ഏറ്റവും മികച്ച എയര്‍ലൈനുള്ള പുരസ്‌ക്കാരം ഇക്കുറി കൊറിയന്‍ എയറിന്; രണ്ടാമതെത്തിയത് ഖത്തര്‍ എയര്‍വെയ്സ്; എമിറേറ്റ്‌സിന് ആറാം സ്ഥാനം; എയര്‍ ഇന്ത്യ ആദ്യ 25-ല്‍ ഇല്ല; ബജറ്റ് എയര്‍ലൈന്‍ വിഭാഗത്തില്‍ എയര്‍ഏഷ്യ ഒന്നാമതും ഇന്‍ഡിഗോ പതിനഞ്ചാമതും
മെല്‍ബണ്‍: ആസ്‌ട്രേലിയ ആസ്ഥാനമായുള്ള എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട് കോം 2025 ലെ ഏറ്റവും മികച്ച വിമാനക്കമ്പനികളെ പ്രഖ്യാപിച്ചു. ഫുള്‍ സര്‍വീസ് വിഭാഗത്തില്‍ കൊറിയന്‍ എയര്‍ ആണ് ഒന്നാം സ്ഥാനത്ത് എത്തിയത്. യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്ന കാര്യത്തില്‍ അസാധാരണമായ ശ്രദ്ധയാണ് കൊറിയന്‍ എയര്‍ ചെലുത്തുന്നതെന്ന് എയര്‍ലൈന്‍ റേറ്റിംഗ് പറയുന്നു. കൊറിയന്‍ എയറിനെയാണ് ഈ വര്‍ഷത്തെ എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ ആയി പ്രഖ്യാപിച്ചിരിക്കുന്നത്.
യാത്രക്കാരുടെ സൗകര്യം, അവരുടെ ഫീഡ്ബാക്ക്, എയര്‍ലൈന്‍ നെറ്റ്വര്‍ക്കില്‍ ഉള്ള സ്ഥിരത എന്നിവയൊക്കെയാണ് മികച്ച എയര്‍ലൈന്‍സിനെ കണ്ടെത്തുന്നതിനായി പരിഗണിക്കുന്നത്. ഇത് ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുന്ന പുരസ്‌കാരമല്ലെന്നും എയര്‍ലൈന്‍ റേറ്റിംഗ് പറയുന്നു.മറിച്ച് ഓരോ വിമാനക്കമ്പനിയും യാത്രക്കാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആഴത്തില്‍ വിശകലനം ചെയ്യപ്പെടും.
25 വിമാനക്കമ്പനികള്‍ മത്സരിച്ച ഫുള്‍ സര്‍വീസ് ലിസ്റ്റില്‍ രണ്ടാമത് എത്തിയത് ഖത്തര്‍ എയര്‍വെയ്‌സ് ആണ്. എയര്‍ ന്യൂസിലാന്‍ഡ് മൂന്നാം സ്ഥാനത്തും കാതേ പസഫിക് നാലാം സ്ഥാനത്തും എത്തി. ബ്രിട്ടീഷ് എയര്‍വേയ്‌സ് റേറ്റിംഗ് നേടുന്നതില്‍ പരാജയപ്പെട്ടെങ്കിലും, പതിമൂന്നാം സ്ഥാനത്തെത്തി വെര്‍ജിന്‍ അറ്റ്‌ലാന്റിക് ബ്രിട്ടന്റെ മാനം കാത്തു. ചെലവ് കുറഞ്ഞ വിമാന സര്‍വ്വീസുകള്‍ നല്‍കുന്ന കമ്പനികളില്‍ എയര്‍ ഏഷ്യയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ജെറ്റ്സ്റ്റാര്‍ രണ്ടാം സ്ഥാനത്തും എയര്‍ ബാള്‍ട്ടിക് മൂന്നാം സ്ഥാനത്തും എത്തിയപ്പോള്‍ എച്ച് കെ എക്സ്പ്രസ്സ് നാലാം സ്ഥാനത്തും ഈസിജെറ്റ് അഞ്ചാം സ്ഥാനത്തും എത്തി.
