'സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത് എന്റെ മകനല്ല; ചില സാമ്യതകള്‍ ഉണ്ടെന്ന പേരിലാണ് അറസ്റ്റ് ചെയ്തത്; അനധികൃതമായി ഇന്ത്യയില്‍ വന്നതു കൊണ്ട് ലക്ഷ്യമിടാന്‍ എളുപ്പം; ഞങ്ങള്‍ പാവങ്ങളാണ്, ക്രിമിനലുകളല്ല'; ബംഗ്ലദേശ് പൗരന്റെ അറസ്റ്റില്‍ പ്രതികരിച്ച് കുടുംബം

ബംഗ്ലദേശ് പൗരന്റെ അറസ്റ്റില്‍ പ്രതികരിച്ച് കുടുംബം

Update: 2025-01-24 15:43 GMT

കൊല്‍ക്കത്ത: മോഷണ ശ്രമത്തിനിടെ നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാരുടെ മൊഴിയും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തക്കേടുകളെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കേസില്‍ അറസ്റ്റിലായ ബംഗ്ലദേശ് പൗരന്‍ മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം ഷെഹ്‌സാദ് കേസിലെ യഥാര്‍ഥ പ്രതിയല്ലെന്ന് പിതാവ് രോഹുല്‍ അമീന്‍. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ഷെരിഫുല്‍ അല്ലെന്നും മകനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കി കുടുക്കാന്‍ ശ്രമിക്കുകയാണെന്നും പിതാവ് ആരോപിച്ചു.

''പ്രതിയാണെന്ന് സംശയിച്ചാണ് എന്റെ മകനെ അവര്‍ അറസ്റ്റ് ചെയ്തത്. പൊലീസ് പുറത്തുവിട്ട ചിത്രത്തിലുള്ള ആള്‍ അവനല്ല. ചില സാമ്യതകള്‍ ഉണ്ടെന്നതിന്റെ പേരിലാണ് അവനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അനധികൃതമായി ഇന്ത്യയില്‍ കടന്നതിനാല്‍ അവനെ ലക്ഷ്യമിടാന്‍ വളരെ എളുപ്പമാണ്. ഫോട്ടോയിലുള്ള ആള്‍ക്ക് കണ്ണുവരെ എത്തുന്ന നീണ്ട മുടിയുണ്ട്. എന്നാല്‍ ഷെരിഫുല്‍ എപ്പോഴും മുടി ചെറുതാക്കി വെട്ടുകയും മുകളിലേക്ക് ചീകി വയ്ക്കുകയുമാണ് ചെയ്യാറുള്ളത്. ഞങ്ങള്‍ പാവങ്ങളാണ്, ക്രിമിനലുകളല്ല. ജീവിക്കാനായി ഷെരിഫുല്‍ ബംഗ്ലദേശില്‍ ബൈക്ക് ടാക്‌സി ഓടിക്കുകയായിരുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ ഭരണകാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടായി. ഷെരിഫുല്‍ ഖാലിദ സിയയെ പിന്തുണക്കുന്നതിനാല്‍ വലിയ എതിര്‍പ്പ് നേരിട്ടു. അതോടെ കൂടുതല്‍ മെച്ചപ്പെട്ട ജോലിയും ജീവിത സാഹചര്യവും കണ്ടെത്തുകയെന്ന ഉദ്ദേശ്യത്തോടെ ബംഗ്ലദേശ് വിട്ട് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു'' -പിതാവ് രോഹുല്‍ അമീന്‍ പറഞ്ഞു.

''ഷെരിഫുല്‍ ഇന്ത്യയിലേക്ക് കടന്നത് എങ്ങനെയെന്ന് അറിയില്ല. അവനെ പോലെ മറ്റുപലരും അതിര്‍ത്തി കടന്നിരുന്നു. ഇന്ത്യയില്‍ കടന്നതിനു പിന്നാലെ ബംഗാളിലെത്തി ഏതാനും ദിവസം അവിടെ ഹോട്ടലില്‍ ജോലി ചെയ്തിരുന്നു. അതിനു ശേഷം മുംബൈയിലെത്തി ബാറില്‍ ജോലി ചെയ്തു. നാട്ടുകാരില്‍ ഒരാളെ അവിടെ കണ്ടുമുട്ടിയെങ്കിലും കൂടെ താമസിപ്പിക്കാന്‍ അയാള്‍ തയാറായില്ല. സെയ്ഫിനു കുത്തേറ്റ് മൂന്നു ദിവസത്തിനു ശേഷം വീട്ടിലേക്ക് ഷെരിഫുല്‍ 10,000 ടാക്ക അയച്ചുനല്‍കിയിരുന്നു. ഷെരിഫുലിന് കവര്‍ച്ച നടത്താനോ ആരെയെങ്കിലും ആക്രമിക്കാനോ കഴിയില്ല. ഞങ്ങള്‍ക്ക് നീതി വേണം'' പിതാവ് പറഞ്ഞു.

