ആ ലേഖനത്തില്‍ വിശദീകരിച്ചത് നിലവിലെ സിപിഎം സര്‍ക്കാര്‍ സാങ്കേതിക വിദ്യക്കും വ്യവസായ വളര്‍ച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സമീപനങ്ങളില്‍ ഒരു മാറ്റം വരുത്തിയത് കേരളത്തിന് ഗുണമോ എന്ന വിഷയം; ആന്റണിയും ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും സൂപ്പര്‍; വികസന പുകഴ്ത്തലില്‍ കൂട്ടിച്ചേര്‍ക്കലുമായി തരൂര്‍
തിരുവനന്തപുരം: ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ശശി തരൂര്‍ കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ചതിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം രംഗത്ത് വന്നിരുന്നു. തരൂര്‍ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടല്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. എന്നാല്‍ നിലപാടിനൊപ്പം നില്‍ക്കുകയാണ് തരൂര്‍. അതിനിടെ തന്റെ ലേഖനത്തില്‍ എന്തു കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നേട്ടങ്ങള്‍ പറഞ്ഞില്ലെന്ന വിമര്‍ശനത്തിന് വിശദീകരണം നല്‍കുകയാണ് തരൂര്‍. ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ലേഖനത്തിലെ അവകാശവാദങ്ങള്‍ തള്ളി. എന്തു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിവാദം കൊഴുക്കുന്നതിനിടെയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ചിലത് തരൂര്‍ പറയുന്നത്.
എന്റെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ലേഖനത്തില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമര്‍ശിക്കാത്തത് ചിലര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് മനപ്പൂര്‍വമല്ലെന്ന് തരൂര്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും കേരളത്തിന് കാതലായ വളര്‍ച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി ഒരു ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് എ കെ ആന്റണി സര്‍ക്കാറിന്റെ കാലത്ത് നടത്തിയതും ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ആയിരുന്നു. സിപിഎമ്മിന്റെ ഇതുവരെയുള്ള പൊതു നയം ഇക്കാര്യത്തില്‍ വ്യവസായ നിക്ഷേപ അനുകൂലമല്ലാതിരുന്നതില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് നിലവിലെ വ്യവസായ മന്ത്രി പറയുകയും അവതരിപ്പിക്കുകയും ചെയ്ത കണക്കുകള്‍ ആയിരുന്നു എന്റെ ലേഖനത്തിന്റെ പ്രധാന പ്രതിപാദ്യം തരൂര്‍ വിശദീകരിക്കുന്നു. ലേഖനത്തിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം കനക്കുമ്പോഴാണ് ഇതുകൂടി തരൂര്‍ കുറിക്കുന്നത്.
കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് ശശി തരൂര്‍ പറയുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെഎസ് ശബരീനാഥന്‍ നിലപാട് എടുത്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിട്ട മാനദണ്ഡത്തിന് അപ്പുറമുള്ള കണക്കുകള്‍ കൂടി ശശി തരൂരിന് പരാമര്‍ശിക്കാമായിരുന്നുവെന്നും ശബരീനാഥന്‍ വിശദീകരിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ വളര്‍ച്ചക്കായി ഒരുമിച്ചു നില്‍ക്കാം,പക്ഷേ റോമാ നഗരം ഒരു ദിവസം കൊണ്ടു വളര്‍ന്നതല്ല എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണെന്നും ശബരീനാഥന്‍ കുറിച്ചു. കെസി വേണുഗോപാല്‍ മുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വരെ തരൂരിനെ തള്ളിപ്പറയുമ്പോഴാണ് ശബരീനാഥന്റെ പോസ്റ്റ്. ഇതിന് പിന്നാലെയാണ് ശശി തരൂര്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ നേട്ടങ്ങളും പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്.
ശശി തരൂരിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
എന്റെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ലേഖനത്തില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമര്‍ശിക്കാത്തത് ചിലര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് മനപ്പൂര്‍വമല്ല.
