വിമാനം റൺവേയിൽ നിന്ന് കുതിച്ചുയർന്നു; 40,000 അടിയിലാക്കി ഫ്ലൈറ്റിനെ സ്റ്റേബിളാക്കി; പറക്കലിനിടെ ഫസ്റ്റ് ക്യാപ്റ്റന് ദേഹാസ്വാസ്ഥ്യം; സീറ്റിൽ തന്നെ കുഴഞ്ഞുവീണു; വെള്ളവും ഫസ്റ്റ്എയ്ഡ് ബോക്സുമായി കോക്ക്പിറ്റിനുള്ളിലേക്ക് ഓടിക്കയറി എയർ ഹോസ്റ്റസ്; കാഴ്ചകൾ കണ്ട് യാത്രക്കാരുടെ ഉയിര് പാതി പോയി; ഒടുവിൽ ഈസി ജെറ്റിനെ രണ്ടാം പൈലറ്റ് നിയന്ത്രിച്ചത് ഇങ്ങനെ!
ഏതൻസ്:വിമാന യാത്ര ഇപ്പോൾ ഒരു പേടിസ്വാപ്നമായി പലർക്കും മാറിയിരിക്കുകയാണ്. അതിനുകാരണം തന്നെ അടുത്തിടെ നടന്ന വിമാനാപകടങ്ങളാണ്. വിമാനത്തിൽ കയറി യാത്ര അവസാനിക്കുന്നത് വരെ യാത്രക്കാരുടെ നെഞ്ചിൽ തീയാണ്. ചില അപകടങ്ങൾ തലനാരിഴയ്ക്ക് എന്നപോലെ രക്ഷപ്പെടുന്നു. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഈസി ജെറ്റ് എന്ന വിമാനത്തിലാണ് സംഭവം നടന്നിരിക്കുന്നത്.
വിമാന യാത്രക്കിടെ പൈലറ്റ് കോക്ക്പിറ്റിൽ കുഴഞ്ഞുവീണപ്പോൾ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് 160-ലേറെ യാത്രക്കാരുമായി സുരക്ഷിതമായി ലാന്റ് ചെയ്ത് രണ്ടാം പൈലറ്റ്. ബ്രിട്ടീഷ് വിമാനക്കമ്പനിയായ ഈസിജെറ്റിന്റെ ഈജിപ്തിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിലാണ് അടിയന്തര സാഹചര്യം ഉണ്ടായത്. ഫസ്റ്റ് ഓഫീസറുടെ ആരോഗ്യസ്ഥിതി മോശമാവുകയും യാത്രക്കാർ പരിഭ്രാന്തി പ്രകടിപ്പിക്കുകയും ചെയ്തത്. ഒടുവിൽ രണ്ടാം ഓഫീസർ വിമാനം വഴിതിരിച്ചുവിട്ട് ഏതൻസ് വിമാനത്താവളത്തിൽ തന്നെ ഒടുവിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിപ്പിച്ചു.
ഫെബ്രുവരി എട്ടിന് ഈജിപ്തിലെ ഹുർഗദ നഗരത്തിൽ നിന്ന് ലണ്ടനിലെ ഹീത്രൂവിലേക്ക് പുറപ്പെട്ട ഈസി ജെറ്റിന്റെ എയർബസ് എ 320 - 200 എൻ വിമാനം രണ്ട് മണിക്കൂർ പറന്നു കഴിഞ്ഞപ്പോഴാണ് ഒന്നാം പൈലറ്റിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. വിമാന ജീവനക്കാർ കൂട്ടമായി കോക്ക്പിറ്റിലേക്ക് ഓടുകയും യാത്രക്കാരിൽ ആരോഗ്യവിദഗ്ധരുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തത് വിമാനത്തിനുള്ളിൽ പരിഭ്രാന്തമായ നിമിഷങ്ങൾ സൃഷ്ടിച്ചു. ഈ സമയം തെക്കുകിഴക്ക് ഏതൻസിന് 110 നോട്ടിക്കൽ മൈൽ അകലെയായിരുന്നു വിമാനം ഉണ്ടായിരുന്നത്.
അടിയന്തര സാഹചര്യം മനസ്സിലാക്കി നിയന്ത്രണം ഏറ്റെടുത്ത രണ്ടാം ഓഫീസർ തൊട്ടടുത്തുള്ള ഏതൻസ് വിമാനത്താവളവുമായി ബന്ധപ്പെടുകയും വിമാനം വഴിതിരിച്ചുവിട്ട് മൂന്നാം ടെർമിനലിൽ സുരക്ഷിതമായി ഇറക്കുകയും ചെയ്തു. ലാന്റിങ് സമയത്ത് റൺവേയ്ക്കു സമീപം ഫയർ എഞ്ചിനുകളും പോലീസും ആരോഗ്യവിദഗ്ധരുമടക്കമുള്ള സംഘം സർവസന്നദ്ധരായിരുന്നു. അസുഖബാധിതനായ പൈലറ്റിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
അതേസമയം, യാത്രക്കാർക്ക് അന്നുരാത്രി ഏതൻസിൽ തങ്ങേണ്ടി വന്നുവെന്നും താമസ-ഭക്ഷണ സംവിധാനങ്ങളും തുടർയാത്രയ്ക്കുള്ള സൗകര്യങ്ങളും ചെയ്തുവെന്നും ഈസിജെറ്റ് അധികൃതർ വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൈലറ്റിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിശദീകരണം ഇതുവരെ അധികൃതർ അറിയിച്ചിട്ടില്ല. രണ്ടാം പൈലറ്റിന്റെ മനഃസാന്നിധ്യം കാരണമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഓഫീസറുടെ ഇടപെടലിൽ അധികൃതരും യാത്രക്കാരുടെ ബന്ധുക്കളും നന്ദി അറിയിക്കുകയും ചെയ്തു.