കെയര്‍ സ്റ്റാര്‍മറും, ഇമ്മാനുവല്‍ മക്രോണും യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ല; ഇരുവരും സെലന്‍സ്‌കിയെ പിന്തുണച്ചതിന് പിന്നാലെ ആഞ്ഞടിച്ച് ട്രംപ്; താനും സെലന്‍സ്‌കിയും തമ്മില്‍ വാക് പോരുണ്ടായെങ്കിലും അദ്ദേഹം വിളിച്ചാല്‍ സംസാരിക്കും; റഷ്യ യുക്രെയിനെ ആക്രമിക്കരുതായിരുന്നു എന്നും നിലപാട് മാറ്റി യുഎസ് പ്രസിഡന്റ്
കെയര്‍ സറ്റാര്‍മറും, ഇമ്മാനുവല്‍ മക്രോണും യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ല
വാഷിങ്ടണ്‍: താന്‍ അധികാരത്തിലേറിയാല്‍, 24 മണിക്കൂറിനകം യുക്രെയിന്‍-റഷ്യയുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം. അത് സംഭവിച്ചില്ലെങ്കിലും, സൗദിയില്‍ വച്ച് റഷ്യയുമായി യുഎസ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയോടെ, കാര്യങ്ങള്‍ മാറി മറിഞ്ഞു. റഷ്യന്‍ പക്ഷത്തോട് ചാഞ്ഞുനില്‍ക്കുകയും, യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ ഇകഴ്ത്തി കാട്ടുകയും ചെയ്യുന്ന സമീപനവുമായി ട്രംപ് മുന്നേറുകയാണ്. യൂറോപ്യന്‍ നേതാക്കളാകട്ടെ യുക്രെയിനെയും സെലന്‍സ്‌കിയെയും പിന്തുണച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.
ഏറ്റവുമൊടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ക്കും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനും എതിരെ യുഎസ് പ്രസിഡന്റ് ആഞ്ഞടിച്ചിരിക്കുകയാണ്. കെയര്‍ സ്റ്റാര്‍മര്‍ യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ലെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. സ്റ്റാര്‍മറും മക്രോണും സെലന്‍സ്‌കിയെ പിന്തുണച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇരുനേതാക്കളും ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്താനിരരിക്കെയാണ് സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍.
' അവര്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ല. യുദ്ധം തുടരുകയാണ്. റഷ്യയുമായി കൂടിയാലോചനകളില്ല, ഒന്നുമില്ല, ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
' യുദ്ധം തുടരുന്നത് ഞാന്‍ വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുകയാണ്. കൊലകളെ ഞാന്‍ വെറുക്കുന്നു. ഈ യുവാക്കള്‍ കൊല്ലപ്പെടുന്നത് കാണാന്‍ എനിക്ക് ഇഷ്ടമില്ല', ട്രംപ് പറഞ്ഞു.
സെലന്‍സ്‌കിക്ക് നേരേയുള്ള കടന്നാക്രമണം ട്രംപ് ഈ അഭിമുഖത്തിലും തുടര്‍ന്നു. ' ഞാന്‍ വര്‍ഷങ്ങളായി നിരീക്ഷിച്ചുവരികയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാതെയാണ് യോഗത്തിന് എത്തുന്നത്. ഇതുവരെ ഒന്നും സംഭവിച്ചില്ല. കരാറുണ്ടാക്കാന്‍ സെലന്‍സ്‌കി തടസ്സം സൃഷ്ടിക്കുകയാണ്', ട്രംപ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാന്‍ പുടിന് താല്‍പര്യമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, അദ്ദേഹം കരാര്‍ ഉണ്ടാക്കേണ്ട കാര്യമില്ല, കാരണം വേണമെങ്കില്‍ പുടിന് യുക്രെയിന്‍ പൂര്‍ണമായി പിടിച്ചടക്കാനാകും, അദ്ദേഹം പറഞ്ഞു.
