ഐഎഫ്എഫ്‌കെ സിനിമാ സ്‌ക്രീനിംഗിനിടെ യുവചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചു; ലൈംഗികാതിക്രമ പരാതിയില്‍ ജൂറി ചെയര്‍മാനായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തു; ആരോപണം നിഷേധിച്ച് സംവിധായകന്‍; സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്

Update: 2025-12-08 16:16 GMT

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള സിനിമകളുടെ സ്‌ക്രീനിംഗിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ സംവിധായകന്‍ പി.ടി. കുഞ്ഞു മുഹമ്മദിനെതിരെ കേസെടുത്തു. ജൂറി ചെയര്‍മാനായ കുഞ്ഞുമുഹമ്മദിനെതിരെ മറ്റൊരു ജൂറിയംഗമായ ചലച്ചിത്ര പ്രവര്‍ത്തകയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ജൂറി ചെയര്‍മാനായ കുഞ്ഞുമുഹമ്മദ് ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് എഫ്‌ഐആര്‍.

തിരുവനന്തപുരത്ത് സ്‌ക്രീനിംഗിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് മുറിയില്‍ വച്ച് ഇടതുപക്ഷ അനുഭാവികൂടിയായ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഡിസംബര്‍ 13ന് ആരംഭിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയിലേക്കുള്ള മലയാളം ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം ആദ്യവാരമാണ് സംഭവം.

അതേസമയം ആരോപണം പി.ടി, കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് കുഞ്ഞുമുഹമ്മദ് പ്രതികരിച്ചു. പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം എന്നും മാപ്പ് പറയാന്‍ തയ്യാറാണെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു. മുഖ്യമന്ത്രി പരാതി കന്റോണ്‍മെന്റ് സ്റ്റേഷന് പരാതി കൈമാറിയിരുന്നു.

മുഖ്യമന്ത്രിക്ക് നേരിട്ടാണ് ചലചിത്രപ്രവര്‍ത്തക കത്തയച്ചത്. തിരുവനന്തപുരത്ത് IFFK സ്‌ക്രീനിങ് വേളയില്‍ ഹോട്ടല്‍ മുറിയിലെത്തിയ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്നാണ് കത്തില്‍ വിശദീകരിക്കുന്നത്. കന്റോണ്‍മെന്റ് പൊലീസ് ചലച്ചിത്രപ്രവര്‍ത്തകയോട് വിവരം തേടി. പരാതി ചലച്ചിത്രപ്രവര്‍ത്തക പൊലീസിനോടും ആവര്‍ത്തിച്ചു. കന്റോണ്‍മെന്റ് പൊലീസ് ഹോട്ടലില്‍ നിന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു.

Similar News