മാര്‍ച്ച് കഴിഞ്ഞാല്‍ ബിആര്‍പി കാര്‍ഡ് ഉണ്ടായാലും യുകെയില്‍ കയറ്റില്ല; ഇ വിസയിലേക്ക് മാറാത്തവര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങും; മൂന്ന് മാസത്തേക്ക് കാലാവധി നീട്ടിയെങ്കിലും ബ്രിട്ടണിലെ നയം മാറ്റത്തില്‍ സര്‍വത്ര ആശയ കുഴപ്പം തുടരുന്നു

Update: 2025-01-05 03:39 GMT

ലണ്ടന്‍: ബ്രിട്ടനില്‍ നിയമപരമായി താമസിക്കുന്നതിനുള്ള അവകാശം തെളിയിക്കുന്ന രേഖയായി ബയോമെട്രിക് പെര്‍മിറ്റുകള്‍ക്കും കാര്‍ഡുകള്‍ക്കും പകരമായി ഏര്‍പ്പെടുത്തിയ ഇ വിസ യുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ തന്നെ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഇതിന്റെ സമത്വ ആഘാത പഠനം പൂര്‍ത്തിയാക്കിയിട്ടില്ല എന്ന് വിവരാവകാശ നിയമപ്രകാരം ഹോം ഓഫീസ് നല്‍കിയ കത്തില്‍ പറയുന്നതായി ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, ഈ നീക്കം പ്രായമേറിയവരെയും, പുതിയ സാങ്കേതിക വിദ്യയില്‍ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തവരെയും പ്രതികൂലമായി ബാധിക്കുമെന്ന് ഇതിനെതിരെ പ്രചാരണം നടത്തുന്നവര്‍ പറയുന്നു. മാത്രമല്ല, ഇ വിസയിലെക്ക് മാറുന്നതോടെ ചിലരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ഹാക്ക് ചെയ്യപ്പെടാന്‍ ഇടയുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു. ഡാറ്റാ പ്രൊട്ടക്ഷന്‍ പഠന റിപ്പോര്‍ട്ടും ഹോം ഓഫീസ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവര്‍, ഭാഷാ പരിജ്ഞാനം കുറവുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ക്കെല്ലാം ഇ വിസ കടുത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും വിമര്‍ശകര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നടപ്പാക്കാന്‍ ഇരുന്ന പദ്ധതി, ചില സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു. ഇ വിസ എടുക്കേണ്ടുന്ന 40 ലക്ഷത്തിലധികം പേരില്‍ ഏകദേശം കാല്‍ ശതമാനത്തോളം പേര്‍ ഇനിയും ഇത് എടുക്കേണ്ടതായിട്ടുണ്ട് എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍, മാര്‍ച്ച് 31 ന് ശേഷം യു കെയില്‍ പ്രവേശിക്കണമെങ്കില്‍ ഇ വിസ അത്യാവശ്യമായി വരും.

യു കെയില്‍ താമസിക്കുന്നവര്‍ രാജ്യം വിട്ട് മാര്‍ച്ച് 31 ന് ശേഷം തിരികെ വരുമ്പോള്‍, ഇ വിസ ഇല്ലെങ്കില്‍ തിരികെ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. എന്നാല്‍, വരുന്ന മൂന്ന് മാസക്കാലത്തിനിടെ ഇ വിസ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഈ നയം ഉണ്ടാക്കുന്ന സമഗ്രമായ ആഘാതത്തെ കുറിച്ച് പഠിച്ച് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് ഇനിയും സമര്‍പ്പിച്ചിട്ടില്ല. സാങ്കേതിക പ്രശ്നങ്ങളും ഏറെ പരിഹരിക്കാനുണ്ട്.

Tags:    

Similar News