ജോസഫ് ടാജറ്റിന് പുല്ലുവില; അന്ത്യശാസനം തള്ളി വിമതര്‍; ഡിസിസിയെ വെല്ലുവിളിച്ച് മറ്റത്തൂരിലെ നേതാക്കള്‍; പത്ത് പേരെ തിരിച്ചെടുത്താല്‍ വൈസ് പ്രസിഡന്റ് സ്ഥാനം വിടാം, പക്ഷേ പ്രസിഡന്റ് കസേര തൊടണ്ട; രാജിവെച്ച് മാപ്പിരന്നാല്‍ മതിയെന്ന് ടാജറ്റ്; കെപിസിസിയിലേക്ക് പന്തുതട്ടി വിമതര്‍; അയോഗ്യതാ ഭീഷണി കോടതി കയറുമോ?

ഡിസിസിയെ വെല്ലുവിളിച്ച് മറ്റത്തൂരിലെ നേതാക്കള്‍

Update: 2025-12-29 13:29 GMT

തൃശ്ശൂര്‍: മറ്റത്തൂര്‍ പഞ്ചായത്ത് ഭരണസമിതിയിലെ ബി.ജെ.പി. പിന്തുണയോടെ അധികാരത്തിലേറിയ കോണ്‍ഗ്രസ് വിമതര്‍ക്ക് ഡി.സി.സി. നല്‍കിയ അന്ത്യശാസനം തള്ളി സഖ്യനേതാക്കള്‍. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവെക്കണമെന്ന നിര്‍ദേശം തള്ളിയതായി പുറത്താക്കിയ ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ അറിയിച്ചു. രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ എട്ട് അംഗങ്ങളെ അയോഗ്യരാക്കുമെന്ന ഡി.സി.സി. അധ്യക്ഷന്‍ ജോസഫ് ടാജറ്റിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് വിമതരുടെ ഈ നീക്കം.

കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കുമെന്നായിരുന്നു ഡി.സി.സി. അധ്യക്ഷന്‍ ജോസഫ് ടാജറ്റ് നേരത്തെ അറിയിച്ചിരുന്നത്. പത്ത് ദിവസത്തിനുള്ളില്‍ രാജിവെക്കാന്‍ തയ്യാറായാല്‍ നിലവിലെ നടപടികള്‍ പുനഃപരിശോധിക്കാന്‍ ഡി.സി.സി. തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നിലപാട് അംഗീകരിക്കാന്‍ വിമതര്‍ തയ്യാറായില്ല. നിലവിലെ പ്രതിസന്ധിയില്‍ കെ.പി.സി.സി. നേതൃത്വവുമായി ബന്ധപ്പെട്ട് പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും ടി.എം. ചന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പി.യുമായി ഒരു തരത്തിലുള്ള കൂട്ടുകെട്ടും ഉണ്ടായിട്ടില്ലെന്നാണ് ടി.എം. ചന്ദ്രന്റെ വാദം. കോണ്‍ഗ്രസ് വിമതനായ കെ.ആര്‍. ഔസേപ്പിനെ സി.പി.എം. റാഞ്ചിയപ്പോള്‍ എല്‍.ഡി.എഫിന് ഭരണം ലഭിക്കാതിരിക്കാനാണ് ബി.ജെ.പി. പിന്തുണ സ്വീകരിച്ചതെന്നാണ് വിമതരുടെ ന്യായീകരണം. ഡി.സി.സി. നിര്‍ത്തിയ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ ബി.ജെ.പി.യുമായി വോട്ടുപിടിച്ചിട്ടും ഡി.സി.സി. പ്രസിഡന്റ് ഇടപെട്ടില്ലെന്നും ടി.എം. ചന്ദ്രന്‍ ആരോപിച്ചു. പുറത്താക്കിയ പത്ത് പഞ്ചായത്ത് അംഗങ്ങളെയും രണ്ട് ഭാരവാഹികളെയും തിരിച്ചെടുത്താല്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും എന്നാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും വിമതര്‍ ഉപാധി വെച്ചു. ഡി.സി.സി. അധ്യക്ഷന്‍ വിപ്പ് നല്‍കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.

രാജിവെച്ച് പരസ്യമായി തെറ്റ് ഏറ്റുപറഞ്ഞാല്‍ മാത്രമേ അയോഗ്യരാക്കാനുള്ള നടപടിയില്‍ നിന്ന് പിന്നോട്ട് പോകുകയുള്ളൂവെന്ന ഉറച്ച നിലപാടിലാണ് ഡി.സി.സി. മറ്റത്തൂരിലെ രാഷ്ട്രീയ നാടകീയ നീക്കങ്ങള്‍ തൃശ്ശൂര്‍ കോണ്‍ഗ്രസില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്-ബി.ജെ.പി. അന്തര്‍ധാര സജീവമാണെന്ന് ആരോപിച്ച് 'മറ്റത്തൂര്‍ മോഡല്‍' വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ എല്‍.ഡി.എഫ്. തീരുമാനിച്ചുകഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ അട്ടിമറി സാധ്യതകള്‍ തിരിച്ചറിയുന്നതില്‍ വരെ ഡി.സി.സിക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്ന ആക്ഷേപം പാര്‍ട്ടിക്കകത്ത് തന്നെ ശക്തമാണ്.

എല്‍.ഡി.എഫ്. പത്ത്, കോണ്‍ഗ്രസ് എട്ട്, ബി.ജെ.പി. നാല്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ നിലവിലെ കക്ഷിനില. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫിന്റെ എട്ട് വാര്‍ഡ് മെമ്പര്‍മാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. പിന്നീട് വിമതരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിന് പിന്നാലെയാണ് നിലവിലെ വാര്‍ഡ് മെമ്പര്‍മാര്‍ രാജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് വിമതയായി ജയിച്ച ടെസിയെ മുന്നില്‍ നിര്‍ത്തി ഭരണം പിടിക്കാനുള്ള ശ്രമത്തിലായിരുന്നു കോണ്‍ഗ്രസ്. നിലവിലെ ഭരണപ്രതിസന്ധി വരും ദിവസങ്ങളില്‍ കോടതിയിലേക്കും തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കും നീങ്ങാനാണ് സാധ്യത.

Tags:    

Similar News