എട്ടു മാസത്തിനുള്ളില്‍ ജഡ്ജി എ.എം.ബഷീര്‍ വധശിക്ഷയ്ക്ക് വിധിച്ചത് നാലു പേരെ: ഗ്രീഷ്മ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന രണ്ടാമത്തെ സ്ത്രീ: ജഡ്ജി എ.എം.ബഷീര്‍ രണ്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 10 പേര്‍ക്കു ജീവപര്യന്തവും വിധിച്ച ന്യായാധിപന്‍

എട്ടു മാസത്തിനുള്ളില്‍ ജഡ്ജി എ.എം.ബഷീര്‍ വധശിക്ഷയ്ക്ക് വിധിച്ചത് നാലു പേരെ

Update: 2025-01-21 01:40 GMT

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.എം.ബഷീര്‍ ആണ് കൊലപാതകി ഗ്രീഷ്മയെ വധ ശിക്ഷയ്ക്ക് വിധിച്ചത്. ജഡ്ജി എ.എം.ബഷീര്‍ എട്ടു മാസത്തിനിടെ വധശിക്ഷയ്ക്കു വിധിക്കുന്ന രണ്ടാമത്തെ സ്ത്രീയാണ് ഗ്രീഷ്മ. റഫീക്ക എന്ന സ്ത്രീയ്ക്ക് കഴിഞ്ഞ മെയ്മാസത്തില്‍ ഇദ്ദേഹം വധ ശിക്ഷ വിധിച്ചിരുന്നു.

വിഴിഞ്ഞത്തു ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തി, മൃതദേഹം തട്ടിന്‍പുറത്ത് ഒളിപ്പിച്ച കേസിലാണ് വിഴിഞ്ഞം ടൗണ്‍ഷിപ് കോളനിയില്‍ റഫീക്കയെ (51) കഴിഞ്ഞ മേയ് 22നു ജഡ്ജി എ.എം.ബഷീര്‍ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതുള്‍പ്പടെ നാല് വധശിക്ഷകളാണ് അദ്ദേഹം ഈ കുറഞ്ഞ കാലത്തിനുള്ളില്‍ വിധിച്ചത്.

2024 ജനുവരിയിലാണ് എ.എ.ബഷീര്‍ അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി നിയമിതനായത്. ഗ്രീഷ്മയും റഫീക്കയും ഉള്‍പ്പെടെ നാല പേര്‍ക്ക് അദ്ദേഹം വധശിക്ഷ വിധിച്ചിട്ടുണ്ട്. 2 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 10 പേര്‍ക്കു ജീവപര്യന്തവും വിധിച്ചു. റഫീക്കയ്ക്ക് പുറമേ റഫീക്കയുടെ മകനും ഇദ്ദേഹം കൊലക്കയര്‍ എന്ന് വിധിയെഴുതി.

ശാന്തകുമാരി കേസില്‍ റഫീക്കയെ കൂടാതെ പാലക്കാട് പട്ടാമ്പി വിളയൂര്‍ വള്ളികുന്നത്തു വീട്ടില്‍ അല്‍ അമീന്‍ (27), റഫീക്കയുടെ മകന്‍ വിഴിഞ്ഞം ടൗണ്‍ഷിപ് കോളനി ഹൗസ് 44ല്‍ ഷെഫീഖ് (27) എന്നിവര്‍ക്കും വധശിക്ഷ വിധിച്ചു. നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതിയുടെ ചരിത്രത്തില്‍ വധശിക്ഷ ലഭിച്ച പ്രഥമ കേസായിരുന്നു ശാന്തകുമാരി കൊലക്കേസ്. അമ്മയ്ക്കും മകനും തൂക്കുകയര്‍ ലഭിച്ച കേസും ഇതിനു മുന്‍പു സംസ്ഥാനത്തുണ്ടായിട്ടില്ല. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയാണു ബഷീര്‍.

Tags:    

Similar News