രോഹുല്‍ അമീന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തെ ആളാണ് ഷെരിഫുല്‍. മൂത്തയാള്‍ ധാക്കയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഇളയ മകന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഖുല്‍നയിലെ ചണ മില്ലിലെ ജോലിക്കാരനായിരുന്നു അമീന്‍. ഈ ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ, ഷെരിഫുല്‍ പത്താംക്ലാസില്‍ പഠനം നിര്‍ത്തുകയും ജോലി തേടി ഇറങ്ങുകയുമായിരുന്നു. ഷെരിഫുലിന്റെ മോചനത്തിനായി നയതന്ത്ര തലത്തില്‍ ഇടപെടാനുള്ള ശ്രമത്തിലാണ് കുടുംബം. ബംഗ്ലാദേശ് രാജ്ഭാരി സ്വദേശിയായ ഷരീഫുള്‍ ഇസ്ലാം മാള്‍ഡ വഴിയാണ് ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയിലേക്ക് എത്താന്‍ ഒരു ഏജന്റ് പ്രതിയെ സഹായിച്ചു എന്ന നിര്‍ണായക വിവരവും പുറത്ത് വന്നിരുന്നു.

സെയ്ഫ് അലി ഖാന്‍ താമസിക്കുന്ന 13 നില കെട്ടിടത്തില്‍ 8 നില വരെ സ്റ്റെപ്പ് കയറിയ പ്രതി തുടര്‍ന്ന് 11-ാം നിലയിലേക്ക് പൈപ്പിലൂടെയാണ് നുഴഞ്ഞുകയറിയത്. പിന്നീട് ഇതുവഴി നടന്റെ വീട്ടിലെ കുളിമുറിയിലേക്കും തുടര്‍ന്നു മകന്റെ കിടപ്പുമുറിയിലേക്കും പ്രവേശിക്കുകയായിരുന്നു. പ്രതിയെ കണ്ട ജോലിക്കാരി ബഹളം വച്ചതിനെ തുടര്‍ന്ന് സെയ്ഫ് അലി ഖാന്‍ ഇവിടേക്ക് എത്തുകയായിരുന്നു. അക്രമിയെ പ്രതിരോധിക്കാന്‍ ശ്രമിച്ച നടനെ കൈയ്യിലെ കത്തി ഉപയോഗിച്ച് പ്രതി കുത്തുകയായിരുന്നു. പ്രതിയെ വീടിനുള്ളിലാക്കി നടന്‍ വാതില്‍ അടച്ചെങ്കിലും കുളിമുറിയില്‍ കയറി വന്നവഴി പൈപ്പിലൂടെ നുഴഞ്ഞിറങ്ങി, സ്റ്റെപ്പ് വഴി രക്ഷപ്പെടുകയായിരുന്നു. ശേഷം പ്രതി രാവിലെ ഏഴു മണിവരെ ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങി. തുടര്‍ന്ന് ട്രെയിനില്‍ മധ്യ മുംബൈയിലെ വര്‍ളിയില്‍ ഇറങ്ങുകയായിരുന്നു. പ്രതിയുടെ ബാഗില്‍നിന്ന് ചുറ്റിക, സ്‌ക്രൂ ഡ്രൈവര്‍, നൈലോണ്‍ കയര്‍ എന്നിവയും പൊലീസ് കണ്ടെത്തിയിരുന്നു. മോഷണത്തിനാണു കെട്ടിടത്തില്‍ കയറിയതെന്നും സെയ്ഫ് അലി ഖാന്റെ വീടാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് പിടിയിലായ മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം മൊഴി നല്‍കിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാവ് എത്തിയത്. സെയ്ഫിന്റെ മകന്‍ ജേഹിന്റെ റൂമില്‍ കയറിയ അക്രമി ഒരു കോടി ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ കുട്ടിയെ ആക്രമിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ആക്രമണത്തിനിടെ കുത്തേറ്റ സെയ്ഫ് 5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയയില്‍ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തിരുന്നു.

Tags:    

Similar News