മരണസമയത്ത് ജീവിതത്തിലെ പ്രിയ നിമിഷങ്ങള്‍ ഒരുസിനിമ പോലെ കണ്‍മുന്നില്‍ മിന്നി മറയുമോ? സമസ്യക്ക് ഉത്തരം കണ്ടെത്തി ശാസ്ത്രജ്ഞര്‍; മരണത്തിന് തൊട്ടുമുമ്പ് സംഭവിക്കുന്നത് എന്ത്? വെളിപ്പെടുത്തലുമായി സുപ്രധാന പഠനം

മരണത്തിന് തൊട്ടുമുമ്പ് സംഭവിക്കുന്നത് എന്ത്?

Update: 2025-02-05 11:37 GMT

കെന്റക്കി: എല്ലാവരും മരിക്കും. അതെല്ലാവര്‍ക്കും അറിയാം. മരണത്തിനപ്പുറം എന്താണ് എന്നത് സമസ്യയായി തുടരുന്നു. എന്നിരുന്നാലും മരണസമയത്ത് എന്താണ് സംഭവിക്കുക, അതല്ലെങ്കില്‍, മരണത്തിന് തൊട്ടുമുന്‍പ് എന്താണ് സംഭവിക്കുക എന്നൊക്കെ മനുഷ്യര്‍ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.

ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക് നീങ്ങുന്ന ആ നിമിഷങ്ങളില്‍ തലച്ചോറിന് എന്താണ് സംഭവിക്കുക എന്നത് ശാസ്ത്രജ്ഞരെ നൂറ്റാണ്ടുകളായി കുഴക്കുന്ന കാര്യമാണ്. മരണസമയത്ത്, ഒരു വ്യക്തിയുടെ ജീവിതത്തിലെ മുഴുവന്‍ സംഭവങ്ങളും ഒരു സിനിമ കണക്കെ ആ വ്യക്തിയുടെ കണ്‍മുമ്പില്‍ മിന്നിമറയുമെന്നൊക്കെ മരണത്തെ മുന്നില്‍ കണ്ട ചിലരുടെ അനുഭവങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതാദ്യമായി ന്യൂറോ ശാസ്ത്രജ്ഞരുടെ ഒരു സംഘം പിടിച്ചെടുത്തിരിക്കുകയാണ്. യുഎസിലെ കെന്റക്കിയിലെ ലൂയിവില്‍ സര്‍വകലാശാലയില്‍ നടന്ന ഗവേഷണത്തെ കുറിച്ച് മെയില്‍ ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തത്.

87 വയസുള്ള രോഗിക്ക് അപസ്മാര ചികിത്സയിലിരിക്കെ, അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായപ്പോഴാണ് ഈ പരീക്ഷണം സാധ്യമായത്. കാനഡ സ്വദേശിയായ രോഗിയെ അപസ്മാരത്തിന് ചികിത്സിക്കവേ, ഇലക്ട്രോഎന്‍സെഫലോഗ്രാഫി (EEG) ഉപയോഗിച്ച് ഡോക്ടര്‍മാര്‍ മസ്തിഷ്‌ക തരംഗങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. ഇലക്രോഡുകള്‍ തലയോട്ടിയില്‍ ഘടിപ്പിച്ച് മസ്തിഷ്‌ക തരംഗങ്ങളെ വലുതാക്കിയെടുത്താണ് ഇഇജി പരീക്ഷണം. പിന്നീട് അപ്രതീക്ഷിതമായി ഈ രോഗിക്ക് ഹൃദയാഘാതമുണ്ടായപ്പോഴും ഇഇജി മസ്തിഷ്‌കം നിരീക്ഷിക്കുകയായിരുന്നു. അങ്ങനെയാണ് മരണത്തിന് തൊട്ടുമുമ്പുള്ള മസ്തിഷ്‌ക പ്രവര്‍ത്തനത്തിന്റെ ആദ്യ തെളിവ് കിട്ടിയത്.

മരിക്കുന്നതിന് തൊട്ടുമുമ്പ് ആ രോഗിയില്‍ കണ്ടെത്തിയ മസ്തിഷ്‌ക തരംഗങ്ങള്‍ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. 30 സെക്കന്‍ഡുകള്‍ക്ക് മുമ്പും ശേഷവും, മനുഷ്യന്റെ മസ്തിഷ്‌ക തരംഗങ്ങള്‍ സ്വപ്നം കാണുമ്പോഴോ, ധ്യാനിക്കുമ്പോഴോ, ഓര്‍മ്മകള്‍ അയവിറക്കുമ്പോഴോ ഉണ്ടാകുന്ന അതേ മസ്തിഷ്‌ക മാറ്റങ്ങളെ സൂചിപ്പിച്ചു.




