ഐഫോണും സാംസങ്ങും ഇനി 'മെയ്ഡ് ഇന്‍ ഇന്ത്യ'; മൊബൈല്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാമത്! കയറ്റുമതിയില്‍ എട്ടിരട്ടി വര്‍ദ്ധനവ്! 11 വര്‍ഷത്തിനിടെ സംഭവിച്ചത് അവിശ്വസനീയമായ മുന്നേറ്റം; ഇലക്ട്രോണിക്‌സ് വിപണി വളര്‍ന്നതോടെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ സാധ്യത; പിഎല്‍ഐ പദ്ധതി ഇന്ത്യയുടെ തലവര മാറ്റിയോ?

Update: 2025-12-30 05:23 GMT

മുംബൈ: മൊബൈല്‍ ഉത്പാദനത്തില്‍ ആഗോളതലത്തില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യ. ആഗോള ഇലക്ട്രോണിക്‌സ് ഉത്പാദന കേന്ദ്രമാക്കി രാജ്യത്തെ മാറ്റുന്നതിനുള്ള പദ്ധതിയിലെ നിര്‍ണായക നാഴികക്കല്ലാണിതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2014 2015 സാമ്പത്തിക വര്‍ഷത്തില്‍ വെറും രണ്ട് മൊബൈല്‍ നിര്‍മാണ യൂണിറ്റുകള്‍ ആയിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ 300 എണ്ണമായി ഉയര്‍ന്നിട്ടുണ്ട്. പതിനൊന്ന് വര്‍ഷത്തിനിടെ രാജ്യത്തിന്റെ ഇലക്ട്രോണിക് കയറ്റുമതി എട്ട് മടങ്ങ് വര്‍ദ്ധിച്ചതായും അശ്വിനി വൈഷ്ണവ് പറയുന്നു.

കഴിഞ്ഞ 11 വര്‍ഷത്തിനിടെ രാജ്യം ഇലക്ട്രോണിക് കയറ്റുമതി എട്ട് മടങ്ങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും, പ്രധാനമായും പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമില്‍ നിന്നുള്ള നയപരമായ പിന്തുണയാണ് ഇതിന് കാരണമെന്നും വൈഷ്ണവ് പറഞ്ഞു. വലിയ തോതിലുള്ള ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിനായുള്ള പിഎല്‍ഐ പദ്ധതി 13,475 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിച്ചുവെന്നും ഇലക്ട്രോണിക്‌സ് മേഖലയില്‍ ഏകദേശം 9.8 ലക്ഷം കോടി രൂപയുടെ ഉത്പാദനം കൈവരിക്കാന്‍ സഹായിച്ചുവെന്നും ഇത് നിര്‍മ്മാണം, തൊഴിലവസരങ്ങള്‍, കയറ്റുമതി എന്നിവയ്ക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

''കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.3 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും ഇലക്ട്രോണിക്‌സ് ഇപ്പോള്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ കയറ്റുമതി വിഭാഗമാണെന്നും ഏഴാം സ്ഥാനത്ത് നിന്ന് ഉയര്‍ന്നുവെന്നും'' വൈഷ്ണവ് എടുത്തുപറഞ്ഞു.

രാജ്യം തുടക്കത്തില്‍ പൂര്‍ത്തിയായ ഉല്‍പ്പന്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും, എന്നാല്‍ ഇലക്ട്രോണിക്‌സ് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്‌കീം ''മൊഡ്യൂളുകള്‍, ഘടകങ്ങള്‍, ഉപ-മൊഡ്യൂളുകള്‍, അസംസ്‌കൃത വസ്തുക്കള്‍, അവ നിര്‍മ്മിക്കുന്ന യന്ത്രങ്ങള്‍ എന്നിവയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലേക്ക്'' മാറുന്നതിനെ പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളായ ആപ്പിള്‍, സാംസങ് എന്നിവ ഇന്ത്യയില്‍ ഉത്പാദനം വലിയതോതില്‍ വിപുലമാക്കിയിട്ടുണ്ട്. ഈ കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കുള്ള ഘടകങ്ങളുടെ നിര്‍മാണവും കൂടുതലായി വന്നുകൊണ്ടിരിക്കുന്നു. ആഭ്യന്തരവിപണിയില്‍ വില്‍ക്കുന്ന മൊബൈല്‍ ഹാന്‍ഡ് സെറ്റുകളില്‍ 99 ശതമാനംവരെ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതാണിപ്പോള്‍. 2014-ല്‍ 0.18 ലക്ഷം കോടി രൂപയുടെ മൊബൈല്‍ഫോണുകളാണ് രാജ്യത്ത് ഉത്പാദിപ്പിച്ചിരുന്നത്. ഇപ്പോഴിത് 5.5 ലക്ഷം കോടിയിലേക്കെത്തി. കയറ്റുമതി 0.01 ലക്ഷംകോടിയില്‍നിന്ന് രണ്ടുലക്ഷം കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്.

11 വര്‍ഷത്തിനിടെ രാജ്യത്ത് ഇലക്ട്രോണിക്‌സ് ഉത്പന്ന ഉത്പാദനത്തില്‍ വലിയ കുതിച്ചുചാട്ടമാണുണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉത്പാദനം ആറുമടങ്ങിനടുത്ത് വളര്‍ച്ച നേടി. 2014-15 സാമ്പത്തികവര്‍ഷം 1.9 ലക്ഷം കോടിയുടെ ഉത്പാദനമാണ് നടന്നിരുന്നത്. 2024-25 -ലിത് 11.3 ലക്ഷം കോടിയിലേക്കെത്തി. ഇലക്ട്രോണിക്‌സ് ഉത്പന്ന കയറ്റുമതിയില്‍ എട്ടുമടങ്ങാണ് വളര്‍ച്ച. ഇക്കാലത്ത് കയറ്റുമതി 0.38 ലക്ഷം കോടിയില്‍നിന്ന് 3.3 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ആപ്പിള്‍ ഐഫോണുകളാണ് ഇലക്ട്രോണിക്‌സ് ഉത്പന്ന കയറ്റുമതിയില്‍ വലിയപങ്കും സ്വന്തമാക്കിയിരിക്കുന്നത്.

ഇലക്ട്രോണിക്‌സ് ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനാവിഷ്‌കരിച്ച ഉത്പാദന അനുബന്ധയിളവ് പദ്ധതിയാണ് നേട്ടത്തിനു പിന്നിലെന്നും മന്ത്രി അവകാശപ്പെട്ടു. ഇതുവരെ പിഎല്‍ഐ പദ്ധതി പ്രകാരം 13,475 കോടി രൂപയുടെ നിക്ഷേപം നടന്നു. 9.8 ലക്ഷംകോടി രൂപയുടെ ഉത്പാദനമാണ് ഇതുവഴി നടന്നത്. ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് വ്യവസായം ഏഴാം സ്ഥാനത്ത് നിന്ന് മൂന്നാമത്തെ വലിയ കയറ്റുമതി വിഭാഗത്തിലേക്ക് മാറിയെന്നും അങ്ങനെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.3 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News