താന്‍ അധികാരത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍, യുക്രെയിന്‍ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു. താനും സെലന്‍സ്‌കിയും തമ്മില്‍ വാക് പോരുണ്ടായെങ്കിലും അദ്ദേഹം വിളിച്ചാല്‍ താന്‍ സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. സംഘര്‍ഷം ആരംഭിച്ചതിന് നേരത്തെ യുക്രെയിനെ പഴിച്ച ട്രംപ് ഇപ്പോള്‍ അത് മാറ്റിപറയുകയും ചെയതു. ' റഷ്യ ആക്രമിച്ചു, ആക്രമിക്കാന്‍ അവര്‍ക്ക് ഒരു കാരണവും ഉണ്ടായിരുന്നില്ല. വര്‍ഷങ്ങളായി ഇതുതുടരുകയാണ്. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു, യുദ്ധം സംഭവിക്കരുതായിരുന്നു. ബൈഡന്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞു. സെലന്‍സ്‌കി തെറ്റായ കാര്യങ്ങള്‍ പറഞ്ഞു. കൂടതല്‍ കരുത്തും വലിപ്പവുമുളള റഷ്യ യുക്രെയിനെ ആക്രമിച്ചു. അത് ചെയ്യരുതായിരുന്നു. മോശം കാര്യമാണ്. റഷ്യക്ക് ചര്‍ച്ചയിലൂടെ പരിഹരിക്കാമായിരുന്നു, യുദ്ധത്തിലേക്ക് പോകേണ്ട കാര്യമില്ലായിരുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെല്ലാം ജീവനോടെ ഇരിക്കേണ്ടവരായിരുന്നു', ട്രംപ് പറഞ്ഞു.
റഷ്യയാണ് യുക്രെയിനില്‍ അധിനിവേശം നടത്തിയതെങ്കിലും എല്ലാറ്റിനും യുക്രെയിന്‍ പ്രസിഡന്റിനെ പഴിക്കുന്ന സമീപനമാണ് ട്രംപ് ഇതുവരെ സ്വീകരിച്ചുപോന്നത്. റഷ്യന്‍ വ്യാജ വാര്‍ത്തകളില്‍ വീണിരിക്കുകയാണ് ട്രംപ് എന്ന് സെലന്‍സ്‌കി തിരിച്ചടിച്ചതും ട്രംപിനെ പ്രകോപിപ്പിച്ചു. അതോടെ, തിരഞ്ഞെടുപ്പ് നടത്താതെ സ്വേച്ഛാധിപതിയായി വാഴുകയാണ് സെലന്‍സ്‌കിയെന്നും ജനപിന്തുണ നഷ്ടപ്പെട്ട നേതാവാണെവന്നും ട്രംപ് വിമര്‍ശിച്ചു.
അതേസമയം, സെലന്‍സ്‌കിയെ പിന്തുണയ്ക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനോടാണ് അദ്ദേഹത്തെ താരതമ്യം ചെയ്തത്. യുദ്ധ സമയത്ത് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കാന്‍ മതിയായ കാരണം ഉണ്ടെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലിയും യുക്രെയിനെ പിന്തുണച്ചു. തിരഞ്ഞെടുപ്പ് നടത്തണമെന്ന് റഷ്യയും യുക്രെയിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, യുദ്ധം താറുമാറാക്കിയ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്. വിശേഷിച്ചും റഷ്യന്‍ നിയന്ത്രിത മേഖലകളില്‍.
യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ എത്തിക്കാന്‍ യൂറോപ്യന്‍ നേതാക്കളും തങ്ങളുടേതായ രീതിയില്‍ പരിശ്രമം തുടരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വൈറ്റ് ഹൗസില്‍ വച്ച് ട്രംപുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. കെയര്‍ സ്റ്റാര്‍മര്‍ വ്യാഴാഴ്ച ട്രംപിനെ കാണുന്നുണ്ട്.