ഈ വിഭാഗത്തില്‍ ആറാം സ്ഥാനത്തുള്ള ഫ്‌ലൈ ദുബായ്ക്കും പുറകില്‍ ഏഴാം സ്ഥാനത്ത് എത്താന്‍ മാത്രമാണ് റയ്ന്‍ എയറിന് കഴിഞ്ഞത്. കൊറിയന്‍ എയറിന് എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടാന്‍ കഴിഞ്ഞതിന് പ്രധാന കാരണം അവര്‍ യാത്രക്കാര്‍ക്ക്, പ്രത്യേകിച്ചും എക്കോണമി ക്ലാസ്സില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കാണിക്കുന്ന അസാധാരണമായ ശ്രദ്ധയാണെന്ന് എയര്‍ലൈന്‍ റേറ്റിംഗ് പറയുന്നു. മറ്റു പല വിമാനക്കമ്പനികളില്‍ നിന്നും വിരുദ്ധമായി കൊറിയന്‍ എയര്‍ സീറ്റ് സ്‌പേസ് കുറയ്ക്കാന്‍ ശ്രമിക്കുന്നില്ലെന്നും അത് സുഖകരമായ യാത്രാനുഭവം നല്‍കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.അതുപോലെ ദീര്‍ഘദൂര സര്‍വ്വീസുകളിലുള്ള ഭക്ഷണവും അവരുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു.
യാത്രാനുഭവത്തിനോടൊപ്പം തന്നെ അവരുടെ സമ്പത്തിക സ്ഥിരത, ഏഷ്യാനാ എയര്‍ലൈന്‍സുമായുള്ള ലയനം, അതുപോലെ ആധുനിക, വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നിക്ഷേപം എന്നിവ ഇവരുടെ ഭാവിയെക്കുറിച്ചുള്ള നിശ്ചയദാര്‍ഢ്യം പ്രകടമാക്കുന്നതാണെന്നും എയര്‍ലൈന്‍ റേറ്റിംഗ് പറയുന്നു. സിംഗപൂര്‍ എയര്‍ലൈന്‍സ്, എമിരേറ്റ്‌സ്, ജപ്പാന്‍ എയര്‍ലൈന്‍സ്, ക്വണ്ടാസ്, എത്തിഹാദ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ് എന്നിവയാണ് ഫുള്‍ സര്‍വീസ് വിഭാഗത്തില്‍ അഞ്ചു മുതല്‍ പത്ത് സ്ഥാനങ്ങളില്‍ എത്തിയത്.
ലോ കോസ്റ്റ് വിമാന സര്‍വീസുകളുടെ കാര്യത്തില്‍ താങ്ങാന്‍ കഴിയുന്ന വിലയില്‍ ഭക്ഷണം, പാനീയം , ലഘുഭക്ഷണം എന്നീ സൗകര്യങ്ങള്‍ വിമാനങ്ങള്‍ക്കുള്ളില്‍ നല്‍കുന്നതാണ് പ്രധാനമായും പരിഗണിച്ചതെന്ന് എയര്‍ലൈന്‍ റേറ്റിംഗ് പറയുന്നു. വൈ ഫൈ സേവനവും ഇതില്‍ ഉള്‍പ്പെടുന്നു. എയര്‍ ഇന്ത്യയ്ക്ക് ആദ്യ ഇരുപത്തിഞ്ചില്‍ എത്താനായില്ല എന്നാല്‍, ചെലവ് കുറഞ്ഞ വിമാനക്കമ്പനികളുടെ വിഭാഗത്തില്‍ ഇന്‍ഡിഗോ പതിനഞ്ചാം സ്ഥാനം കരസ്ഥമാക്കി.