപിഎം-ബിജെപി ഗൂഡാലോചന; മാങ്കൂട്ടത്തില്‍ തിയറി ഇങ്ങനെ

Update: 2025-11-28 11:51 GMT

തിരുവനന്തപുരം: തനിക്കെതിരായ പീഡനക്കേസ് രാഷ്ട്രീയപ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സിപിഎം-ബിജെപി ബന്ധമാണ് ആരോപിക്കുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് രാഹുല്‍ ഇക്കാര്യം ആരോപിക്കുന്നത്. യുവതിയുമായുണ്ടായിരുന്ന ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും അതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. സംഘപരിവാര്‍ ബന്ധമുള്ള ശാസ്തമംഗലം അജിത് കുമാറാണ് രാഹുലിന്റെ അഭിഭാഷകന്‍.

ബലാത്സംഗക്കുറ്റവും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കുറ്റവും നിലനില്‍ക്കില്ലെന്നാണ് ജാമ്യഹര്‍ജിയില്‍ രാഹുലിന്റെ വാദം. സോഷ്യല്‍ മീഡിയയിലൂടെ യുവതിയാണ് ആദ്യം സൗഹൃദം തുടങ്ങുന്നത്. യുവതിയുടെ വിവാഹശേഷമാണ് ഫെയ്സ്ബുക്കിലൂടെ ബന്ധം ആരംഭിക്കുന്നത്. യുവതി ഗാര്‍ഹികപീഡനത്തിന് ഇരയായിരുന്നു. ഇതെല്ലാം കേട്ടപ്പോള്‍ യുവതിയോട് സഹതാപം തോന്നി. അങ്ങനെ സൗഹൃദം വളര്‍ന്നു. യുവതിയുമായുണ്ടായിരുന്ന ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു. താന്‍ കാരണം ഗര്‍ഭിണിയായെന്ന് പറയുന്നത് തെറ്റാണ്. താന്‍ ഗര്‍ഭിണിയാക്കിയിട്ടില്ല. ഗര്‍ഭം അലസിപ്പിക്കാന്‍ യുവതി സ്വയം മരുന്ന് കഴിച്ചതാണ്. അതിനാല്‍ താന്‍ എങ്ങനെയാണ് പ്രതിയാവുകയെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു.

ബന്ധമുണ്ടായിരുന്ന സമയത്തെ വാട്സാപ്പ് ചാറ്റുകളടക്കം യുവതി സൂക്ഷിച്ചു. ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. സിപിഎം-ബിജെപി നെക്സസാണ് ഇതിനുപിന്നില്‍. ഈ കേസിലൂടെ ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മറയ്ക്കാനാണ് സര്‍ക്കാരിന്റെ നീക്കം. യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ തന്നെ കേസിന്റെ രാഷ്ട്രീയമാനം വ്യക്തമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. യുവതിയുടെ ഭര്‍ത്താവ് ബിജെപി നേതാവാണ്. യുവതി ജോലി ചെയ്യുന്ന സ്ഥാപനവും തനിക്കെതിരെ കേസു കൊടുക്കാന്‍ സമ്മര്‍ദ്ദം നടത്തി. ഇത് പറയുന്ന ഓഡിയോ കൈയ്യിലുണ്ടെന്നും രാഹുല്‍ പറയുന്നു. ഇതോടെ പ്രോസിക്യൂഷനും ശാസ്തമംഗലം അജിത്തും തമ്മിലെ വാദം നിര്‍ണ്ണായകമാകും. കോടതിയുടെ തീരുമാനവും നിര്‍ണ്ണായകമാകും.

ഇരയായ പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു. മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന് അതിജീവിത മൊഴിയില്‍ പറയുന്നു. ബംഗളൂരുവില്‍നിന്ന് മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഗുളിക എത്തിച്ച് നല്‍കി. ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് ഗുളിക കഴിപ്പിച്ചത്. ഗുളിക കഴിച്ചെന്ന് വീഡിയോ കോളിലൂടെ മാങ്കൂട്ടത്തില്‍ ഉറപ്പുവരുത്തിയെന്നും മൊഴിയിലുണ്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്താണ് ഗുളിക പെണ്‍കുട്ടിക്ക് എത്തിച്ചത്. കുഞ്ഞ് ഉണ്ടായാല്‍ തന്റെ രാഷ്ട്രീയഭാവി പ്രതിസന്ധിയിലാകുമെന്നാണ് മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാകാന്‍ മാങ്കൂട്ടത്തില്‍ പ്രേരിപ്പിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങളും മുന്‍പ് പുറത്തുവന്നിരുന്നു. 'നീ ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കൂ, നമ്മുടെ കുഞ്ഞിനെ വേണം' എന്നുമായിരുന്നു മാങ്കൂട്ടത്തിലിന്റെ സന്ദേശം. പിന്നീട് ഗര്‍ഭധാരണത്തിന് ശേഷമാണ് അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് പെണ്‍കുട്ടിയെ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ചത്. സമ്മതമല്ലെന്ന് അറിയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് കഴിയില്ലെന്നു പറഞ്ഞപ്പോഴെല്ലാം മാങ്കൂട്ടത്തില്‍ അസഭ്യം വിളിച്ചു.

കുഞ്ഞ് വേണമെന്നുള്ളത് ആരുടെ ആഗ്രഹമായിരുന്നുവെന്നും, ഇപ്പോള്‍ എന്തിനാണ് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതെന്നും പെണ്‍കുട്ടി മാങ്കൂട്ടത്തിലിനോട് ചോദിക്കുന്ന ശബ്ദരേഖയും പുറത്തുവന്നതാണ്. ഗര്‍ഭഛിദ്രത്തിന് താല്‍പര്യമില്ലായിരുന്നെന്നും മാങ്കൂട്ടത്തിലിന്റെ ഭീഷണിയെതുടര്‍ന്നാണ് സമ്മതിച്ചതെന്നും മൊഴിയിലുണ്ട്. ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. 20 പേജ് വരുന്ന മൊഴിയാണ് റൂറല്‍ എസ്പിക്ക് പെണ്‍കുട്ടി നല്‍കിയത്. അഞ്ചരമണിക്കൂറിലേറെ മൊഴിയെടുക്കല്‍ നീണ്ടു. അതിജീവിതയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പൊലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പൊലീസിനു കേസ് കൈമാറി.

ലൈംഗികപീഡനം, ഗര്‍ഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് അതിജീവിത പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിശ്വാസവഞ്ചനാക്കുറ്റവും കോണ്‍ഗ്രസ് നേതാവിനെതിരെ ചുമത്തി. വ്യാഴം വൈകിട്ടോടെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വനിതാ സെല്ലിലെ ഉദ്യോഗസ്ഥര്‍ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു.

Tags:    

Similar News