അസ്സാദിനെ വീഴ്ത്താന്‍ ചുക്കാന്‍ പിടിച്ച പാശ്ചാത്യ ശക്തികള്‍ നാട് വിട്ടു; സിറിയയില്‍ എങ്ങും അരാജകത്വം; ഐസിസ് വീണ്ടും തിരിച്ചുവരുമെന്ന് ആശങ്ക; വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന പഴയ ഐസിസുകാര്‍ക്ക് വീണ്ടും പ്രതീക്ഷ
; ഐസിസ് വീണ്ടും തിരിച്ചുവരുമെന്ന് ആശങ്ക
ഡമാസ്‌കസ്: ലോകരാജ്യങ്ങള്‍ക്കാകെ ഭീഷണിയായി ഉയര്‍ന്നുവന്ന ഐസിസിന് (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ) കഴിഞ്ഞ ആറുവര്‍ഷമായി ക്ഷയകാലമാണ്. 2019 ല്‍ ഈ ഭീകര സംഘടനയുടെ സിറിയയിലെ അവസാനത്തെ ശക്തികേന്ദ്രവും നഷ്ടപ്പെട്ടതോടെ ഭീഷണി ഒഴിഞ്ഞെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, ഈ ജിഹാദി സംഘടനയുടെ ഭീഷണി ഒഴിഞ്ഞെന്ന് കരുതാന്‍ വരട്ടെ!
ഇസ്ലാമിക ഭരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഐസിസ് വീണ്ടും തലപൊക്കുകയാണെന്ന് സിറിയയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ പറയുന്നതായി 'മെയില്‍ ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യ വഴി ഈ സംഘടനയുടെ ഇസ്ലാമിക മൗലികവാദം പടര്‍ന്ന് പന്തലിച്ച് പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്ക് ഉടന്‍ തന്നെ ഭീഷണിയായി മാറുമെന്നാണ് റിപ്പോര്‍ട്ട്.
2019 ലെ പരാജയത്തിന് ശേഷം പതിനായിരക്കണക്കിന് ഐസിസ് അംഗങ്ങളും അവരുടെ കുടുംബങ്ങളും വടക്ക് -കിഴക്കന്‍ സിറിയയിലെ കുര്‍ദ്ദ് സ്വയം ഭരണ പ്രദേശമായ റൊജാവയിലെ അഭയാര്‍ഥി ക്യാമ്പുകളിലോ തടങ്കല്‍ പാളയങ്ങളിലോ കഴിയുകയാണ്. ഇത്തരം ക്യാമ്പുകളില്‍ ഏറ്റവും വലുതായ ക്യാമ്പ് അല്‍ ഹോലില്‍ ഏകദേശം 40,000 ത്തോളം ഐസിസ് കുടുംബങ്ങളുണ്ട്. ഇക്കൂട്ടര്‍ ടെന്റുകള്‍ തോറും കയറിയിറങ്ങി അഭയാര്‍ഥികളെ അധിക്ഷേപിക്കുകയും അവരുടെ കുട്ടികളെ തീവ്രാശയങ്ങളിലേക്ക് വലിച്ചടുപ്പിക്കുകയുമാണ്.
മുന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കിയ ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് താഹ്രിര്‍ അല്‍-ഷാം( എച് ടി എസ്) ഇവിടെ ഐസിസിന് വളക്കൂറുള്ള മണ്ണാക്കി മാറ്റിയെന്ന് പറയേണ്ടി വരും. റൊജാവയിലെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസും( എസ് ഡി എഫ്) തുര്‍ക്കി പിന്തുണയുള്ള തീവ്രസംഘടനകളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഈ ഏറ്റുമുട്ടിലിനിടെ ക്യാമ്പിലെ ഗാര്‍ഡുകള്‍ അവിടം ഉപേക്ഷിച്ച് യുദ്ധമുന്നണിയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.