 

ഗവേഷണത്തില്‍ ഉള്‍പ്പെട്ട കെന്റക്കിയിലെ ലൂയിവില്‍ സര്‍വകലാശാലയിലെ ഡോ.അജ്മല്‍ സെമാറിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഞങ്ങള്‍ മരണസമയത്തെ 900 സെക്കന്‍ഡ് നേരത്തെ മസ്തിഷ്‌ക പ്രവര്‍ത്തനമാണ് അളന്നത്. ഹൃദയമിടിപ്പ് നിലച്ചതിന് മുമ്പും ശേഷവുമുള്ള 30 സെക്കന്‍ഡ് നേരം എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ പഠിച്ചു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതിന് ശേഷവും അതിന് തൊട്ടുമുമ്പും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ മാറ്റങ്ങള്‍ കണ്ടു.'

'ഹൃദയം നിലയ്ക്കുന്നതിന് തൊട്ടുമുമ്പും ശേഷവും ഗാമ ഓസിലേഷന്‍സ് എന്ന് വിളിക്കുന്ന പ്രത്യേക മസ്തിഷ്‌ക തരംഗങ്ങളില്‍ ഞങ്ങള്‍ മാറ്റങ്ങള്‍ നിരീക്ഷിച്ചു. ഡെല്‍റ്റ, തീറ്റ, ആല്‍ഫ, ബീറ്റ ഓസിലേഷനുകളിലും മാറ്റങ്ങളുണ്ടായി. ഇത് ഒരുപക്ഷേ നമ്മള്‍ മരിക്കുന്നതിന് തൊട്ടുമുമ്പ്, നമ്മുടെ ജീവിതത്തിലെ സുപ്രാന സംഭവങ്ങളുടെ അവസാനത്തെ ഓര്‍മ്മപ്പെടുത്തലായിരിക്കാം. ആ ഓര്‍മ്മകള്‍ നമ്മുടെ തലച്ചോറിലൂടെ വീണ്ടും ഓടിയെത്തുന്നു'-ഡോ.അജ്മല്‍ സെമാര്‍ പറഞ്ഞു.




ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക് നീങ്ങുന്ന വേളയില്‍ പൊടുന്നനെ എല്ലാം നിലയ്ക്കുന്നതിന് പകരം ഇത്തരം ഓര്‍മകളുടെ വേലിയേറ്റം ഉണ്ടാകുന്നത് മസ്തിഷ്‌കം ജൈവികമായി ഇണക്കിയെടുത്തിരിക്കുന്നതാകാം എന്നും ഗവേഷകര്‍ പറയുന്നു. ആത്മീയതലത്തില്‍ നോക്കിയാല്‍ ഇത് ആശ്വാസദായകമാണെന്ന് ഡോ. ഡോ, അജ്മല്‍ സെമ്മാര്‍ അഭിപ്രായപ്പെട്ടു.' ചിലസമയത്ത് രോഗികള്‍ പെട്ടെന്ന് മരിക്കുകയും ആ ദു:ഖ വാര്‍ത്ത ബന്ധുക്കളെ നമുക്ക് അറിയിക്കേണ്ടി വരികയും വരാം. ഇപ്പോള്‍, അവര്‍ സ്‌നേഹിക്കുന്നവരുടെ തലച്ചോറിന് മരണസമയത്ത് എന്തുസംഭവിക്കുന്നു എന്ന് നമുക്ക് ഒന്നും അറിയില്ലല്ലോ. മരണ സമയത്ത് അവര്‍ ചില നല്ല നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു എന്ന് മനസ്സിലാക്കിയാല്‍ അക്കാര്യം കുടുംബങ്ങളെ നമുക്ക് അറിയിക്കാമല്ലോ. അവര്‍ക്ക് അത് ആശ്വാസവുമായിരിക്കും' .

എങ്ങനെയാണ് ഈ ജീവിത അവലോകന പ്രതിഭാസം തലച്ചോറില്‍ സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ക്ക് കൃത്യതയില്ല. എങ്കിലും, ചില സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. ഡോ.സെമാറും സഹപ്രവര്‍ത്തകരും 2022ലാണ് ഫ്രണ്ടിയേഴ്‌സ് ഇന്‍ ഏജിങ് ന്യൂറോ സയന്‍സ് എന്ന ജേണലില്‍ തങ്ങളുടെ ഗവേഷണ പഠനം പ്രസിദ്ധീകരിച്ചത്.


Tags:    

Similar News