ബേസ് ക്യാമ്പുകള്‍ ഇല്ലാത്ത പ്രദേശം; ഏറ്റവും അടുത്ത പൊലീസ് ക്യാമ്പ് 30-35 കിലോമീറ്റര്‍ അകലെ; ദുര്‍ഘടമായ ഭൂപ്രദേശങ്ങള്‍; കൊടുംകാട്ടിലൂടെ 60 കിലോമീറ്റര്‍ രണ്ടു ദിവസം കൊണ്ട് നടന്നെത്തി ഓപ്പറേഷന്‍; ഛത്തീസ്ഗഢിലെ ഇന്ദ്രാവതി ദേശീയ പാര്‍ക്കില്‍ 31 മാവോയിസ്റ്റുകളെ വധിച്ചത് സാഹസികമായി
ഇന്ദ്രാവതി ദേശീയ പാര്‍ക്കില്‍ 31 മാവോയിസ്റ്റുകളെ വധിച്ചത് സാഹസികമായി
ബിജാപ്പൂര്‍: ഛത്തീസ്ഗഢിലെ ഇന്ദ്രാവതി ദേശീയ പാര്‍ക്കില്‍ മാവോയിസ്റ്റുകളെ സൈന്യം വധിച്ചത് അതിസാഹസികമായ ഓപ്പറേഷനിലൂടെ. കൊടുംകാട്ടിലൂടെ 60 കിലോമീറ്റര്‍ ദൂരം രണ്ടു ദിവസം കൊണ്ട് നടന്നെത്തിയാണ് ദൗത്യം നിര്‍വഹിച്ചത്. ഞായറാഴ്ച നടന്ന മാവോയിസ്റ്റ് വേട്ടയുടെ കൂടുതല്‍ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടു. അബുജ്മദ്, ഇന്ദ്രാവതി ദേശീയോദ്യാനം എന്നിവിടങ്ങളിലെ കാടുകളിലൂടെ 48 മണിക്കൂര്‍ സമയമെടുത്താണ് ഈ ദൂരം പിന്നിട്ടത്. സുരക്ഷാ സേനയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ 11 സ്ത്രീകളുള്‍പ്പെടെ 31 മാവോവാദികള്‍ക്കും രണ്ട് സൈനികര്‍ക്കും ജീവന്‍ നഷ്ടമായി.
കൊല്ലപ്പെട്ട ജവാന്‍മാരായ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ ഹെഡ് കോണ്‍സ്റ്റബിള്‍ നരേഷ് ദ്രുവ്, പ്രത്യേക ടാസ്‌ക് ഫോഴ്സിലെ കോണ്‍സ്റ്റബിള്‍ ബാസിത് റാവ്തെ എന്നിവര്‍ മുമ്പ് ഒരു ഡസനിലധികം മാവോയിസ്റ്റ് ഏറ്റുമുട്ടലുകളുടെ ഭാഗമായിരുന്നവരാണെന്ന് ബിജാപൂര്‍ ജില്ല പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാര്‍ യാദവ് പറഞ്ഞു. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യം നേടിയ സംസ്ഥാനതല സേനകളായ ഡിആര്‍ജി, എസ്ടിഎഫ്, ബസ്തര്‍ ഫൈറ്റേഴ്സ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംയുക്ത സംഘത്തിന്റെ ഭാഗമായിരുന്നു ഇരുവരും.
സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ക്കെതിരെ നടന്ന ഏറ്റവും കനത്ത ഏറ്റുമുട്ടലാണ് ഛത്തീസ്ഗഢിലെ ഇന്ദ്രാവതി ദേശീയ പാര്‍ക്കില്‍ ഞായറാഴ്ച നടന്ന ഓപറേഷന്‍. ദേശീയോദ്യാനത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഓപറേഷന്‍ ആരംഭിച്ചത്.
'പ്രദേശത്ത് ബേസ് ക്യാമ്പുകള്‍ ഇല്ല എന്നതാണ് സുരക്ഷാ സേന നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഏറ്റവും അടുത്ത പൊലീസ് ക്യാമ്പ് ഏകദേശം 30-35 കിലോമീറ്റര്‍ അകലെയാണ്. ഇന്ദ്രാവതി ദേശീയോദ്യാനം, അഭുജ്മദ് പ്രദേശങ്ങള്‍ പോലുള്ള ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലെ നക്‌സല്‍ താവളങ്ങിലെത്തിച്ചേരാന്‍ സേനക്ക് 60 കിലോ മീറ്റര്‍ നടക്കേണ്ടി വന്നു. നൂതന സാങ്കേതിക വിദ്യയും പരമ്പരാഗത മാര്‍ഗങ്ങളും കൂടിച്ചേര്‍ന്നതായിരുന്നു കരസേനയുടെ ഓപറേഷന്‍' -ബസ്തര്‍ റേഞ്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി. സുന്ദര്‍രാജ് പറഞ്ഞു.
2023 മുതല്‍ സുരക്ഷാ സേനയുടെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങള്‍ മാവോയിസ്റ്റുകള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ടെന്നും മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
'മുതിര്‍ന്ന നക്‌സല്‍ നേതാക്കള്‍ സൈനിക നടപടികളെ പ്രതിരോധിക്കാന്‍ പ്രാദേശിക കേഡറുകളെ മനുഷ്യ കവചമായി ഉപയോഗിക്കുകയും ഇടതൂര്‍ന്ന വനത്തിലൂടെ ഓടി രക്ഷപ്പെടുകയും ചെയ്യുന്ന തന്ത്രമാണ് ഇത്രയും കാലം ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അവര്‍ക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല' -ഐ.ജി പറഞ്ഞു. ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന കേഡര്‍മാരെ സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്താന്‍ പ്രാദേശിക കേഡര്‍മാര്‍ക്ക് ഇനി കഴിയില്ലെന്നതിന്റെ സൂചനയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചത്തെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് എകെ 47, എസ്എല്‍ആര്‍, ഇന്‍സാസ്, 303, 315 ബോര്‍ എന്നിവയടക്കം നിരവധി തോക്കുകള്‍, ആറ് ബാരല്‍ ഗ്രനേഡ് ലോഞ്ചറുകള്‍ (ബിജിഎല്‍), 14 ഷെല്ലുകള്‍, ഒമ്പത് ഐഇഡികള്‍, നിരവധി തിരകള്‍ എന്നിവ സൈന്യം പിടികൂടി.
'മാവോയിസ്റ്റ് വേട്ടയില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ ബാരല്‍ ഗ്രനേഡ് ലോഞ്ചറുകള്‍ ആണ് ഞായറാഴ്ച കണ്ടെത്തിയത്. ഇത്തരം ആയുധം ഉപയോഗിച്ചാണ് അടുത്ത കാലത്ത് പൊലീസ് ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്' -സുന്ദര്‍ രാജ് പറഞ്ഞു.
കൊല്ലപ്പെട്ട 31 മാവോയിസ്റ്റുകളില്‍ ബസ്തര്‍ ഡിവിഷന്‍ സെക്രട്ടറി ഹുങ്ക കര്‍മ അടക്കം അഞ്ചുപേരെ ഇതുവരെ തിരിച്ചറിഞ്ഞു. സൈന്യത്തിനെതിരെ നിരവധി ആക്രമണങ്ങളില്‍ ഹുങ്ക കര്‍മ ഭാഗമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹുങ്കയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നേരത്തെ എട്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.