ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ പുതിയ പ്രതിസന്ധി; പീഢന പരാതിയില്‍ ബിഷപ്പിനെതിരെ ആരോപണം; പരാതിക്കാരില്‍ ഒരാള്‍ വനിതാ ബിഷപ്പും
ലണ്ടന്‍: ലിവര്‍പൂള്‍ ബിഷപ്പിനെതിരെ രണ്ടു സ്ത്രീകള്‍ ലൈംഗിക സ്വഭാവമുള്ള പരാതികള്‍ ഉന്നയിച്ച് രംഗത്തെത്തിയതോടെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പുതിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ലിവര്‍ പൂള് ബിഷപ്പ് ജോണ്‍ പെരുമ്പളത്ത് തങ്ങളെ ലൈംഗികമായി പീഢിപ്പിച്ചു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. പരാതിക്കാരില്‍ ഒരാള്‍, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തന്നെ വനിത ബിഷപ്പാണ് എന്നതാണ് ഏറെ കൗതുകകരം.
ചാനല്‍ 4 നടത്തിയ അന്വേഷണത്തിലാണ് ചെംസ്ഫോര്‍ഡില്‍ വിവാഹിതയായ ഒരു സ്ത്രീയെ ബിഷപ്പ് പെരുമ്പളത്ത് പീഡിപ്പിച്ചു എന്ന ആരോപണം ആദ്യം ഉയര്‍ന്നത്. രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ 2019 ലും 2023 ലും ആയിരുന്നു ഇത് നടന്നതെന്നും അന്ന് ചാനല്‍ 4 റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ ജനറല്‍ സിനഡിലെ ഒരു മുതിര്‍ന്ന അംഗമാണ് ഇപ്പോള്‍ തന്നെ ആരോപണ വിധേയനായിരിക്കുന്ന യോര്‍ക്ക് ആര്‍ച്ച്ബിഷപ്പ് സ്റ്റീഫന്‍ കോട്രെല്‍ ഇക്കാര്യം മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി എത്തിയത്. ഏപ്രില്‍ 2023 ല്‍ ജോണ്‍ ബിഷപ്പ് ആയി സ്ഥാനാരോഹണം ചെയ്യുന്നതിന് മുന്‍പ് തന്നെ ജോണിനെതിരെ ലൈംഗിക പീഢനാരോപണം ഉണ്ട് എന്ന വസ്തുത യോര്‍ക്ക് ആര്‍ച്ച് ബിഷപ്പിന് അറിയാം എന്നാണ് സിനഡംഗം പറയുന്നത്.
നേരത്തെ ചെംസ്ഫോര്‍ഡില്‍ ബിഷപ്പ് ആയിരുന്ന സമയത്ത്, കൗമാരക്കാാരായ കുട്ടികളെ പീഢിപ്പിച്ച പുരോഹിതനെ രൂപതയില്‍ തുടരാന്‍ അനുവദിച്ചതിന് ആര്‍ച്ച് ബിഷപ്പ് കോട്രെല്‍ സ്ഥാനമൊഴിയണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇപ്പോള്‍ ഉയര്‍ന്ന ആരോപണവുമായി ബന്ധപ്പെട്ട്, വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ബിഷപ്പ് പെരുമ്പളത്തിനെ, കഴിഞ്ഞ മാര്‍ച്ചില്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, മതിയായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിനെതിരെ കേസുകളൊന്നും ചാര്‍ജ്ജ് ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ഈ പരാതി തള്ളിക്കളയുകയും ചെയ്തിരുന്നു.
പുരോഹിതര്‍ക്കിടയിലെ അച്ചടക്കം നിരീക്ഷിക്കുന്ന കമ്മീഷനില്‍ അംഗങ്ങളായ രണ്ട് ബിഷപ്പുമാരില്‍ ഒരാളും, അടുത്തു തന്നെ പ്രഭുസഭയിലേക്ക് പ്രവേശനം കാത്തിരിക്കുന്ന വ്യക്തിയുമാണ് സിനഡില്‍ ആരോപണമുന്നയിച്ച മുതിര്‍ന്ന അംഗം എന്ന് മെയ്ല് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം രണ്ട് ആരോപണങ്ങളും നിഷേധിച്ച ബിഷപ്പ് പെരുമ്പളത്ത്, ഈ പരാതികള്‍ പോലീസ് അന്വേഷിച്ചതാണെന്നും ചൂണ്ടിക്കാട്ടി. അവര്‍ അത് തള്ളുകയായിരുന്നു.