പോറ്റിയുടെ ചെവിയില്‍ മുഖ്യമന്ത്രി മന്ത്രിക്കുന്ന ഫോട്ടോ പ്രചരിച്ചാല്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അടപടലം തോല്‍ക്കും; ആ ചിത്രം ഷെയര്‍ ചെയ്യുന്നത് തടയാന്‍ കേസ്; പിണറായിയും പോറ്റിയും തമ്മിലെ എഐ ഫോട്ടോയും കോണ്‍ഗ്രസ് നേതാവിന്റെ ഫെയ്‌സ് ബുക്ക് വാളില്‍; കലാപശ്രമത്തില്‍ ഇനി ആരെല്ലാം പ്രതികളാകും?
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ച് നില്‍ക്കുന്ന തരത്തിലുള്ള വ്യാജ എഐ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെതിരെ കോഴിക്കോട് ചേവായൂര്‍ പോലീസ് കേസെടുത്തത് സിപിഎം തീരുമാന പ്രകാരം.
എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കുക എന്ന ബോധപൂര്‍വ്വമായ ലക്ഷ്യത്തോടെയാണ് ഈ ചിത്രം പങ്കുവെച്ചതെന്ന് ആരോപിച്ചാണ് നടപടി. ഭാരതീയ ന്യായ സംഹിത (ആചട) സെക്ഷന്‍ 192 (കലാപമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കല്‍), കേരള പോലീസ് ആക്ട് സെക്ഷന്‍ 120 (പൊതുജനശല്യമുണ്ടാക്കുന്ന തരത്തിലുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കല്‍) എന്നീ ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് കേസന്വേഷണം നടക്കുന്നത്.
പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അഗാധമായ ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലുള്ള അടിക്കുറിപ്പോടെയാണ് എന്‍. സുബ്രഹ്‌മണ്യന്‍ ഫെയ്സ്ബുക്കില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്. നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് 'പോറ്റിയേ കേറ്റിയേ' എന്ന പരിഹാസ ഗാനം പ്രചരിച്ചപ്പോള്‍ പോലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയിരുന്നില്ല. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിര്‍മ്മിച്ച ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നത് ഗൗരവകരമായ കുറ്റകൃത്യമായി കാണുന്നതിനാലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
ഇത്തരം വ്യാജ ചിത്രങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും പോലീസ് വിലയിരുത്തുന്നു. ഇതേ ചിത്രം നേരത്തെ യുഡിഎഫ് നേതാവ് അടൂര്‍ പ്രകാശും പ്രചരിപ്പിച്ചിരുന്നതായും അത് എഐ നിര്‍മ്മിതമാണെന്നും ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട എം.വി. ഗോവിന്ദന്‍, കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി വരും ദിവസങ്ങളിലും കര്‍ശനമായ നിരീക്ഷണമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള ശക്തമായ വാക്‌പോരിലേക്ക് നീങ്ങുകയാണ്. അതിനിടെയാണ് ഫോട്ടോയുടേ പേരിലെ കേസ്.
അതീവ സുരക്ഷാ വലയത്തിലുള്ള മുഖ്യമന്ത്രിയുടെ അരികിലെത്തി ഉണ്ണികൃഷ്ണന്‍ പോറ്റി രഹസ്യമായി എന്ത് കാര്യമാണ് സംസാരിച്ചതെന്ന് വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്, സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതിയുമായി മുഖ്യമന്ത്രിക്കുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണിതെന്ന ആരോപണമാണ് ചെന്നിത്തല ഉയര്‍ത്തുന്നത്. അന്വേഷണത്തെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉണ്ണികൃഷ്ണന്‍ പോറ്റിയും കേസിലെ മറ്റൊരു പ്രതിയായ ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ദ്ധനും സോണിയ ഗാന്ധിയുമായി അവരുടെ വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങള്‍ സിപിഎം പുറത്തുവിട്ടിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും എളുപ്പത്തില്‍ ലഭിക്കാത്ത സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചുവെന്ന് അടൂര്‍ പ്രകാശും ആന്റോ ആന്റണിയും വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പോറ്റിയുടെ ചെവിയില്‍ മന്ത്രിക്കുന്ന ചിത്രം കോണ്‍ഗ്രസ് ചര്‍ച്ചയാക്കിയത്.
സ്വര്‍ണ്ണക്കൊള്ളക്കേസിലെ അന്വേഷണം മുന്നോട്ടു പോകുമ്പോഴും, പ്രതികളുമായുള്ള ഫോട്ടോകളെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് കേരളത്തില്‍ കനക്കുകയാണ്. മുഖ്യമന്ത്രി പ്രതിയുടെ ചെവിയില്‍ മന്ത്രിക്കുന്ന തരത്തിലുള്ള ചിത്രം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് വന്‍ തിരിച്ചടിയാകുമെന്ന് ലക്ഷ്യമിട്ടാണ് പ്രതിപക്ഷം ഇത് പ്രചരിപ്പിച്ചതെന്നാണ് സൈബര്‍ സെല്ലിന്റെ വിലയിരുത്തല്‍.