ഗാര്‍ഡുകള്‍ കൂടി ക്യാമ്പ് വിട്ടാല്‍, അവിടാകെ അരാജകാവസ്ഥ ഉലെടുക്കുകയും, ഇസ്ലാമിക് സ്റ്റേറ്റ് വര്‍ദ്ധിച്ച ശക്തിയോടെ തിരിച്ചുവരികയും ചെയ്യും. ഐസിസ് ആശയങ്ങളാല്‍ പ്രചോദിതരായി ജയില്‍ ചാടാന്‍ തയ്യാറായി നില്‍ക്കുന്നവരെ തടയാന്‍ അല്‍ ഹോലിലും മറ്റ് ഐസിസ് തടങ്കല്‍ പാളയങ്ങളിലും യുഎസും, യുകെയും ചേര്‍ന്ന് സുരക്ഷ ശക്തമാക്കണമെന്ന് അഭിപ്രായം ഉയരുന്നുണ്ട്. ക്യാമ്പിലുള്ളവരും പുറത്തുചാടി ആയുധമെടുക്കാന്‍ ഒരവസരത്തിനായി കാത്തിരിക്കുകയാണ്.
ജിഹാദി സ്ലീപ്പര്‍ സെല്ലുകള്‍ റൊജാവയിലെ കുര്‍ദ് അധികാരികള്‍ക്കു നേരേയും, സിറിയിയിലെ മറ്റും കേന്ദ്രങ്ങള്‍ക്ക് നേരേയും നിരവധി ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. അല്‍ഹോല്‍ ക്യാമ്പിലെ അന്തേവാസികള്‍ തങ്ങളുടെ മേലധികാരികളോട് പറയുന്നത് അധികം വൈകാതെ തങ്ങള്‍ വിമോചിതരാകുമെന്നും ക്രൂരമായ ഖിലാഫത്ത് ഭരണം പുന: സ്ഥാപിക്കപ്പെടും എന്നുമാണ്.
എസ് ഡി എഫും യുഎസിന്റെ നേതൃത്വത്തിലുളള രാജ്യാന്തര മുന്നണിയും ചേര്‍ന്ന് ഐസിസിനെ അടിച്ചമര്‍ത്തിയപ്പോള്‍ ഈ ജിഹാദി കുടുംബങ്ങളില്‍ നിന്ന് പ്രാദേശിക അധികാരികള്‍ക്ക് വലിയ വെല്ലുവിളികള്‍ നേരിട്ടിരുന്നു. പഴയ സ്‌കൂളുകളും ആശുപത്രികളുമൊക്കെയാണ് ഐസിസ് ക്യാമ്പായി മാറ്റിയത്. ക്യാമ്പുകളില്‍ തങ്ങളുടെ മൗലികവാദം പരമാവധി പ്രചരിപ്പിക്കാന്‍ ഭീഷണിയും അധിക്ഷേപവും ഇവര്‍ മുറയായി ഉപയോഗിച്ചുപോരുന്നു. കറുത്ത കൊടിക്ക് കീഴില്‍ വീണ്ടും അണിനിരക്കാന്‍ ഇക്കൂട്ടര്‍ തയ്യാറെടുക്കുമ്പോള്‍ തോക്കുകള്‍ അടക്കം ആയുധങ്ങളും സ്്‌ഫോടക വസ്തുക്കളും ആശയവിനിമയ സംവിധാനങ്ങളും ക്യാമ്പുകളില്‍ കള്ളക്കടത്തായി എത്തിക്കുന്നുണ്ട്. ജയില്‍ ചാടാനും, ആയുധങ്ങള്‍ കടത്തിക്കൊണ്ടുവരാനും ഇവരുണ്ടാക്കിയ നിരവധി ഡഗ് ഔട്ടുകളും തുരങ്കങ്ങളും ക്യാമ്പ് അധികൃതര്‍ റെയ്ഡുകളില്‍ കണ്ടെത്തിയിരുന്നു.
എന്തായാലും ഐസിസ് വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സജ്ജമായി കഴിഞ്ഞു. അതിനെ ചെറുക്കാനുളള ശ്രമങ്ങള്‍ വേണ്ടത്ര ഫലിക്കുന്നുണ്ടോ എന്നാണ് സംശയം.