ആ ലേഖനത്തില്‍ പ്രതിപാദിച്ചിരുന്നത് നിലവിലെ സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ സാങ്കേതികവിദ്യക്കും വ്യവസായ വളര്‍ച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സമീപനങ്ങളില്‍ ഒരു മാറ്റം വരുത്തിയിരിക്കുന്നു എന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും കേരളത്തിന് കാതലായ വളര്‍ച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ ആദ്യമായി ഒരു ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് എ കെ ആന്റണി സര്‍ക്കാറിന്റെ കാലത്ത് നടത്തിയതും ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ആയിരുന്നു. സിപിഎമ്മിന്റെ ഇതുവരെയുള്ള പൊതു നയം ഇക്കാര്യത്തില്‍ വ്യവസായ നിക്ഷേപ അനുകൂലമല്ലാതിരുന്നതില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് നിലവിലെ വ്യവസായ മന്ത്രി പറയുകയും അവതരിപ്പിക്കുകയും ചെയ്ത കണക്കുകള്‍ ആയിരുന്നു എന്റെ ലേഖനത്തിന്റെ പ്രധാന പ്രതിപാദ്യം.
താനെഴുതിയ ലേഖനത്തെ കുറിച്ച് നേരത്തെ തരൂര്‍ വിശദീകരിച്ചത് ഇങ്ങനെ
ഇടത് ഭരണകൂടത്തിന് കീഴില്‍ കേരളത്തിന്റെ മാറ്റത്തെ പ്രകീര്‍ത്തിച്ച് എഴുതിയ തന്റെ ലേഖനത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ നല്ലത് ചെയ്താല്‍ അത് അംഗീകരിക്കുകയും മോശം കാര്യമാണെങ്കില്‍ വിമര്‍ശിക്കുകയും ചെയ്യുന്നതാണ് തന്റെ രീതിയെന്ന് ശശി തരൂര്‍ പറഞ്ഞു. വസ്തുതയുടെ അടിസ്ഥാനത്തിലും രേഖകള്‍ ഉദ്ധരിച്ചും തീയതികളും അക്കങ്ങളും ഉള്‍പ്പടെയാണ് ലേഖനം എഴുതിയത്. ഗ്ലോബല്‍ സ്റ്റാര്‍ട്ട് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ കണ്ടത്. സര്‍ക്കാരില്‍ നിന്നുള്ള വിവരമല്ല. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ നോക്കിയിട്ടും സ്റ്റാര്‍ട്ട്അപ്പുകളുടെ വാല്യുവേഷന്‍ നോക്കിയിട്ടും തിരുവനന്തപുരത്ത് നടന്ന ഹഡില്‍ ഗ്ലോബലില്‍ പങ്കെടുത്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് താന്‍ ലേഖനം എഴുതിയതെന്ന് ശശി തരൂര്‍ വ്യക്തമാക്കുന്നു.
'കേരളത്തിന്റെ ഭാവിയെ കുറിച്ച് ഗൗരവത്തോടെയാണ് കാണുന്നതെങ്കില്‍ ചിലകാര്യങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി കാണണം. കേരളീയര്‍ രാഷ്ട്രീയം കൂടുതല്‍ കണ്ടിട്ടുണ്ട്. അതുപോലെ വികസനം കാണണം എങ്കില്‍ നമ്മള്‍ എല്ലാത്തിലും ഒരുപോലെ ചിന്തിച്ച് മുന്നോട്ട് പോവണം. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ മാനിഫെസ്റ്റോ കമ്മറ്റിക്ക് നേതൃത്വം നല്‍കുമ്പോള്‍, നമ്മുടെ കേരളത്തില്‍ കുട്ടികളുടെ ഭാവിക്ക് വേണ്ടി നിക്ഷേപവും സ്റ്റാര്‍ട്ടപ്പുകളും സംരംഭകത്വവും ആവശ്യമാണെന്നാണ് ഞാന്‍ പറഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാരിന് ചെയ്യാന്‍ കഴിവില്ല എന്നാണ് ഞാന്‍ ആ കാലത്ത് വിചാരിച്ചത്. അത് മാത്രമല്ല. നമ്മള്‍ക്ക് രണ്ട് വര്‍ഷം മുമ്പ് വരെ കേരളം ഇക്കാര്യത്തില്‍ 29 സംസ്ഥാനങ്ങളുടെ റാങ്കിങ്ങില്‍ 28-ാം സ്ഥാനത്തായിരുന്നു. 28 സംസ്ഥാനമായിരുന്നപ്പോള്‍ 26-ാം സ്ഥാനത്തായിരുന്നു.'
