പാകിസ്ഥാനില്‍ നിന്ന് സ്റ്റുഡന്റ് വിസയില്‍ എത്തിയ ക്രിസ്ത്യന്‍ യുവതി വിസ കാലാവധി കഴിഞ്ഞ് താമസിച്ചതിന്റെ പേരില്‍ ജയിലിലടച്ചു; നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ നഷ്ടപരിഹാരം നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി; അഭയാര്‍ത്ഥി കേസില്‍ സംഭവിച്ചത്

Update: 2025-02-07 01:42 GMT

ലണ്ടന്‍: അന്യായമായി തടവില്‍ വയ്ക്കുകയും, ജോലി ചെയ്യുവാനും, ഭക്ഷണം വാങ്ങുവാനും, സാമൂഹിക ഇടപെടലുകള്‍ നടത്തുവാനും ഉള്ള അവകാശം ഗുരുതരമായി നിയന്ത്രിക്കുകയും ചെയ്തതിന് ഹോം ഓഫീസ് 1 ലക്ഷം പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. ബ്രിട്ടനില്‍ സ്റ്റുഡന്റ് വിസയില്‍ 2004 ല്‍ എത്തിയ നാദ്ര തബസം അല്‍മാസ്, 2004 ല്‍ വിസ കാലാവധി കഴിഞ്ഞിട്ടും യു കെയില്‍ തുടരുകയായിരുന്നു. വിസാ കാലാവധി കഴിഞ്ഞും യു കെയില്‍ തുടരുന്നതിനാല്‍, കാലാകാലങ്ങളായി ഏര്‍പ്പെടുത്തിയ നിബന്ധനകളും വ്യവസ്ഥകളും പാലിച്ചു കൊണ്ടു തന്നെയായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്.

എന്നാല്‍, 2018 ല്‍ ഒരു ഇമിഗ്രേഷന്‍ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ അവരെ കൈവിലങ്ങിട്ടു. തിരികെ, സ്വദേശമായ പാകിസ്ഥാനിക്ക് അയയ്ക്കുമെന്ന് പറയുകയും യാള്‍സ് വുഡ് റിമൂവല്‍ സെന്ററില്‍ രണ്ടാഴ്ചക്കാലം പാര്‍പ്പിക്കുകയും ചെയ്തു. ഹോം ഓഫീസിന്റെ ഈ നിയമ വിരുദ്ധമായ നടപടിക്കെതിരെയായിരുന്നു അല്‍മാസ് കോടതിയെ സമീപിച്ചതും നഷ്ടപരിഹാരം നേടിയെടുത്തതും. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് അല്‍മാസ് ഒളിവില്‍ ആയിരുന്നില്ലെന്നും, അവര്‍ക്ക് നല്‍കിയിരുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിച്ചിരുന്നില്ല എന്നതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.

ഒരു ക്രിസ്ത്യാനി എന്ന നിലയില്‍, പാകിസ്ഥാനില്‍ തന്റെ സുരക്ഷിതത്തെ കുറിച്ച് ആശങ്കയുണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു. മാത്രമല്ല, ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ്, അഭയാര്‍ത്ഥി സ്റ്റാറ്റസ് ലഭിച്ച, പ്രായപൂര്‍ത്തിയായ മകനെ വിട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു. ഡീപോര്‍ട്ട് സെന്ററില്‍ നിന്നും വിട്ടയച്ചതിന് ശേഷം അവര്‍ അഭയാര്‍ത്ഥിത്വത്തിന് അപേക്ഷിക്കുകയും 2021 ല്‍ അഭയാര്‍ത്ഥി സ്റ്റാറ്റസ് ലഭിക്കുകയും ചെയ്തു.

എന്നാല്‍, തീരുമാനത്തിനായി കാത്തിരുന്ന രണ്ടരവര്‍ഷക്കാലം നിരവധി നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമാക്കി ഒരു ക്രിമിനലിനെ പോലെയായിരുന്നു അവരെ പറിഗണിച്ചതെന്ന് അല്‍മാസ് ആരോപിക്കുന്നു. മനുഷ്യാവകാശ നിയമത്തിനു കീഴില്‍ ഉറപ്പ് നല്‍കുന്ന കുടുംബ ജീവിതം നയിക്കുവാനുള്ള അവകാശം പോലും നിഷേധിച്ചു എന്നും അവര്‍ പറയുന്നു. നിയമ വിരുദ്ധമായാണ് അല്‍മാസിനെ അറസ്റ്റ് ചെയ്ത് തടവിലാക്കിയത് എന്ന് നിരീക്ഷിച്ച കോടതി, അവരുടെ അഭ്യാര്‍ത്ഥിത്വത്തിനുള്ള അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ വിശദീകരണം നല്‍കാന്‍ കഴിയാത്തത്ര അമിത സമയമെടുത്തതും ഒരു പിഴവാണെന്ന് പരാമര്‍ശിച്ചു.

തുടര്‍ന്നാണ് 98,757.04 പൗണ്ട് അവര്‍ക്ക് ഹോം ഓഫീസ് നഷ്ടപരിഹാരമായി നല്‍കണമെന്ന് വിധിച്ചത്. അതുകൂടാതെ കോടതി ചെലവുകള്‍ക്കായി മറ്റൊരു 30,000 പൗണ്ടും നല്‍കണം. ഈ തീരുമാനത്തിനെതിരെ ഹോം ഓഫീസ് അപ്പിലിന് പോയി. അല്‍മാസിനെ തടവില്‍ പാര്‍പ്പിച്ചത് നിയമവിരുദ്ധമായല്ല എന്നായിരുന്നു ഹോം ഓഫീസിന്റെ വാദം. പ്രക്രിയാപരമായ ചില വീഴ്ചകള്‍ സംഭവിച്ചത് അത്ര ഗുരുതരമല്ലെന്നും, അല്‍മാസിന് വിധിച്ച നഷ്ടപരിഹാരം അമിതമായ ഒരു തുകയാണെന്നും ഹോം ഓഫീസ് വാദിച്ചു. എന്നാല്‍, ഈ വാദങ്ങളെല്ലാം നിരാകരിച്ച ഹൈക്കോടതി ഹോം ഓഫീസിന്റെ അപ്പീല്‍ തള്ളുകയായിരുന്നു.

Similar News