ഇംഗ്ലീഷ് 'പൊട്ടി'; പിന്നാലെ കേരള സര്‍വകലാശാലയിലെ പഴയ പിഎച്ച്ഡി ഫെല്ലോഷിപ്പ് വിവാദവും കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; പ്രബന്ധം നല്‍കിയില്ല, മൂന്നര ലക്ഷം വിഴുങ്ങി, പുസ്തകങ്ങള്‍ മുക്കി; ഹാജര്‍ ബുക്ക് അറ്റകുറ്റപ്പണിക്കിടയില്‍ മുങ്ങി; നിയമസഭയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഉരുണ്ടുകളിച്ച കഥയും വീണ്ടും പുറത്ത്; എ.എ. റഹീമിനെ പഞ്ഞിക്കിട്ട് ട്രോളുകള്‍

സഖാവ് റഹീമിന് ഇത് കഷ്ടകാലം

Update: 2025-12-29 15:16 GMT

തിരുവനന്തപുരം: ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാംഗവുമായ എ.എ. റഹിമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പടയുടെ ഇര. ബെംഗളൂരുവിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കാന്‍ പോയി ചാനലിന് നല്‍കിയ ഇംഗ്ലീഷ് അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചിരിപ്പൂരമായി മാറിയതിന് പിന്നാലെ, പഴയൊരു 'ഗവേഷണ തട്ടിപ്പിന്റെ' കഥ കൂടി കുത്തിപ്പൊക്കി വിട്ടിരിക്കുകയാണ് രാഷ്ട്രീയ എതിരാളികള്‍. ഇംഗ്ലീഷ് മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന് റഹീം വിനയാന്വിതനാകുമ്പോഴും, ഗവേഷണ പ്രബന്ധം സമര്‍പ്പിക്കാതെ ഫെല്ലോഷിപ്പായി മൂന്നര ലക്ഷം രൂപ വാങ്ങിയെടുത്ത കാര്യത്തില്‍ റഹീമിന് മിണ്ടാട്ടമില്ല.


Full View

യെലഹങ്കയില്‍ TV 9 ചാനലിന് നല്‍കിയ അഭിമുഖമാണ് റഹീമിനെ വെട്ടിലാക്കിയത്. പാര്‍ലമെന്റിലെ പ്രസംഗങ്ങള്‍ മുതല്‍ ബെംഗളൂരുവിലെ വീട് സന്ദര്‍ശനം വരെ റഹീം പ്രയോഗിക്കുന്ന ഇംഗ്ലീഷ് ഭാഷയിലെ വ്യാകരണ പിശകുകളും ഉച്ചാരണ വൈകല്യങ്ങളും കോണ്‍ഗ്രസ്-ബിജെപി ഹാന്‍ഡിലുകള്‍ ആഘോഷമാക്കുകയാണ്. 'താന്‍ ഇംഗ്ലീഷ് പഠിച്ചുവരുന്നതേയുള്ളൂ' എന്ന് റഹീം പ്രതിരോധിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് കുറവില്ല.

അതിനിടെ, കേരള സര്‍വകലാശാലയില്‍ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഗവേഷണത്തിന് ഫെലോഷിപ്പ് കൈപ്പറ്റിയശേഷം പ്രബന്ധം സമര്‍പ്പിക്കാത്തതുമായി ബന്ധപ്പെട്ട പഴയ വിവാദങ്ങളും വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്. കേരള സര്‍വകലാശാലയുടെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗത്തില്‍ ഗവേഷകനായിരുന്ന അദ്ദേഹം, 3,44,744 രൂപ ഫെല്ലോഷിപ്പ് ഇനത്തില്‍ കൈപ്പറ്റിയെങ്കിലും നിശ്ചിത സമയത്തിനകം പ്രബന്ധം സമര്‍പ്പിച്ചിട്ടില്ലെന്ന വിവരാവകാശ രേഖ നേരത്തെ പുറത്തുവന്നിരുന്നു.

