ജലവിതരണം നിര്‍ത്തി വച്ചുള്ള തെരച്ചില്‍ ഫലം കണ്ടു; പത്തനംതിട്ട കിടങ്ങന്നൂരില്‍ കനാലില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെടുത്തു; മെഴുവേലിയെ വേദനയിലാക്കി രണ്ട് മരണം
പത്തനംതിട്ട: കിടങ്ങന്നൂര്‍ വില്ലേജ് ഓഫീസിന് സമീപം പമ്പ കനാലില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെടുത്തു. മെഴുവേലി സൂര്യേന്ദുവില്‍ രാജുവിന്റെ മകന്‍ അഭിരാജ് (15), ഉള്ളന്നൂര്‍ കാരിത്തോട്ട മഞ്ജുവിലാസത്തില്‍ അനന്തുനാഥ് (15) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് കുട്ടികളെ കാണാതായത്.
കിടങ്ങന്നൂര്‍ നാല്‍ക്കാലിക്കല്‍ എസ്വിജിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ് ഇരുവരും. സുഹൃത്തിന്റെ വീട്ടില്‍ പോയതിന് ശേഷം മുടിവെട്ടിച്ച് കനാലില്‍ കുളിക്കാന്‍ ഇറങ്ങിയതാണ്. മൂന്നു പേരാണ് വില്ലേജ് ഓഫീസിന് സമീപമുള്ള പമ്പ ജലസേചന പദ്ധതിയുടെ കനാലില്‍ കുളിക്കാനിറങ്ങിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട് ഭയന്നു പോയ മൂന്നാമന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതെ വന്നതോടെ നടന്ന തെരച്ചിലില്‍ കനാലിന്റെ കരയില്‍ നിന്ന് വസ്ത്രങ്ങളും ചെരുപ്പുകളും കിട്ടി. തൊട്ടടുത്ത വീട്ടിലെ സിസിടിവിയില്‍ കുട്ടികള്‍ കുളിക്കാനിറങ്ങുന്ന ദൃശ്യങ്ങളും പതിഞ്ഞിരുന്നു. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്സ് രാത്രിയില്‍ തന്നെ തെരച്ചില്‍ നടത്തി. വേനല്‍ക്കാലം ആകുമ്പോള്‍ കൃഷിക്ക് വേണ്ടിയാണ് കനാലില്‍ വെള്ളം തുറന്നു വിടാറുള്ളത്.
ശക്തമായ അടിയൊഴുക്കും ഇവിടെയുണ്ട്. ചെങ്ങന്നൂരിലും പത്തനംതിട്ടയിലും നിന്ന് വന്ന സ്‌കൂബ ടീം കനാലിലെ വെള്ളം അടച്ചതിന് ശേഷം മൂന്നു കിലോമീറ്ററോളം തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹങ്ങള്‍ കിട്ടിയില്ല. ഇന്ന് രാവിലെ തെരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.