ഇന്ത്യന്‍ വംശജയെന്ന് സംശയിക്കാവുന്ന യുവതിക്ക് ടുണീഷ്യക്കാരന്‍ അടുത്തിരുന്നപ്പോള്‍ കലി കയറി; സ്വന്തം നാട്ടിലേക്ക് മടങ്ങി പോകാന്‍ നിര്‍ദേശം; യുകെയില്‍ ട്രെയിനില്‍ ചൂടേറിയ വംശീയ തര്‍ക്കത്തിനൊടുവില്‍ സംഭവിച്ചത്

Update: 2025-02-06 02:12 GMT

ലണ്ടന്‍: നന്നായി അലക്കിയാല്‍, എത്ര അഴുക്കുപുരണ്ട വസ്ത്രവും വൃത്തിയുള്ളതാക്കാം, എന്നാല്‍ ചിലരുടെ മനസ്സ് വൃത്തിയാക്കാന്‍ ഒരു അലക്കിനും കഴിയില്ല എന്ന ജാപ്പനീസ് പഴമൊഴിയുടെ സാക്ഷാത്ക്കാരമായിരുന്നു ലണ്ടന്‍ യൂസ്റ്റണില്‍ നിന്നും മാഞ്ചസ്റ്റര്‍ പിക്കാഡില്ലിയിലേക്കുള്ള ട്രെയിനില്‍ കണ്ടത്. എന്‍ എച്ച് എസ്സില്‍ ദന്തരോഗ വിദഗ്ധനായി ജോലി ചെയ്യുന്ന, ടുണീഷ്യന്‍ വംശജനായിരുന്നു ഇന്ത്യാക്കാരി എന്ന് തോന്നിപ്പിക്കുന്ന യുവതിയില്‍ നിന്നും വംശവെറി തുളുമ്പുന്ന അവഹേളനം ഏറ്റു വാങ്ങേണ്ടി വന്നത്. മൊറോക്കോയിലേക്കോ ട്യുണീഷ്യയിലേക്കോ തിരിച്ചു പൊയ്ക്കൂടെ എന്നായിരുന്നു യുവതി ദന്ത ഡോക്ടറോട് ചോദിച്ചത്.

നിങ്ങള്‍ ഇവിടെ ജനിച്ചയാളല്ലെന്ന് ഞാന്‍ കരുതുന്നു എന്നായിരുന്നു ഡോക്ടര്‍ മറുപടി നല്‍കിയത്. തീരെ ബഹുമാനമില്ലാതെ, വംശീയ അവഹേളനം നടത്തുകയാണെന്ന് അയാള്‍ ആ യുവതിയോട് പറയുമ്പോള്‍ വായ അടയ്ക്കാനാണ് യുവതി അയാളോട് ആജ്ഞാപിക്കുന്നത്. ഈ സംഭാഷണങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്ന ഡോക്ടറോഡ്, ഇത് പോലീസില്‍ കാണിക്കുന്നതിന് തനിക്ക് സന്തോഷമേയുള്ളു എന്നും യുവതി പറയുന്നുണ്ട്. തുടര്‍ന്ന് മറ്റൊരു വീഡിയോ ദൃശ്യത്തില്‍ കാണുന്നത് ഈ യുവതി, സ്‌ട്രോക്ക് ഓണ്‍ ട്രെന്റ് സ്റ്റേഷനില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനൊപ്പം നടന്നു നീങ്ങുന്ന കാഴ്ചയാണ്.

എന്‍ എച്ച് എസ്സില്‍ ഡെന്റിസ്റ്റായി ജോലി ചെയ്യുന്ന മേറോ, തന്റെ ജോലി ആവശ്യത്തിനായി മാഞ്ചസ്റ്ററിലേക്ക് പോവുകയായിരുന്നു. ട്രെയിനില്‍ നടന്ന സംഭവം ഇയാള്‍ വീഡിയോയില്‍ പകര്‍ത്തിയെങ്കിലും പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കാന്‍ ഇയാള്‍ക്ക് ആഗ്രഹമില്ലെന്നാണ് മെയില്‍ ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ചയാണ് ഈ സംഭവം നടന്നതെങ്കിലും, ഇതുവരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുകള്‍ ഒന്നും തന്നെ നടന്നിട്ടില്ല. ടിക്ടോക്കില്‍ പ്രചരിക്കുന്ന ഈ വീഡിയോ ഇതിനോടകം തന്നെ 22 ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞിരിക്കുന്നു.

മൊറോക്കോയിലേക്കോ ട്യുണീഷയിലേക്കോ പൊയ്ക്കൂടേ എന്ന് യുവതി ചോദിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. അതിന് മറുപടിയായി താന്‍ ഈ രാജ്യത്ത് ജനിച്ച വ്യക്തിയാണെന്നും, നിങ്ങള്‍ ഇവിടെയാണോ ജനിച്ചതെന്നും ഡന്റിസ്റ്റ് ചോദിക്കുന്നുണ്ട്. അതിനു മറുപടി പറയാതെ, യുവതി അതേ ചോദ്യം തിരികെ ചോദിക്കുകയായിരുന്നു. താന്‍ ഇവിടെ തന്നെയാണ് ജനിച്ചതെന്ന് അയാള്‍ ഉറപ്പിച്ചു പറയുമ്പോള്‍, അങ്ങനെ തനിക്ക് തോന്നുന്നില്ല എന്നാണ് യുവതി പ്രതികരിക്കുന്നത്.

അതിന് മറുപടിയായി, താന്‍ നികുതി കൊടുക്കുന്ന വ്യക്തിയാണെന്നും, ഇതുപോലെ അവഹേളിക്കരുതെന്നും അയാള്‍ പറയുന്നുണ്ട്. പിന്നെയും നിങ്ങള്‍ ബ്രിട്ടനിലാണോ ജനിച്ചത് എന്ന ചോദ്യത്തിന് യുവതി മറുപടി പറയുന്നില്ല. ആ ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോഴാണ് വായ മൂടാന്‍ യുവതി ആക്രോശിച്ചത്. അതിനു മറുപടിയായി, വംശീയ അവഹേളനം അരുത് എന്ന് മാത്രമാണ് ഡെന്റിസ്റ്റ് പ്രതിവചിക്കുന്നത്. മറ്റാരോടും ഇതുപോലെ പെരുമാറരുത് എന്ന ഉപദേശവും അയാള്‍ യുവതിക്ക് നല്‍കി. എന്നാല്‍, ക്ഷമാപണം നടത്തുവാന്‍ പോലും യൂവതി തയ്യാറായില്ല.

Similar News