പ്രവിതയുടെയും സമീക്ഷയുടേയും കാത്തിരിപ്പ് വെറുതെ ആയില്ല; അവസാനിച്ചെന്ന് കരുതിയ ഇരുവരുടേയും കലോത്സവ പ്രതീക്ഷയിലേക്ക് പറന്നിറങ്ങി ദുര്‍ഗ
പ്രവിതയുടെയും സമീക്ഷയുടേയും കാത്തിരിപ്പ് വെറുതെ ആയില്ല; ഇരുവരുടേയും കലോത്സവ പ്രതീക്ഷയിലേക്ക് പറന്നിറങ്ങി ദുര്‍ഗ
പ്രവിതയുടെയും സമീക്ഷയുടേയും കലോത്സവ പ്രതീക്ഷകള്‍ക്കുമേല്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുക ആയിരുന്നു ദുര്‍ഗ. ഒടുവില്‍, ഇരുവരുടേയും കലോത്സവപ്രതീക്ഷകള്‍ അവസാനിച്ചെന്നു തോന്നിയ നിമിഷത്തില്‍ ഡല്‍ഹിയില്‍ നിന്നും ആഹ്ലാദത്തിന്റെ ലാന്‍ഡിങ് നടത്തി കൂട്ടുകാരെ ആനന്ദത്തില്‍ ആറാടിച്ചാണ് ദുര്‍ഗ മടങ്ങിയത്. എച്ച്എസ് കഥകളി ഗ്രൂപ്പ് ഇനത്തില്‍ കരുനാഗപ്പള്ളി ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ വിഎച്ച്എസ്എസിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ തിരഞ്ഞടുക്കപ്പെട്ടവരായിരുന്നു ദുര്‍ഗ സുരേഷ്, പ്രവിത ആര്‍.നാഥ്, സമീക്ഷ എസ്.സുജീഷ് എന്നിവര്‍.
മൂവരും ഇതിനായി കഠിന പരിശീലനവും തുടങ്ങി. എന്നാല്‍ ഇതിനിടയിലാണ് എന്‍സിസി അംഗം കൂടിയായ ദുര്‍ഗയ്ക്കു റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിക്കുന്നത്. കേരള ലക്ഷദ്വീപ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. പരേഡ് കഴിയാതെ മടങ്ങാന്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതോടെ പ്രവിതയും സമീക്ഷയും വിഷമത്തിലായി. കൂട്ടുകാരികള്‍ തളര്‍ന്നതറിഞ്ഞ ദുര്‍ഗ എങ്ങനെയും കലോത്സവത്തില്‍ പങ്കെടുക്കണമെന്നു സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിച്ചു. ആദ്യശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും തോറ്റ് പിന്മാറാന്‍ ദുര്‍ഗ തയ്യാറായില്ല.
ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ സെക്രട്ടറിയുടെ നിര്‍ദേശമനുസരിച്ചു തിരുവനന്തപുരത്തെ എന്‍സിസി ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടു. ന്യൂഡല്‍ഹിയിലെ ഡയറക്ടറേറ്റിലേക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ശനിയാഴ്ച ഉച്ചയോടെ 2 ദിവസത്തെ അവധി അനുവദിച്ച് ഉത്തരവിറക്കി. പക്ഷേ, കൊണ്ടുപോകാന്‍ മാതാപിതാക്കളെത്തണം. ദുര്‍ഗയുടെ പിതാവ് സുരേഷ് ഡല്‍ഹിയിലുള്ള ബന്ധുവിനു അനുമതിപത്രം നല്‍കിയാണ് ദുര്‍ഗയെ ക്യാംപില്‍നിന്നു പുറത്തെത്തിച്ചത്.