2010 മെയ് 4-നാണ് അദ്ദേഹം ഗവേഷണത്തിനായി രജിസ്റ്റര്‍ ചെയ്തത്. അഞ്ച് വര്‍ഷത്തെ കാലാവധി അനുവദിച്ചിരുന്നെങ്കിലും പിന്നീട് 2017 മെയ് 3 വരെ ഇത് നീട്ടി നല്‍കി. എന്നാല്‍ 2017-ന് ശേഷം വീണ്ടും കാലാവധി നീട്ടിയിട്ടില്ലാത്തതിനാല്‍ അദ്ദേഹം നിലവില്‍ സര്‍വകലാശാലയിലെ ഗവേഷകനല്ല. ഗവേഷണ കാലയളവില്‍ 2010 മെയ് 4 മുതല്‍ 2013 നവംബര്‍ 2 വരെയുള്ള മൂന്നര വര്‍ഷത്തേക്ക് മൊത്തം 3,44,744 രൂപ അദ്ദേഹം ഫെല്ലോഷിപ്പായി കൈപ്പറ്റിയിട്ടുണ്ട്.




മതിയായ ഹാജരുമില്ല

എ.എ. റഹീമിന്റെ ഹാജര്‍ രേഖകള്‍ (Attendance Register) ഹാജരാക്കാന്‍ വകുപ്പ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും, പെയിന്റിംഗ്/അറ്റകുറ്റപ്പണികള്‍ക്കിടയില്‍ ഈ രേഖകള്‍ നഷ്ടപ്പെട്ടതായാണ് സര്‍വകലാശാല നല്‍കിയ മറുപടി. 2015 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള രേഖകള്‍ മാത്രമാണ് ലഭ്യമായത്.

ഈ വിഷയം സംബന്ധിച്ച് നേരത്തെ വന്ന വാര്‍ത്തകളും നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങളും സര്‍വകലാശാലയുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകളും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുകയാണ്.

നിയമസഭയില്‍ മന്ത്രിയുടെ ഉരുണ്ട് കളി

2022 മാര്‍ച്ച് 15-ന് ഷാഫി പറമ്പില്‍ എം.എല്‍.എ. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനോട് ഈ വിഷയത്തില്‍ നിയമസഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എ.എ. റഹിം എന്ന ഗവേഷണ വിദ്യാര്‍ത്ഥി ഗവേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ ഫെലോഷിപ്പ് കൈപ്പറ്റിയതായി രജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടോ, റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ, ഫെലോഷിപ്പ് തുക തിരിച്ചടച്ചിട്ടുണ്ടോ, സര്‍വകലാശാല സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് എന്നിങ്ങനെയായിരുന്നു ഷാഫി പറമ്പിലിന്റെ ചോദ്യങ്ങള്‍.

ഗവേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെക്കുറിച്ചോ പണം തിരിച്ചടച്ചതിനെക്കുറിച്ചോ വ്യക്തമായ മറുപടി നല്‍കാതെ, എ.എ. റഹിമിന് മൂന്നര വര്‍ഷം ഗവേഷണം നടത്തുന്നതിനായി ഫെലോഷിപ്പ് നല്‍കി എന്ന ഒഴുക്കന്‍ മറുപടിയാണ് മന്ത്രി നല്‍കിയത്. രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തെക്കുറിച്ചും മറുപടി ലഭ്യമായിരുന്നില്ല.




 ഫെല്ലോഷിപ്പ് കൈപ്പറ്റിയിട്ടും പ്രബന്ധം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ റഹീമിനെതിരെ നടപടി സ്വീകരിക്കാന്‍ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലൈബ്രറി പുസ്തകങ്ങളും അടിച്ചുമാറ്റി?

ലൈബ്രറിയില്‍ നിന്നും എടുത്ത പുസ്തകങ്ങള്‍ മടക്കി നല്‍കിയില്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ടും മുന്‍പ് വിവാദമായിരുന്നു. 2018 ഡിസംബര്‍ 27-ന് കേരള സര്‍വകലാശാലയിലെ വിവരാവകാശ സെക്ഷനില്‍ നിന്ന് നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

Tags:    

Similar News