'അമേരിക്കയിലും സിംഗപുരിലും പുതിയ വ്യവസായം തുടങ്ങാന്‍ മൂന്ന് ദിവസം മതി. ഇന്ത്യയില്‍ ശരാശരി 114 ദിവസം വേണം. കേരളത്തിലത് 236 ദിവസാണ് എന്നായിരുന്നു മുമ്പ് എനിക്ക് ലഭിച്ച കണക്കുകള്‍. എന്നാല്‍ അടുത്തിടെ മന്ത്രി രാജീവിന്റെ പ്രസംഗത്തില്‍ ഇന്ന് കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ രണ്ട് മിനിറ്റ് മതിയെന്ന് കേട്ടു. അത് പെരുപ്പിച്ച് പറഞ്ഞതല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കപ്പെടണം.'
'ഞാന്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ട ഓരോരോ കാര്യങ്ങള്‍ 18 മാസത്തില്‍ കേരള സര്‍ക്കാര്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് അതുപോലെ തന്നെ പോവണം എന്ന് ഞാന്‍ കയ്യടിച്ച് പറയും. എങ്കിലും ചിലര്‍ പറയുന്നുണ്ട് ഇവര്‍ ഭരിക്കുമ്പോള്‍ ചെയ്യാന്‍ തയ്യാറായിരിക്കും അടുത്ത വര്‍ഷം ഇലക്ഷന്‍ തോറ്റാല്‍ ഇതേ ആളുകള്‍ തന്നെ ഇത് തടസപ്പെടുത്തി ചുവന്ന കൊടി കാണിക്കുമെന്ന്. അത് ചെയ്യരുത്. എല്ലാ പാര്‍ട്ടികളും ഈ കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം. അത് ആര് ഭരിക്കുകയാണെങ്കിലും. കേരളത്തിന് ഇതാണ് ആവശ്യം. നിക്ഷേപം അത്യാവശ്യമാണ്. വികസനം അത്യാവശ്യമാണ്.' കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലും ഇത് തുടരണമെന്നാണ് താന്‍ അര്‍ത്ഥമാക്കിയതെന്നും. ഇപ്പോള്‍ ഭരിക്കുന്നവര്‍ അന്ന് എതിര്‍ക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും തരൂര്‍ പറഞ്ഞു.
തരൂര്‍ ലേഖനത്തില്‍ വിഡ് സതീശന്റെ നിലപാടും വിവാദ ചര്‍ച്ചയും ഇങ്ങനെ
'നിലവില്‍ കേരളം മികച്ച വ്യവസായ അന്തരീക്ഷം ഉള്ള സംസ്ഥാനം അല്ലെന്ന് വിഡി സതീശന്‍ പറയുന്നു. സ്വാഭാവികമായി അത് മെച്ചപ്പെട്ട് വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ശശി തരൂര്‍ എന്ത് സാഹചര്യത്തിലാണ്, ഏത് സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നറിയില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂന്ന് ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നാണ് വ്യവസായമന്ത്രി പറയുന്നത്. ഏതാണെന്ന് താന്‍ മന്ത്രിയോട് ചോദിച്ചിരുന്നു. മന്ത്രിയുടെ കണക്ക് അനുസരിച്ചാണെങ്കില്‍ ഒരു മണ്ഡലത്തില്‍ ശരാശരി 2000 സംരംഭങ്ങള്‍ എങ്കിലും വേണം. അത് എവിടെയെങ്കിലും ഉണ്ടോ?'- സതീശന്‍ ചോദിച്ചു.
വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ചുള്ള പ്രതികരണമുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് ലേഖനത്തില്‍ പറയുന്നത്. ഇത് വലിയ തോതില്‍ സിപിഎം ചര്‍ച്ചയാക്കി. സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും ഈ ലേഖനം പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കി.
തരൂരിന്റെ ലേഖനത്തെ പ്രശംസിച്ച് വ്യവസായ മന്ത്രി പി. രാജീവ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. 'ഞങ്ങള്‍ ഷോക്കേസ് ചെയ്യുന്നത് കേരളത്തെയാണ്. കേരള സാര്‍.. 100% ലിറ്ററസി സാര്‍.. എന്ന പരിഹാസം കേട്ടപ്പോള്‍ കക്ഷിരാഷ്ട്രീയഭേദമന്യെ കേരളത്തിനായി ശബ്ദമുയര്‍ത്തിയ ചെറുപ്പക്കാരും ഷോക്കേസ് ചെയ്യുന്നത് കേരളത്തെയാണ്. ഗവണ്മെന്റുകള്‍ വരും പോകും. പക്ഷേ നമുക്കൊന്നിച്ച് ഈ നാടിനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കണം. അതിന് ഒറ്റക്കെട്ടായി നമുക്ക് നില്‍ക്കാന്‍ സാധിക്കണം'.- പി.രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.