കാലിഫോര്‍ണിയയെ പിടിച്ചുകുലുക്കി കൊടുങ്കാറ്റും പ്രളയവും; ക്രിസ്മസ് ദിനത്തില്‍ ദുരിതത്തില്‍ വലഞ്ഞ് ജനം; പല കൗണ്ടികളിലും അടിയന്തരാവസ്ഥ

Update: 2025-12-26 04:58 GMT

കാലിഫോര്‍ണിയ: ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കാലിഫോര്‍ണിയയെ പിടിച്ചുലച്ച് അതിശക്തമായ കൊടുങ്കാറ്റും പ്രളയവും. ആര്‍ട്ടിക് ശൈത്യത്തോടൊപ്പം എത്തിയ 'അറ്റ്‌മോസ്ഫെറിക് റിവര്‍' എന്ന പ്രതിഭാസം സംസ്ഥാനത്തുടനീളം കനത്ത നാശനഷ്ടങ്ങളാണ് വരുത്തിവെച്ചിരിക്കുന്നത്. സാന്‍ ഡിയേഗോയില്‍ ശക്തമായ കാറ്റില്‍ മരം വീണ് ഒരാള്‍ മരിച്ചതായും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ലോസ് ആഞ്ചലസ്, വെഞ്ചുറ ഉള്‍പ്പെടെയുള്ള പ്രധാന കൗണ്ടികളില്‍ കനത്ത പ്രളയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. പലയിടങ്ങളിലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായതിനെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഞ്ഞുവീഴ്ചയും മണിക്കൂറില്‍ 70 മൈലിലധികം വേഗതയുള്ള കാറ്റും കാരണം വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു.

മലനിരകളിലെ ഗതാഗതവും പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. സാധാരണയായി ഡിസംബര്‍ മാസത്തില്‍ ലഭിക്കുന്നതിനേക്കാള്‍ അഞ്ചിരട്ടി മഴയാണ് പലയിടങ്ങളിലും ലഭിച്ചത്. പ്രളയസാഹചര്യം കണക്കിലെടുത്ത് ഗവര്‍ണര്‍ വിവിധ കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും മഴയും കാറ്റും തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അടുത്ത നാല് ദിവസങ്ങളില്‍ ലോസ് ഏഞ്ചല്‍സ് കൗണ്ടി, സാന്താ ബാര്‍ബറ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ എട്ട് ഇഞ്ച് വരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. ക്രിസ്മസ് ദിനത്തില്‍ ആയിരക്കമക്കിന് വീടുകളിലാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. കാറുകളില്‍ കുടുങ്ങി പോയവരെ രക്ഷിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

മാലിബു ഉള്‍പ്പെടെയുള്ള തീരദേശ പ്രദേശങ്ങളില്‍ ബുധനാഴ്ച വൈകുന്നേരം വരെ വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു.

Tags:    

Similar News